എ.എൽ.പി.എസ്. പുലാപ്പറ്റ വെസ്റ്റ്/വിദ്യാലയം പ്രതിഭകളോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

നാടിന്റെ സൗഭാഗ്യമായ പ്രതിഭകളെ ആദരിക്കുന്ന പരിപാടിക്ക് ശിശുദിനത്തിൽ പുലാപ്പറ്റ വെസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ തുടക്കം കുറിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും, ദീർഘകാലം പുലാപ്പറ്റ എം.എൻ.കെ.എം. ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച് ഇപ്പോൾ പ്രമോഷനായി എറണാകുളം കുട്ടമ്പുഴ ഹൈസ്കൂൾ പ്രധാനാദ്ധ്യാപികയായി നിയമിതയായ ശ്രീമതി അംബുജാക്ഷി ടീച്ചർ തികച്ചും അപ്രതീക്ഷിതമായി അമ്പതോളം ബാലസാഹിത്യകൃതികളുമായി എത്തിച്ചേർന്നു. പ്രധാനാദ്ധ്യാപികയുടെ ചുമതലയുള്ള ജ്യോതി ടീച്ചർ ശിശുദിനത്തെക്കുറിച്ചും ചാച്ചാജിയെക്കുറിച്ചും വിശദീകരിച്ചു. ജ്യോതി ടീച്ചറും നാലാം ക്ലാസിലെ കുട്ടികളും ചേർന്ന് സ്ക്കൂൾ ലൈബ്രറിയിലേക്കായി നൽകിയ പുസ്തകങ്ങൾ ഏറ്റു വാങ്ങി. ഒന്നാം ക്ലാസ്സിലെ അമേയ സ്വന്തമായി ഉണ്ടാക്കിക്കൊണ്ടു വന്ന പൂച്ചെണ്ടു നൽകി അംബുജാക്ഷി ടീച്ചറെ ആദരിച്ചു. അക്ഷരാർത്ഥത്തിൽ വിദ്യാലയത്തിൽ അതിഥിയായെത്തിയ പ്രതിഭ തന്നെയാണ് ടീച്ചർ. ടീച്ചറുടെ ഈ സദ്പ്രവൃത്തി അഭിനന്ദനാർഹം തന്നെ. അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സന്തുഷ്ടരായിരുന്നു.

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നേരത്തെ അനുവാദം ചോദിച്ചു വാങ്ങി ആദരിക്കാനായി നിശ്ചയിച്ചുറപ്പിച്ച പ്രതിഭയാണ് ഓട്ടൻ തുള്ളലിലെ അനുഗൃഹീത കലാകാരനായ കലാമണ്ഡലം വിഷ്ണു. അസംബ്ലിക്കു ശേഷം സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും ശ്രീ വിഷ്ണുവിനെ ആദരിക്കുവാനായി കുളക്കാട്ടുകുറുശ്ശിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചേർന്നു. വിദ്യാലയപരിസരത്തു നിന്നും വീടുകളിൽ നിന്നും ശേഖരിച്ച പൂക്കൾ കൊണ്ടു നിർമ്മിച്ച മനോഹരങ്ങളായ പൂച്ചെണ്ടുകൾ കുട്ടികൾ അവരുടെ വിഷ്ണുവേട്ടനു നൽകി. ജ്യോതി ടീച്ചർ എല്ലാവരെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. അതിനുശേഷം ശ്രീ വിഷ്ണുവിനെ പൊന്നാടയണിയിച്ച് ഉപഹാരവും നൽകി.

തുള്ളലിലെ മൂന്ന് വിഭാഗങ്ങളായ ഓട്ടൻ, പറയൻ, ശീതങ്കൻ; തുള്ളലിന്റെ വേഷവിധാനം, മുദ്രകൾ, താളങ്ങൾ, നവരസങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വളരെ രസകരമായി ലാളിത്യത്തോടെ പറഞ്ഞു തന്നു. നാലാം ക്ലാസിലെ "ഊണിന്റെ മേളം" എന്ന കവിത പാടി അഭിനയിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനായ പ്രണവിന്റെ ഓട്ടൻ തുള്ളൽ അവതരണവും കുട്ടികളെ ഹഠാദാകർഷിച്ചു. അദ്ദേഹത്തെ ഈ നിലയിലെത്താൻ സഹായിച്ച ഗുരുനാഥൻമാരെക്കുറിച്ചും സൂചിപ്പിച്ചു. ആദ്യാക്ഷരം പഠിപ്പിച്ച ഗുരുനാഥയായ ശ്രീമതി സതി ടീച്ചറും, തുള്ളൽ എന്ന മഹനീയ കലയിലേക്ക് പിച്ചവെയ്ക്കാൻ പ്രചോദനമേകിയ ശ്രീമതി ഉഷടീച്ചറും വേദിയിൽ സന്നിഹിതരായിരുന്നു. ആ ഗുരുശിഷ്യ ബന്ധവും വാത്സല്യവും ശ്ലാഘനീയം തന്നെ. കലാമണ്ഡലം ഗീതാനന്ദൻ, ഗോപിനാഥപ്രഭ, കലാമണ്ഡലം പരമേശ്വരൻ തുടങ്ങിയ ഗുരുവര്യന്മാരുടെയെല്ലാം പ്രിയ ശിഷ്യനാണ് ഇദ്ദേഹം. വിഷ്ണുവിന്റെ അച്ഛൻ ശ്രീ ഉണ്ണി കൃഷ്ണനും അമ്മ ശ്രീമതി ഭാഗ്യവതിയും സഹോദരി ശ്രീലക്ഷ്മിയും, മുത്തശ്ശിയും ആദ്യവസാനം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആദ്യമായി കളിപ്പാട്ടം വാങ്ങിക്കൊടുത്തത് മുത്തശ്ശിയായിരുന്നത്രേ! അതും ഒരു കുഴിത്താളം! ഗുരുവായൂരിൽ നിന്നും വാങ്ങിയ ആ കുഴിത്താളം അദ്ദേഹം വളരെ നന്ദിപൂർവം ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

ശ്രീ വിഷ്ണു നാലാം ക്ലാസ് വരെ കുളക്കാട്ടുകുറുശ്ശി എ.എൽ. പി.സ്ക്കൂളിലും, പിന്നീട് ഏഴാം ക്ലാസ് വരെ കടമ്പഴിപ്പുറം ജി.യു.പി. സ്ക്കൂളിലും, ഏഴു മുതൽ പത്തുവരെ കേരള കലാമണ്ഡലത്തിലും പഠിച്ച് പ്ലസ്ടുവിന് ശ്രീകൃഷ്ണപുരം ഹയർസെക്കന്ററി സ്കൂളിൽ ചേർന്നു. ഈ സമയത്ത് സംസ്ഥാന കലോത്സവത്തിൽ ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനം നേടി. പിന്നീട് നാലു വർഷം പാലക്കാട് ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്നു. രണ്ട് വർഷം തൃശൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തുവെങ്കിലും ഇപ്പോൾ ജോലി രാജിവെച്ച് വീണ്ടും കേരള കലാമണ്ഡലത്തിൽ ഓട്ടൻ തുള്ളലിൽ രണ്ടാം വർഷ പി.ജി. വിദ്യാർത്ഥിയാണ്.

കേരളത്തിന്റെ അഭിമാനകലകളായ കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവയുടെ പ്രചരണവും, ആസ്വാദകസമൂഹസൃഷ്ടിയും ജനകീയവൽക്കരണവും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കേരള സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ്. ആയിരം കലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പിൽ ഉൾപ്പെട്ട കലാകാരനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും ഇതിനോടകം തുള്ളലിലുള്ള തന്റെ പ്രാവീണ്യം അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. മാത്രമല്ല, കഴിഞ്ഞ വർഷം തൃശൂർ പൂരത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ പരിപാടികൾ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ഓട്ടൻ തുള്ളലോടു കൂടിയായിരുന്നു.

കുടുംബ മഹിമയോ കലാപാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന് പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന കേവലം 25 വയസ്സു മാത്രം പ്രായമായ ഈ യുവപ്രതിഭയ്ക്ക് ഇനിയും കലയുടെ ഔന്നത്യങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട്, പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങൾ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലായി.

അവികലമായ ശ്രദ്ധയും, അതീവതാല്പര്യവും അർപ്പണബോധവും ഉണ്ടെങ്കിൽ എല്ലാവർക്കും ഉന്നതങ്ങളിലെത്താമെന്നും, നമ്മുടെ സേവനം നാടിന്റെ ഉന്നമനത്തിനുവേണ്ടി പ്രയോജനപ്പെടുത്താമെന്നുമാണ് അദ്ദേഹം നൽകിയ സന്ദേശം.

വിഷ്ണുവിനും കുടുംബാംഗങ്ങൾക്കും മുരളീകൃഷ്ണൻ മാസ്റ്റർ കൃതജ്ഞത രേഖപ്പടുത്തി. മടക്കയാത്രക്ക് മുമ്പ് അദ്ദേഹത്തിന്റെ കുടുംബം എല്ലാവർക്കും പാലടപ്രഥമൻ നൽകി. മധുരതരമായ അനുഭവങ്ങളും കാഴ്ചകളും മനസ്സിൽ നിറച്ച് കൃതാർത്ഥരായി ഞങ്ങൾ മടങ്ങി.

അങ്ങിനെ ഈ ശിശുദിനത്തിൽ ആദ്യം പ്രതിഭാധനയായ ഒരു അദ്ധ്യാപിക, അറിവിന്റെ നിറകുടവുമായി വന്ന് ഞങ്ങളുടെ അതിഥിയായി ആദരവ് ഏറ്റുവാങ്ങി. പിന്നീട് വിദ്യാർത്ഥിയായ യുവപ്രതിഭ ഞങ്ങളെ സ്നേഹപൂർവം അതിഥികളായി സ്വീകരിക്കുകയും, സൽക്കരിക്കുകയും ചെയ്ത് ഞങ്ങളുടെ സ്നേഹാദരങ്ങൾക്ക് പാത്രീഭൂതനായി.