എസ് എൻ എൽ പി എസ് വെൺമണി/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി
അപ്പൂപ്പൻ താടി
അന്ന് മുത്തശ്ശി പതിവുലും നേരത്തെ ഉണർന്നു. ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും ഇന്നാണ് വിദേശത്തേക്ക് പോകുന്നത്. അവർക്ക് വേണ്ട പലഹാരങ്ങൾ മറ്റും അടക്കി ബാഗിലാക്കണം. ശോഷിച്ച കൈകൾക്ക് ഇത്രയും ദിവസം പുതുജീവൻ വന്നതുപോലെയായിരുന്നു. എന്നാൽ ഇന്ന് ഒന്നിവും വയ്യ. മഞ്ഞിൻ കണങ്ങൾ ഇറ്റുവീണതുപോലെ രണ്ട് തുള്ളി കണ്ണുനീർ മുത്തശ്ശിയുടെ കണ്ണിൽ നിന്നും ഇററുവീണു. അത് ആരും കാണാതെ അവർ തുടച്ചു. പക്ഷേ ഓടിവന്ന ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും അത് കണ്ടു. “മുത്തശ്ശി കരയ്യാണോ? ഞങ്ങൾ ഇനിയും വരൂല്ലേ” അമ്മു പറഞ്ഞു. കൊഞ്ചി ചിണുങ്ങുന്ന അമ്മുക്കുട്ടിയെ തന്നോട് ചേർത്ത് നിർത്തി മുത്തശ്ശി പറഞ്ഞു. “ഇനി നിങ്ങൾ വരുമ്പോ ഞാൻ ഞാൻ കാണുമോ എന്ന് ആർക്കറിയാം”… “അമ്മയെ ഞങ്ങൾ അങ്ങനെയൊന്നും വിടില്ല”. ചായകുടിക്കുന്നതിനിടയിൽ ഹരി പറഞ്ഞു. “ഗൾഫിലെ ജോലിയൊക്കെ നിർത്തി ഇങ്ങോട്ട് പോന്നാലോ എന്നാലോചിക്കുവാ. എത്ര വർഷം അലഞ്ഞു. ഒന്നും സമ്പാദിക്കാനും കഴിഞ്ഞില്ല”. രേഖ പറഞ്ഞു. “ശരിയാ നമുക്കിനി ഇങ്ങോട്ട് പോരാം. അവിടെ നിന്നിട്ട് ഒരു പ്രയോജനവുമില്ല. കൊറോണയുടെ പിടിയിലായി ഇപ്പോൾ ഗൾഫ് നാടുകൾ”. “കിരീടം വച്ച രാജാക്കന്മാർ ഈ രോഗത്തിന്റെ മുമ്പിൽ പരാജയപ്പെട്ടപ്പോൾ കിരീടവുമായി കൊറോണ സിംഹാസനത്തിലിരുന്നു ഭരിക്കുന്നു”. ഹരി കൂട്ടിച്ചേർത്തു. “ഇനി വരുമ്പോ മുത്തശ്ശിയുടെ കൂടെ അടിച്ച് പൊളിക്കണം”. പാടത്തെ മീൻ പിടിച്ചതും പുഴയിൽ കുളിക്കാൻ പോയതും ഊഞ്ഞാലാടിയതും പാടത്തും തൊടിയുലുമെല്ലാം ഓടിക്കളിച്ചതുമെല്ലാം ‘ഹെ’ എന്തു രസം. അവർ ആഹ്ലാദതിമിർപ്പിലാണ്. ശരിയാ ഒത്തിരി നാളുകൂടിയാ അമ്മയുടെ കൂടെ ഇത്രയും ദിവസം. ഒരുപാട് കാര്യങ്ങൾ, അമ്മയുടെ നൊമ്പരങ്ങൾ, അടങ്ങാത്ത സ്നേഹം, വാത്സല്യം ഇവ ഒന്നിച്ച് അനുഭവിച്ചു. രേഖ ഓർത്തു. അച്ഛനില്ലാത്ത നൊമ്പരം അറിയിക്കാതെ വളർത്തി ജോലികിട്ടിയപ്പോൾ അമ്മയെ മറന്നുവെന്ന് തോന്നിയോ? അറിയില്ല. ഈ സ്നേഹം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ? ദിവസങ്ങൾ പോയതറിഞ്ഞില്ല. “നമുക്ക് പോകണ്ടേ?” ശബ്ദം കേട്ട് ഹരി ചിന്തയിൽ നിന്നുണർന്നു. “കൊറോണ വന്നാൽ ഇനിയും ഞങ്ങൾക്ക് മുത്തശ്ശിയെ കാണാല്ലോ?” കുട്ടികളുടെ നിഷ്കളങ്കമുഖത്തേയ്ക്ക് മുത്തശ്ശി നോക്കി. “വേണ്ട കൊറോണയൊന്നും വരണ്ട നമുക്ക് അടുത്ത വർഷം നാട്ടിലേക്ക് തീർത്തും പോരാം. ഇവിടുത്തെ സ്കൂളിൽ നിങ്ങളെ ചേർത്ത് മുത്തശ്ശിയുടെ കൂടെ നമുക്ക് കൂടാം”. ‘ഹായ്’.. കുട്ടികൾ തുള്ളിച്ചാടി. ഉണങ്ങിവരണ്ട ഭൂമിയിൽ പെരുമഴകിട്ടിയതുപോലെയായിരുന്നു മുത്തശ്ശിയുടെ മനസ്സ്.
കുളികഴിഞ്ഞ് സാധനങ്ങളുമായി അവർ വണ്ടിയിൽ കയറി. എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു. “ഇനി നമുക്ക് അടുത്ത വർഷം കാണാം മുത്തശ്ശീ. അപ്പോ എനിക്കാ അണ്ണാറക്കണ്ണനെ പിടിച്ചു തരണം”. ഉണ്ണിക്കുട്ടൻ പറഞ്ഞു. “തരാട്ടോ” ഗദ്ഗദത്തോടെ മുത്തശ്ശി പറഞ്ഞു. “എന്നാ ശരിയമ്മേ”. സ്നേഹചുംബനങ്ങൾ കൈമാറി അവരുടെ വണ്ടി പാടത്തിൻ നടുവിലത്തെ റോഡിലൂടെ പോകുമ്പോൾ ദൂരെ പാറി നടക്കുന്ന ഒരു അപ്പൂപ്പൻ താടി പോലെ ഭാരമില്ലാത്തതായി തോന്നി മുത്തശ്ശിക്ക്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ