ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയാണിത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണിത്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്.
പേരിനു പിന്നിൽ
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ വീരേതിഹാസം സൃഷ്ടിച്ച നാടാണ് നെടുമങ്ങാട്. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നത കൊണ്ട് സമൃദ്ധമായ ഇന്നലെകളുള്ള നാട്..
പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.
ഭൂമിശാസ്ത്രം
നെടുമങ്ങാട് 8°36′N 77°00′E / 8.6°N 77.0°E / 8.6; 77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതി ചെയുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ (223 അടി) ഉയരത്തിൽ സ്ഥിതി ചെയുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലുക്ക്, തെക്കു ഭാഗത്ത് നെയ്യാറ്റിൻകര താലുക്ക്, കിഴക്കേ ഭാഗത്ത് തമിഴ്നാട് ചുറ്റപെട്ട് കിടക്കുന്നു.
ഭൂപ്രകൃതി
ഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75 % പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.
അതിരുകൾ
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് വടക്ക് : ആനാട് പഞ്ചാത്ത് തെക്ക് :അരുവിക്കര കരകുളം പഞ്ചായത്തുകൾ
നഗരസഭ വാർഡുകൾ
01. കല്ലുവരമ്പ്, 02. ഇരിഞ്ചയം, 03. കുശർകോട്, 04. ഉളിയൂർ, 05. മണക്കോട്, 06, നെട്ട, 07. നഗരികുന്ന്, 08. കച്ചേരി, 09. ടൌൺ, 10. മൂത്താംകോണം, 11. കൊടിപ്പുറം, 12. കൊല്ലങ്കാവ്13. പുലിപ്പാറ, 14. വാണ്ട, 15. മുഖവൂർ, 16. കൊറളിയോട്, 17. പതിനാറാംകല്ല്, 18. മന്നൂർകോണം, 19. വലിയമല, 20. തറട്ട, 21. ഇടമല, 22. പടവള്ളികോണം, 23. കണ്ണാറംകോട്, 24. പറണ്ടോട്, 25. മഞ്ച, 26. റ്റി. എച്ച്.എസ്വാർഡ്, 27. പേരുമല, 28. മാർക്കറ്റ്, 29. പറമുട്ടം, 30. പത്താംകല്ല്, 31. കൊപ്പം, 32. സന്നഗർ, 33. അരശുപറമ്പ്, 34. പേരയത്തുകോണം, 35. പരിയാരം 36.ചിറക്കാണി, 37. പൂങ്കുമൂട്, 38. ടവർ വാർഡ്, 39. പൂവത്തൂർ
നെടുമങ്ങാടിനടുത്തുള്ള ആകർഷകമായ സ്ഥലങ്ങൾ
- പൊന്മുടി (45 km വിതുര വഴി)
- തമ്പുരാൻ പാറ
- വിതുര ഹിൽ സിറ്റി&ഹിൽ ടൗൺ
- അരുവിക്കര ഡാം
- മീൻമുട്ടി (30 km വിതുര വഴി )
- ഹാപ്പി ലാന്റ് (വാട്ടർ തീം പാർക്ക്) (15 km)
- തിരിച്ചിട്ടപ്പാറ - (3 km)
- പേപ്പാറ വന്യമൃഗസങ്കേതവും പേപ്പാറ ഡാമും - (32 km വിതുര വഴി )
- പാലോട് സസ്യശാസ്ത്രോദ്യാനം - (15 km)
- അഗസ്ത്യകൂടം - (50 km വിതുര വഴി )
- വലിയമല എൽ പി എസ് സി
ആരാധനാലയങ്ങൾ / തീർഥാടന കേന്ദ്രങ്ങൾ
മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, കോയിക്കൽ ശിവക്ഷേത്രം, മുഖവൂ൪ മഹാവിഷ്ണു ക്ഷേത്രം, കരിമ്പിക്കാവ് ശാസ്താക്ഷേത്രം, തിരിച്ചിറ്റൂർ ശിവ വിഷ്ണു ക്ഷേത്രം, കരുപ്പുർ ഭദ്രകാളി ക്ഷേത്രം, കൊട്ടപ്പുറം മഹാദേവ ക്ഷേത്രം, പെങ്ങാട്ടുകോണം ദേവി ക്ഷേത്രം, കൊല്ലങ്കാവ് ശ്രീ ഭൂതത്താൻ ആൽത്തറ,പഴവടിക്ഷേത്രം, ഇണ്ടളയപ്പൻ ക്ഷേത്രം, അർദ്ധനാരീശ്വര ക്ഷേത്രം, പറയര് കാവ്, പഴവടി ഗണപതിക്ഷേത്രം, പറണ്ടോട് ഭഗവതി ക്ഷേത്രം, മണ്ണാറമ്പാറ ക്ഷേത്രം, നെട്ടയിൽ മണക്കോട് ഭദ്രകാളി ക്ഷേത്രം ,ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങൾ. മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവം ഒരേ ദിവസം നെടുമങ്ങാട് ഓട്ടം എന്ന പേരിൽ ആഘോഷിക്കുന്നു
ചരിത്ര വഴികളിലൂടെ
കോയിക്കൽ കൊട്ടാരം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. 1677 നും 1684 നും മദ്ധ്യേ തിരുവിതാംകൂർ ഭരിച്ചിരുന്ന വേണാടു രാജകുടുംബാംഗമായ ഉമയമ്മറാണിക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്, നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയതുമായ നാലുകെട്ടു മാതൃകയിലുള്ള കോയിക്കൽ കൊട്ടാരമെന്ന ഇരുനില കെട്ടിടം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ഫോക് ലോർ മ്യൂസിയവും പൗരാണിക നാണയങ്ങളുടെ മറ്റൊരു മ്യൂസിയവും ഇരുനിലകളിലായി ഇന്നീ കൊട്ടാരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 1992 - ലാണ് മ്യൂസിയം സ്ഥാപിതമായത്.
തിരുവിതാംകൂറിന്റെ മാത്രമല്ല, ലോകത്തിന്റെ ഇതരഭാഗങ്ങളിൽ വിവിധകാലഘട്ടങ്ങളിൽ നിലവിലിരുന്ന ഒട്ടേറെ നാണയങ്ങളുടെ ശേഖരം ഒന്നാം നിലയിലെ നാണയ ദൃശ്യ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി കേരളത്തിനു പണ്ടു കാലത്തുണ്ടായിരുന്ന വ്യാപാരബന്ധങ്ങളുടെ തെളിവുകളാണീ നാണയങ്ങൾ. അതുപോലെ ഒറ്റപ്പുത്തൻ, ഇരട്ടപ്പുത്തൻ, കലിയുഗരായൻ പണം എന്നീ നാണയങ്ങൾ കേരളത്തിൽ പണ്ടു പ്രചാരത്തിലുണ്ടായിരുന്നവയാണ്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 'കാർഷ പണം'മെന്ന പേരിലറിയപ്പെടുന്ന നാണയം ഇന്ത്യയിലാകെ വിനിമയം ചെയ്യപ്പെട്ടിരുന്നവയാണ്. ഗ്വാളിയർ രാജകുടംബത്തിന്റെയും ഹൈദരബാദ് നിസാമിന്റെയും, ടിപ്പുസുൽത്താന്റെയും കാലത്തെ നാണയങ്ങളും ഇവിടെ കാണാവുന്നതാണ്. 10 -ാം നൂറ്റാണ്ടിൽ കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ പ്രചാരത്തിലിരുന്ന ശ്രീകൃഷ്ണരാശിയും, 15 -17 നൂറ്റാണ്ടുകളിൽ തിരുവിതാംകൂറിലുണ്ടായിരുന്ന ആദ്യത്തെ സ്വർണ്ണനാണയമായ അനന്തരായൻ പണവും കൊച്ചിരാജ്യത്തിലെ കൊച്ചിപുത്തനും അതിന്റെ തന്നെ മറ്റൊരു വകഭേദമായ ഇന്തോ-ഡച്ചു പുത്തനും തിരുവിതാകൂറിന്റെ വെള്ളിനാണയമായ ലക്ഷ്മിവരാഹനുംവും നൂറുമുതൽ ഇരുന്നൂറുവരെ രാശികൾ ഒരുമിച്ചെണ്ണാവുന്ന മരത്തിൽ നിർമ്മിച്ച രാശിപലകയും, കമ്മട്ടവും ഇവിടെ സൂക്ഷിക്കപ്പെട്ട അമൂല്യ വസ്തുക്കളാണ്.
374 റോമൻ സ്വർണ്ണനാണയങ്ങളുടെ ശേഖരം മറ്റൊരു അത്ഭുത കാഴ്ചയാണ്. ഈ നാണയങ്ങളിൽ വീനസ്, ഹെർക്കുലീസ്, മാർസ്, കൃഷി- ധാന്യ ദേവതയായ സിയെരിസ്, ജീനിയസ് ദേവത എന്നിവരുടെ ചിത്രങ്ങൾ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടാം നിലയിലെ ഫോക് ലോർ മ്യൂസിയത്തിൽ പഴയകാലത്തെ കൗതുകകരങ്ങളായ മരം, ചെമ്പ്, പിച്ചള എന്നിവയാൽ നിർമ്മിച്ച അടുക്കള സാമാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. താളിയോലകൾ, മരവുരികൾ എന്നിവയ്‌ക്കൊപ്പം മറ്റു ചില അപൂർവ്വ വസ്തുക്കളുമുണ്ടിവിടെ. അതിലൊന്ന് യോഗികൾ ഉപേയാഗിച്ചിരുന്നെന്ന് പറയപ്പെടുന്ന, ബുദ്ധി പരീക്ഷയ്ക്കുള്ള ഒരു സൂത്രപ്പണിയായ ഊരാക്കുടുക്കാണ്. പണ്ടുകാലത്ത് സന്ധ്യാനേരങ്ങളിൽ, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത് കൊളുത്തിവയ്ക്കാറുള്ള ഗജലക്ഷ്മിവിളക്ക് എടുത്തു പറയേണ്ട ഒരു കാഴ്ച വസ്തുവാണ്. നിറം പിടിപ്പിച്ച കടലാസും ഘനം കുറഞ്ഞ മരച്ചീളുകളുമുപയോഗിച്ച് കലാവിരുതോടെ നിർമ്മിച്ച കെട്ടുവിളക്ക് തെക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പണ്ട് ഉത്സവകാലത്ത് തെളിക്കാറുണ്ടായിരുന്നു. ഈ കെട്ടു വിളക്കിനും ഇന്നു സ്ഥാനം ഈ മ്യൂസിയത്തിൽ തന്നെ. എല്ലാറ്റിനുമുപരി ചില തെയ്യങ്ങളുടെ ചെറുമാതൃകകളും ഇവിടെ കാണാം -മുത്തപ്പൻ തെയ്യം, പടയണിക്കോലം, ഓട്ടൻ തുള്ളൽ കലാകാരന്മാരുടെ കിരീടം, ആടകൾ എന്നിവ ആരെയും ആകർഷിക്കുന്നതാണ്. രാമകഥപാട്ടുകാർ അകമ്പടിവാദ്യമായി ഉപയോഗിച്ചിരുന്ന ചന്ദ്രവളയമെന്ന വാദ്യം ഈ മ്യൂസിയത്തിലെ അമൂല്യ വസ്തുക്കളിൽ ഒന്നാണ്.
അമ്മാവൻ പാറ
നെടുമങ്ങാട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ വേങ്കോട് എസ്.യു.ടി ആശുപത്രിക്ക് സമീപമാണ് അമ്മാവൻ പാറ.ഇതിനു മുകളിൽ നിന്ന് നേൊക്കുമ്പേൊൾ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ് ശംഖ്‌മുഖം കടലും കാണാൻ കഴിയുമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അമ്മാവൻ പാറയിൽ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്. പാറയുടെ ഒരു ഭാഗം ഖനനക്കാർ വെടിവച്ച് തകർത്തു ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.
സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ
പൊന്മുടി
61 കിലോമീറ്റർ അകലെയുള്ള ഹിൽ റിസോർട്ട്. സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരമുള്ള പൊന്മുടിയിൽ അരുവികൾ,അപൂർവ സസ്യങ്ങളെന്നിവയുണ്ട്. ട്രെക്കിങ്ങ് സൌകര്യം,മാൻ പാർക്ക്,എന്നിവയ്ക്കു പുറമെ കല്ലാർ അരുവിയും പ്രധാന ആകർഷണം.ചുറ്റിവളഞ്ഞു കയറുന്ന പാതകളും ഹരിതാഭവും തണുപ്പുള്ളതുമായ അന്തരീക്ഷവും കൊണ്ട് ശ്രദ്ധേയമായ പ്രമുഖ ഹിൽ സ്റ്റേഷനാണ് തിരുവനന്തപുരത്തു നിന്ന് അത്ര അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പൊന്മുടി. നിരന്നു നിൽക്കുന്ന വനപുഷ്പങ്ങളും ചിത്രശലഭങ്ങളും കുഞ്ഞരുവികളും നിറഞ്ഞ പൊന്മുടി, മല കയറുന്നതിൽ തൽപരരായവരുടെ പ്രിയ കേന്ദ്രമാണ്. മനോഹരമായ തേയില തോട്ടങ്ങളും മഞ്ഞു പുതച്ച താഴ്‌വാരവുമെല്ലാം ചേർന്ന പൊന്മുടി അതിവേഗം വികസിക്കുകയാണ്. താമസിക്കാൻ കോട്ടേജുകളും ഡോർമിറ്ററിയും മറ്റും ഇവിടെ ലഭ്യമാണ്.
തിരിച്ചിട്ടപ്പാറ
നെടുമങ്ങാട് പട്ടണത്തിൽ നിന്നും 3 കി.മി മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂർ. നെടുമങ്ങാട്- വെമ്പായം റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്സ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. ഈ പാറയ്ക്ക് മുകളിൽ ഒരു ഹനുമാൻ ക്ഷേത്രവും താഴ്വാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്.
ഐതിഹ്യം
രാമ-രാവണ യുദ്ധസമയത്ത് പരിക്കേറ്റ് വീണ ലക്ഷ്മണനെ രക്ഷിക്കാൻ ഹനുമാൻ മരുത്വാമല അന്വേഷിച്ച് പോയി. സംശയം തീർക്കാനായി പല മലകളും എടുത്തുകൊണ്ടുപോയ ഹനുമാൻ ഈ പാറയും കൊണ്ടുപോയത്രെ. ഒടുവിൽ അബദ്ധം മനസ്സിലായ ഹനുമാൻ, ഈ പാറയെ തിരികെ കൊണ്ടുവന്നിട്ടു. അങ്ങനെ തിരികെ കൊണ്ടുവന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടപ്പാറ എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം.
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം.
1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 square kilometres (9.3 sq mi)), കോട്ടൂർ റിസർവിന്റെയും (29 square kilometres (11 sq mi)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടി റോഡിലാണ്. ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 metres (330 ft) മുതൽ 1,717 metres (5,633 ft) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 millimetres (98 in) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്. ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.
ബോണക്കാട്
തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ബോണക്കാട്.വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്.
അരുവിക്കര അണക്കെട്ട്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ അരുവിക്കരയിൽ ആണ് അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.