ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

100 വർഷം പഴക്കമുള്ള ഒരു സ്ഥാപനമാണ് കോട്ടാങ്ങൽ ഗവ. എൽ. പി സ്കൂൾ‍. ചാണകം മെഴുകിയ ഓല ഷെഡിൽ 1920ൽ ആയിരുന്നു ഈ സ്കൂളിൻറെ തുടക്കം. കോട്ടാങ്ങൽ ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും അക്ഷര വെളിച്ചം പകർന്ന സ്ഥാപനമാണ് ഈ സ്കൂൾ‍. മൂന്നു തലമുറയിൽപെട്ടവരാണ് ഇവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തു പോയത്.

100 വർഷങ്ങൾക്ക് മുമ്പ് കോട്ടാങ്ങൽ നിവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന നാട്ടുകാരുടെ കൂട്ടായ ശ്രമത്തിൻറെ ഫലമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. തുണ്ടിയിൽ കല്ലുങ്കൽ പൂടുകര കുടുംബമാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത്. തുണ്ടിയിൽ നസ്രാണി വറീതിൽ നിന്നും 80 സെൻറ് സ്ഥലം കടൂർ നാരായണനാശാൻ, കിഴക്കയിൽ മുസൽമാൻ മൈതീൻ, കുറ്റിപ്രത്ത് നസ്രാണി ജോസഫ്, കൂട്ടുങ്കൽ നസ്രാണി തോമ്മാ, പനന്തോട്ടത്തിൽ നസ്രാണി ചാക്കോ, നെടുമ്പ്രത്ത് കൊട്ടാരത്തിൽ പത്മനാഭ പിള്ള, എന്നിവർ 1097 കുംഭ മാസത്തിൽ 1229-ാം നമ്പർ തീറാധാരമായി വാങ്ങി.

ഓല മേഞ്ഞ് തറ മെഴുകിയ ഒരു കെട്ടിടം നാട്ടുകാരുടെ കഠിന പ്രയത്‌നത്താൽ ഉണ്ടാക്കുകയും അവിടെ പഠിത്തം നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. എല്ലാ വർഷവും കെട്ടിമേയാനുള്ള ഓലയും മെഴുകാനുള്ള ചാണകവും കുട്ടികളാണ് കൊണ്ടുവന്നിരുന്നത്. കുട്ടി ഒന്നിന് 10 ഓല എന്ന ക്രമത്തിൽ എത്തുന്ന ഓലകൾ നാട്ടുകൂട്ടം ക്രമത്തിൽ മേയുമ്പോൾ ചാണകം മെഴുകുന്ന ജോലി നാട്ടിലെ കൗമാരക്കാരികൾ ഏറ്റെടുക്കും.

ഓല മാറി ഓടായെന്നതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ഇപ്പോളും സ്‌കൂളിനില്ല. അടച്ചു പൂട്ടിയ ഓഫീസ് ഇല്ലമായിരുന്നത് കൊണ്ട് സ്കൂൾ‍ റെകോഡുകൾ സൂക്ഷിച്ചിരുന്നത്  ഇരുമ്പ് പെട്ടിയിലായിരുന്നു. താഴെയുള്ള ഒരു വീട്ടിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഒരിക്കൽ ഒരു ജലപ്രളയത്തിൽ ഈ രേഖകൾ അപ്പാടെ വെള്ളം കയറി നശിച്ചുപോയി.

ഗോവിന്ദ പിള്ള സാർ എന്ന ശ്രീ ആർ ഗോവിന്ദ പിള്ളയായിരുന്നു സ്കൂളിൻറെ ഒന്നാമത്തെ അദ്ധ്യാപകൻ.