എ.എം.യു.പി.എസ്.കുന്നപ്പള്ളി/ചരിത്രം
ശതാബ്ദിയിലേക്കടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ പൂർവകാല ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കുകയാണ് ഇവിടെ. ഗ്രാമഹൃദയങ്ങളിൽ സ്ഥാപിതമായ ഈ വിദ്യാ ദീപം നിരവധി കുരുന്നുകൾക്ക് വെളിച്ചം നൽകി. അജ്ഞതയാകുന്ന ഇരുട്ടകറ്റി അറിവിന്റെ വെള്ളി വെളിച്ചം വിതറിക്കൊണ്ട് അത് ഇന്നും തന്റെ ധർമ്മം നിറവേറ്റിക്കൊണ്ടിരിക്കുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്കായി പരിശ്രമിച്ച പൂർവ്വസൂരികളെ നമുക്കീ സന്ദർഭത്തിൽ ആദരവോടെ സ്മരിക്കാം.
1922ൽ ചാത്തല്ലൂർ കുഞ്ഞലവി ഹാജിയുടെയും തോട്ടത്തിൽ അനന്തനെഴുത്തച്ഛന്റെയും പരിശ്രമഫലമായി പ്രവർത്തനമാരംഭിച്ചതാണ് ഈ വിദ്യാലയം. പലപല കൈമാറ്റങ്ങൾക്കു ശേഷം 1948ൽ പരേതനായ ശ്രീ. കെ.പി. മുഹമ്മദിന്റെ മാനേജ്മെന്റിലായിത്തീർന്നു. അധികം താമസിയാതെ പ്രസ്തുത മാനേജ്മെന്റ് പരേത നായ ജനാബ് എം.കെ. അലവിക്കുട്ടി സാഹിബിന്റെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ കേവലം മൂന്ന് അധ്യാപകരോടുകൂടി 1950 ജനുവരി 1ന് മാനേജ്മെന്റ് പരേതനായ ശ്രീ. പി.എം. പത്മനാഭപണിക്കർ ഏറ്റെടുത്തതോടെ വിദ്യാലയം അതിന്റെ പുരോഗതിയി ലേക്കുള്ള യാത്രയാരംഭിച്ചെന്നു പറയാം. തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി വി.പി. ലക്ഷ്മിക്കുട്ടിയമ്മ സ്കൂൾ മാനേജരായി. 2001ൽ മാനേജ്മെന്റ് ശ്രീ. വാരിയത്തൊടി മുഹമ്മദ് ഹാജിക്ക് കൈമാറി.
1953ൽ ഇത് ഒരു യു.പി. സ്കൂൾ ആയി ഉയർന്നു. പരേതനായ പി.വി. രാഘവൻ വാര്യർ മാസ്റ്ററായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. അദ്ദേഹം ഏകദേശം 10 വർഷം ആ സ്ഥാനത്ത് തുടർന്നു.
1958-ൽ എൽ.ഡി. സ്കീം പ്രകാരം പ്രധാനകെട്ടിടം നിർമ്മിക്കാൻ സാധിച്ചു. 1960 ൽ സ്ഥിരമായ അംഗീകാരം നേടിയെടുത്തു. 1962 ൽ എൽ.ഡി സ്കീം പ്രകാരം തന്നെ കിണറും സമ്പാദിക്കാൻ കഴിഞ്ഞു. 1963ൽ ശ്രീ. എൻ.പി. രാഘവപിഷരോടി മാസ്റ്റർ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു. 1970വരെ കുട്ടികളുടെ എണ്ണത്തിലും പഠന നിലവാരത്തിലും ഉണ്ടായ പുരോഗതിയല്ലാതെ കാര്യമായ മറ്റു പുരോഗതികളൊന്നും എടുത്ത കാണിക്കാനില്ല.
1970 കാലം. സ്ഥലസൗകര്യമില്ലാതിരുന്നതി നാൽ ഉള്ള ക്ലാസുമുറികളിൽ കുട്ടികൾ വീർപ്പുമുട്ടിക്കഴിയുകയായിരുന്നു. അന്ന് ഹെഡ്മാസ്റ്ററായിരുന്ന ഷാരോടി മാസ്റ്റർ സന്ദർഭത്തിനൊത്ത് ഉയരുകയും ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമങ്ങളെയോ ബുദ്ധിമുട്ടുകളെയോ ഒട്ടും വകവയ്ക്കാതെ മാനേജ്മെന്റിനെ സഹകരി പ്പിച്ചുകൊണ്ട് കഠിനാധ്വാനം ചെയ്യുകയും ഉണ്ടായി. അതിന്റെ ഫലമായി ആ വർഷംതന്നെ പുതിയ ക്ലാസ്മറികൾ ഉണ്ടാക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ മഹത്തായ സേവനം ഞങ്ങൾ അനുസ്മരിക്കുകയും അഭിനന്ദത്തിന്റെ പൂച്ചെണ്ടുകൾ സമർപ്പിക്ക കയും ചെയ്യുന്നു. 1977ൽ അദ്ദേഹം വിരമിച്ചു.
അതിനുശേഷം 1 വർഷത്തോളം ശ്രീ രാവുണ്ണി എഴുത്തച്ഛൻ മാസ്റ്ററും 5 വർഷത്തോളം ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്ററും ഹെഡ്മാ സ്റ്റർമാരായി പ്രശസ്തസേവനം അനുഷ്ഠിച്ചു. 1989 ഏപ്രിൽ മുതൽ മുൻ ഹെഡ്മാസ്റ്റർമാരുടെ ശിഷ്യഗണങ്ങളിൽപ്പെട്ടയാളും ഈ വിദ്യാലയ ത്തിന്റെ തന്നെ സന്തതികളിൽപ്പെട്ടയാളുമായ എം. മുഹമ്മദ് ഇസാഖ് ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. 1997 ജനുവരി 11 മുതൽ കെ. അജയ കുമാർ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുവരുന്നു. നമ്മുടെ വിദ്യാലയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമന ഷ്ഠിച്ചത് ശ്രീ. അജയൻ മാസ്റ്ററാണ്. ലക്ഷ്യ ബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ച് അദ്ദേഹം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. പ്രീ-പ്രൈമറി വിദ്യാഭ്യാസം, കമ്പ്യൂട്ടർ പഠനം തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനകാലത്തെ പുരോഗതികളിൽ ചിലതുമാത്രമാണ്. സ്കോളർഷിപ്പ് പരീക്ഷകൾ, മേളകൾ തുടങ്ങിയവയിൽ ധാരാളം പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. മറ്റു പല വിദ്യാലയങ്ങളിലും കുട്ടികൾ കുറഞ്ഞുവന്നപ്പോൾ നമ്മുടെ വിദ്യാലയത്തെ ഈ പ്രശ്നം കാര്യമായി ബാധിച്ചില്ല. ഇതിനു കാരണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ്. 2011-12 അധ്യയനവർഷത്തിൽ പെരിന്തൽമണ്ണ സബ്ജില്ല യിലെ മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാലയം ഇന്ന്
17 ഡിവിഷനുകളിലായി 294 ആൺകുട്ടി കളും 282 പെൺകുട്ടികളുമടക്കം 576 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ, പി.ഡി. ടീച്ചർമാർ-16, ഹിന്ദി, ഉറുദു, സംസ്കൃതം എന്നിവയ്ക്ക് അധ്യാപകർ, അറബിക്-2, ഓഫീസ് അറ്റന്റന്റ് -1 എന്നിങ്ങനെ23 പേർ ഇവിടെ ജോലിചെയ്യുന്നു. കുന്നപ്പള്ളി എ.എം.എൽ.പി. സ്കൂളിനെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് പഠന പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും നൽകുന്നതിന് ഒരു സൊസൈറ്റി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ ഉപകരിക്കുന്ന സഞ്ചയികാ പദ്ധതി 1979 മുതൽ ഈ വിദ്യാലയത്തിൽ തുടർന്നുവരുന്നു. 2003-04 അധ്യയനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് സ്വന്തമായി ഒരു വാഹനമുണ്ട്. ചുരുങ്ങിയ ചെലവിൽ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ഇത് പ്രയോജനപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ പഠിക്കുന്നതിനായി പ്രത്യേക ക്ലാസ്സ് റൂമും കമ്പ്യൂട്ടറുകളും ഈ വിദ്യാലയത്തിലുണ്ട്.
സ്കൗട്ട് & ഗൈഡിന്റെ ഓരോ യൂണിറ്റു കൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പെൺകുട്ടി കൾക്ക് സൈക്ലിംഗ് പരിശീലനവും നടത്തുന്നുണ്ട്.കലാ-കായിക രംഗങ്ങളിലും ശാസ്ത്ര പ്രദർശനമത്സരങ്ങളിലും മറ്റെല്ലാ രംഗങ്ങളിലും ഈ വിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ധാരാളം സമ്മാനങ്ങൾ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. സ്കൂളിലെ എല്ലാ രംഗങ്ങളിലും സജീവ മായി പ്രവർത്തിച്ചിരുന്ന സഫിയ ടീച്ചറുടെയും, സന്തോഷ് മാസ്റ്ററുടെയും അകാല വിയോഗം അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു.
മാനേജ്മെന്റും, രക്ഷിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും ഈ വിദ്യാലയ ത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഒരു നല്ല പി.ടി.എ. കമ്മിറ്റി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ മാസവും അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുകയും സ്കൂളിലെ ദൈനംദിന കാര്യങ്ങൾ ചർച്ചചെയ്യുകയും പ്രശ്ന ങ്ങളും പോരായ്മകളും പരിഹരിക്കുന്നതിനുവേ ണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. കളത്തിലക്കര സഹൃദയ ക്ലബ്ബിന്റെ സഹകരണത്തോടെ സ്കൂൾ വായനാമൂലയിലേക്ക് ദിനപത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാല ത്തിനൊപ്പം മുന്നേറാൻ ഞങ്ങളും കഠിനമായി പരിശ്രമിക്കുകയാണ്. അതിനായി പല പദ്ധതികളും ഞങ്ങൾക്ക് ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ഭൗതിക സാഹചര്യങ്ങൾ കുറേയൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും പലകാര്യങ്ങളിലും മാറ്റം ആവശ്യമാണ്. എല്ലാ ക്ലാസ്മറികളിലും വൈദ്യുതീകരണം, സ്മാർട്ട് ക്ലാസ്മുറികൾ, കളിസ്ഥലം, ലൈബ്രറി റൂം, ലബോറട്ടറി തുടങ്ങിയ ഞങ്ങളുടെ സ്വപ്നങ്ങളാണ്. കമ്പ്യൂട്ടർ പഠനം കൂടുതൽ സുഗമമാക്കുന്നതിനായി ഇനിയും കമ്പ്യൂട്ടറുകൾ നമുക്ക് ആവശ്യമാണ്. സമീപഭാവിയിൽ തന്നെ ഈ സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിക്കാൻ കഴിയും.
ഒരു നാടിന്റെ ചൈതന്യമായിത്തീരുവാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു കഴിയും. കുന്നപ്പള്ളിയെ ചൈതന്യപൂരിതമാക്കുവാൻ കഴിഞ്ഞ എ.എം.യു.പി. സ്കൂൾ നാടിന്റെ അഭിമാനമാണ്.