അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം
'അഞ്ചരക്കണ്ടി'എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമം ആണ് അഞ്ചരക്കണ്ടി. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയാണ് ഈ പ്രദേശം. അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പുഴയോടൊപ്പം തന്നെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാർ ഓഫീസ്, ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം എന്നിവ മൂലം അഞ്ചരക്കണ്ടി പ്രസിദ്ധമാണ്.
ചരിത്രം
മൈസൂർ രാജാവായിരുന്ന ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ, കോലത്തിനാട് വാണിരുന്ന വടക്കിളംകൂർ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാർക്ക് രക്ഷ നൽകുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നൽകാം എന്ന് ഏറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകാതെ വന്നപ്പോൾ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാർ ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകി. 1799-ൽ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവർ അഞ്ചു കണ്ടികൾ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയിൽ സാധനങ്ങൾ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാർ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തിൽ പിൽക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി.
അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടവും, നാടിൻറെ നാൾവഴികളും
വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തും ഏഷ്യയിൽ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്ന കറപ്പത്തോട്ടം(കറുവാപ്പട്ട-സിനമൺ) അഞ്ചരക്കണ്ടിക്ക് അഖിലലോകപ്രശസ്തി നേടിക്കൊടുത്തു. രണ്ടത്തറ സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കറപ്പത്തോട്ടം വിദേശീയർ നട്ടുണ്ടാക്കിയ ഇന്ത്യയിലെ തോട്ടങ്ങളിൽ ഏറ്റവും പ്രമുഖമാണ്. വിദേശ ഉടമയിലുള്ള കേരളത്തിലെ ആദ്യത്തെ തോട്ടവും ഇതുതന്നെെയാണ്.
കേരളത്തിൽ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. അഞ്ചരക്കണ്ടി സായ്പൻമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രൌൺ സായ്പന്മാരുടെ കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളിൽ പോലും നല്ല മാർക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്.
1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ൽ സമീപപ്രദേശമായ കതിരൂരിൽവച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ൽ ഫ്രഞ്ചു സർവീസിൽ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന മഡോക്ക് ബ്രൌൺ ഈ തോട്ടത്തിന്റെ ഓവർസിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്ന് 90 വർഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌൺ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിൻമുറക്കാർ ഏറ്റെടുക്കുകയും ബ്രൌൺ’സ് സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ
സാംസ്കാരികമണ്ഡലത്തിൽ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങൾ വരുത്തിയത് ബ്രൌൺ കുടുംബമാണ്.
അഞ്ചരക്കണ്ടിയിലെ ഭൂമി സർവേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ സബ്രജിസ്ട്രാർ ഓഫീസ് അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘത്തിൽ 1914 ഫെബ്രുവരി 2-ന് റോബർട്ട് എഡ്വേർഡ് ബ്രൌൺ ആദ്യ അംഗമായി സ്ഥാപിതമായി.

ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ബ്രൌൺ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയിൽ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌൺ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാർ അവരുടെ ആവശ്യങ്ങൾക്കായി നിർമ്മിച്ച ചക്കരക്കൽ-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട് എന്നീ റോഡുകൾ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തിൽ വികസനനാഴികക്കല്ലുകളാണ്. 1943-ൽ ബ്രൌൺ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാർഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ൽ ക്രെയ്ഗ് ജോൺസ് എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി.
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്
പഴയ ചിറക്കൽ താലൂക്കിൽപെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ട് രൂപവൽക്കരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി പഞ്ചായത്ത്. ഉയർന്നു പരന്ന കുന്നിൻപ്രദേശങ്ങളും, ചെരിവുകളും, ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും, വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി.
അഞ്ചരക്കണ്ടിയിൽ 1942-ൽ മുഴപ്പാല ഗ്രന്ഥാലയം എന്ന പേരിൽ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിതമായി. ഭൂമിശാസ്ത്രപരമായി അഞ്ചരക്കണ്ടി പഞ്ചായത്തിലല്ലെങ്കിലും അഞ്ചരക്കണ്ടിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും നാന്ദികുറിച്ചത് നാലാംപീടികയിലുള്ള ശ്രീനാരായണജ്ഞാനപ്രദായനി വായനശാലയിൽ നിന്നാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പ്രഥമ ഭരണസമിതിയോഗം 5.11.1955-ന് ചേർന്നത് ഇവിടെ വച്ചാണ്. 1957 ജൂൺ 12-ാം തീയതി അഞ്ചരക്കണ്ടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചതും ഈ വായനശാലയിലാണ്. അന്നു ഇന്നും ഈ വായനശാലയുടെ പ്രധാന പ്രവർത്തകർ അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവരാണ്.
1950-ൽ മാമ്പദേശത്ത് വെലങ്ങേരി വീട്ടിൽ വി.എ.അമ്പുവിന്റെ നേതൃത്വത്തിൽ, കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പ്രമുഖനേതാക്കൾ പങ്കെടുത്ത കർഷകസമ്മേളനം നടന്നിട്ടുണ്ട്. ഈ സമ്മേളനങ്ങൾ കർഷക-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും വളർച്ചയിലും നിർണായ പങ്കു വഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രധാന കുടിൽ വ്യവസായമായിരുന്നു, അവിൽ ഉത്പാദനം. കണ്ണൂരിലെ കൈത്തറി വ്യവസായ കേന്ദ്രങ്ങളിൽ പ്രധാന സ്ഥാനം അഞ്ചരക്കണ്ടിക്കുണ്ടായിരുന്നു. സാർവ്വത്രിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് അഞ്ചരക്കണ്ടിയിലെ ആദ്യത്തെ വിദ്യാലയം പാളയത്ത് അഞ്ചരക്കണ്ടി എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ടു.
ജനസംഖ്യയും അനുബന്ധവിവരങ്ങളും
2011 ലെ സെൻസസ് പ്രകാരം അഞ്ചരക്കണ്ടിയിൽ 23,030 ആണ് ജനസംഖ്യ, അതിൽ 10,646 (46.2%) പുരുഷന്മാരും 12,384 (53.8%) സ്ത്രീകളും ഉൾപ്പെടുന്നു. അഞ്ചരക്കണ്ടി സെൻസസ് ടൗൺ 15.45 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു, അതിൽ 5,245 കുടുംബങ്ങൾ താമസിക്കുന്നു. സ്ത്രീ പുരുഷ അനുപാതം സംസ്ഥാന ശരാശരിയായ 1,084 നേക്കാൾ 1,163 കൂടുതലാണ്. അഞ്ചരക്കണ്ടിയിലെ ജനസംഖ്യയുടെ 10.3% 6 വയസ്സിൽ താഴെയുള്ളവരാണ്. അഞ്ചരക്കണ്ടിയുടെ മൊത്തത്തിലുള്ള സാക്ഷരത സംസ്ഥാന ശരാശരിയായ 94% നേക്കാൾ 97.3% കൂടുതലാണ്. പുരുഷ സാക്ഷരത 98.5% ആണ്, സ്ത്രീ സാക്ഷരത 96.3% ആണ്.
അഞ്ചരക്കണ്ടിപ്പുഴ
അങ്ങ് വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ 48 കിമീ ഒഴുകി ഒടുവിൽ അറബിക്കടലിൽ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
അരീക്കൽ വെള്ളച്ചാട്ടം

അഞ്ചരക്കണ്ടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം. അഞ്ചരക്കണ്ടി ചാലോട് റോഡിൽ ആലക്കൽ എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം ഉള്ളത്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിലേക്കുള്ള പാത ഒരു നവ്യാനുഭവമാണ് സന്ദർശകർക്ക് നൽകുക. മഴക്കാലങ്ങളിൽ പ്രദേശവാസികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായ ഈ വെള്ളച്ചാട്ടത്തിന് പ്രവേശന ഫീസോ പ്രത്യേക സന്ദർശന സമയമോ ഇല്ല.
അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്
ബ്രിട്ടീഷ് ബംഗ്ലാവ് കണ്ണൂർ അഞ്ചരക്കണ്ടി പാളയം-തട്ടാരിപ്പാലം റോഡിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കറപ്പകൃഷി, സംഭരണം, മറ്റ് ഭരണകാര്യങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ബംഗ്ലാവ് പണികഴിപ്പിക്കപ്പെട്ടത്. ആ കാലത്ത് പ്രൗഢിയോടെ നിലകൊണ്ട ഈ കെട്ടിടം വിവിധ കാലഘട്ടങ്ങളിൽ നവീകരണത്തിന് വിധേയമായിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം പ്രാധാന്യം നഷ്ടപെട്ട ഈ കെട്ടിടം ഇന്ന് തകർച്ചയുടെ വക്കിലാണ്. എന്നിരുന്നാലും ചരിത്രാന്വേഷികൾക്ക് ഇന്നും ഈ ബംഗ്ലാവ് ഒരു പഠനവിഷയമാണ്.
മാമ്പ വിളയാരോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം

ഏകദേശം 800 വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. പണ്ട് കാലത്തെ ബ്രാഹ്മണ ഇല്ലങ്ങൾ കാലക്രമേണ ക്ഷയിച്ചു പോവുകയും അവിടെ ഈ ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു.അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ കൊല്ലവും ഏപ്രിൽ മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്.
ആരാധനാലയങ്ങൾ
മാമ്പ മഖാം & ജുമാ മസ്ജിദ്

മലബാറിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു ആരാധനാലയം ആയ മാമ്പ മഖാം & ജുമാ മസ്ജിദ് ,മുഴപ്പാല ടൗണിൽ നിന്നും മാറി 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.ടിപ്പുവിൻ്റെ പടയോട്ട കാലത്ത് വീരമ്പൃത്യു വരിച്ച മൂന്ന് അന്യമതസ്ഥരായ ആത്മാർത്ഥ സുഹൃത്തുക്കളെ ഒരുമിച്ച് അടക്കിയ കബർ ഇവിടെയുണ്ട് ആയതിനാൽ അന്യ മതസ്ഥർക്കും ഈ ആരാധനാലയത്തിൽ പ്രവേശനാനുമതി ഉണ്ട്. ചരിത്ര പ്രാധാന്യമുള്ളതിനാലും അന്യമതസ്ഥർക്ക് പ്രവേശന അനുമതി ഉള്ളതിനാലും ഈ ആരാധനാലയം കേരളത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന ഒന്നായി നിലകൊള്ളുന്നു.
പ്രമുഖ വ്യക്തികൾ

എൻ. രാമകൃഷ്ണൻ : ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഒരു രാഷ്ട്രീയക്കാരനായിരുന്നു എൻ.രാമകൃഷ്ണൻ. എം.കെ. രാഘവന്റെയും എൻ. നാരായണിയുടെയും മകനായി 1941 മാർച്ച് 13 ന് കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ ജനിച്ചു.ബീഡിത്തൊഴിലാളികൾക്കിടയിലെ ട്രേഡ് യൂണിയൻ പ്രവർത്തകനായാണ് രാമകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ടു. 1970 ൽ കേരളത്തിലെ എടക്കാട് നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടത്. 1971 ൽ കണ്ണൂർ ഡിസിസി പ്രസിഡന്റായ അദ്ദേഹം 18 വർഷം ഡിസിസി പ്രസിഡന്റായി തുടർന്നു. 1991 മുതൽ 1995 വരെ കേരള സർക്കാരിൽ സംസ്ഥാന തൊഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. കേരള പ്രദേശ് ജനറൽ സെക്രട്ടറി, കേരള കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ,ചെറുകിട വ്യവസായ ബോർഡ് അംഗം, കണ്ണൂർ മുനിസിപ്പൽ ചെയർപേഴ്സൺ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2012 ഒക്ടോബർ 1 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൂടിയായ കണ്ണൂർ മെഡിക്കൽ കോളേജ്.
- അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ
- മാമ്പ സെൻട്രൽ എൽപി സ്കൂൾ
- കണ്ണൂർ ഡെന്റൽ കോളേജ്
- കോളേജ് ഓഫ് നഴ്സിംഗ് -കണ്ണൂർ മെഡിക്കൽ കോളേജ്
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്
- കോളേജ് ഓഫ് ഫാർമസി
- കണ്ണൂർ മെഡിക്കൽ കോളേജ്
- അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് കാമ്പസ്
2006ൽ സ്ഥാപിതമായ കണ്ണൂർ മെഡിക്കൽ കോളേജിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ കണ്ണൂർ ഡെന്റൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2010 ൽ സ്ഥാപിതമായി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ - കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ ഒന്നാണ്.
ഗതാഗതം
റോഡ് ഗതാഗതം: തലശ്ശേരി, ഇരിട്ടി, കൂത്തുപറമ്പ്, കണ്ണൂർ തുടങ്ങിയ സമീപ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന അഞ്ചരക്കണ്ടി. കണ്ണൂർ നഗരത്തെയും മട്ടന്നൂർ ടൗണിനെയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന താഴെ ചൊവ്വ-മട്ടന്നൂർ റോഡ്, മൈസൂർ, ബാംഗ്ലൂർ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തലശ്ശേരി-ഇരിക്കൂർ റോഡ് എന്നിവയാണ് അഞ്ചരക്കണ്ടി ടൗണിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.
റെയിൽ ഗതാഗതം: മംഗലാപുരം-പാലക്കാട് പാതയിലെ തലശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇൻറർനെറ്റ് വഴിയുള്ള മുൻകൂർ ബുക്കിംഗിന് വിധേയമായി ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകൾ ലഭ്യമാണ്.
വ്യോമ ഗതാഗതം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മട്ടന്നൂരിൽ വിമാനത്താവളങ്ങളുണ്ട്, അഞ്ചരക്കണ്ടി ടൗണിൽ നിന്ന് 9 കിലോമീറ്റർ അകലെ, മംഗലാപുരം, കോഴിക്കോട്. അവയെല്ലാം അന്താരാഷ്‌ട്ര വിമാനത്താവളങ്ങളാണെങ്കിലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് മാത്രമേ നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാകൂ.
പ്രധാന പൊതു സ്ഥാപനങ്ങൾ
അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് (Afsc Bank)
ചരിത്രം:
1914ൽ RL BROWN സ്ഥാപിച്ച ഐക്യ നാണയ സംഘമാണ് പിന്നീട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ആയത്.

ബ്രിട്ടീഷ് ഭരണ കാലത്ത് അന്നത്തെ മദ്രാസ് പോവിൻസിലെ മലബാറിൽ ആദ്യമായി രൂപീകരിച്ച സഹകരണ സ്ഥാപനമാണ് ഐക്യ നാണയ സംഘം ബ്രിട്ടീഷ് കാരനായ ബ്രൗൺ സായിപ്പായിരുന്നു 27 രൂപ മൂലധനത്തോടെ കാർഷിക കടം വായ്പാ സംഘത്തിന് (ഐക്യ നാണയ സംഘം) രൂപം നൽകിയത് 1934 വരെ അദ്ദേഹം തന്നെയായിരുന്നു സംഘത്തിന്റെ പ്രസിഡണ്ട് 1934 വരെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ തന്നെയാണ് സംഘം പ്രവർത്തിച്ചു വന്നത് . 1961ൽ സർവീസ് സഹകരണബാങ്കായും 1977ൽ ഫാർമേഴ്സ് ബാങ്കായും മാറിയ സംഘം ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട സഹകരണ സ്ഥാപനമാണ്..
ബ്രൗൺ സായിപ്പു തന്നെയാണ് മലബാറിലെ (കേരളത്തിലെ) ആദ്യ രജിസ്ട്രാർ ഓഫീസും കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടവും അഞ്ചരക്കണ്ടിയിൽ സ്ഥാപിച്ചത് .
ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളും.
പഞ്ചായത്തിലെ കാവിന്മൂല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പഞ്ചായത്ത് പരിധിയിൽ എട്ട് ബാങ്ക് ബ്രാഞ്ചുകൾ, ഗ്യാസ് ഏജൻസി, സഹകാരി വസ്ത്രാലയം, നാളികേര സംസ്കരണ യൂനിറ്റ്, ചകിരി സംസ്കരണയൂനിറ്റ്, അഞ്ച് വളംഡിപ്പോകൾ, എട്ട്റേഷൻ വിതരണകേന്ദ്രങ്ങൾ, പച്ചക്കറി ഉൽപാദന കേന്ദ്രം തെങ്ങിൻതൈ ഉൽപാദന നഴ്സറി, നീതി മെഡിക്കൽ സ്റ്റോറുകൾ, ടൂർസ് ആൻഡ് ട്രാവൽസ് യൂനിറ്റ്, സഹകാരി മെഡിക്കൽ സെന്റർ, കർഷക സേവന കേന്ദ്രം എന്ന് തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
പുരസ്‌കാരങ്ങൾ
അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന് സംസ്ഥാന സർക്കാറിന്റെ കോപ്ഡേ പുരസ്കാരം ലഭിച്ചിട്ടുണ്ട് .
കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പിന്റെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്
നാളികേര സംസ്കരണ യൂണിറ്റിന്റെ സഹകാരി വെളിച്ചെണ്ണയ്ക്ക് സംസ്ഥാന സർക്കാരിന്റെ കേരള ബ്രാൻഡ് ലൈസൻസ് ലഭിച്ചിട്ടുണ്ട് . നാളികേര സംസ്കരണ യൂനിറ്റ് സംസ്ഥാനത്തു തന്നെ മികച്ച സംരഭമാണ്.
കടപ്പാട്:
അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിനെ കുറിച്ച് ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ ബാങ്ക് മാനേജ്മെന്റിൽ നിന്നും ലഭിച്ചിട്ടുള്ളതാകുന്നു ഇതിൽ ഒരു കൂട്ടിച്ചേർക്കലുകളും വരുത്തിയിട്ടില്ല.
അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം

കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നാണ് അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം. 50 വർഷങ്ങൾക്ക് മുൻപ് അഞ്ചരക്കണ്ടിയിലെയും സമീപ പ്രദേശങ്ങളിലേയും ക്ഷീരോല്പാദകരുടെയും ഉപഭോക്താക്കളുടെയും താല്പപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുഴപ്പാല ആസ്ഥാനമായി രൂപീകരിച്ചതാണ് അഞ്ചരക്കണ്ടി ക്ഷീരസംഘം. ഇന്ന് ഏകദേശം 400 ൽ പരം കർഷകരിൽ നിന്ന് 5000 ലിറ്റർ പാൽ സംഭരിക്കുന്നു. സംഭരിക്കുന്ന പാൽ രാവിലെയും വൈകുന്നേരവും ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു.
സംഘം ക്ഷീര കർഷകരുടെ ഉദ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതു വഴി ഈ മേഖലയിലേക്ക് മിനിഫാമുകൾ ആരംഭിച്ചു കൊണ്ട് ക്ഷീരകർഷകർ കൂടുതലായി കടന്നു വരുന്നുണ്ട്. അതുകൊണ്ട് തന്നെ പാലുത്പാദനം വർദ്ധിപ്പിക്കുവാൻ സംഘത്തിന് സാധിക്കുന്നുണ്ട്.
പ്രവർത്തനങ്ങൾ
പാൽ സംഭരണം, വിപണനം, ഉത്പന്നങ്ങളുടെ നിർമ്മാണം, ഇവയ്ക്ക് പുറമെ കർഷകരുടെ വിവിധയിനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹ്രസ്വകാല കാർഷികേതരവായ്‌പകൾ, പശുവിനെ വാങ്ങുന്നതിനുള്ള വായ്‌പകൾ തുടങ്ങിയവ സംഘത്തിൽ നിന്നും നൽകി വരുന്നു. ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റകളും, ആവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിന് സംഘത്തിന്റെ കീഴിൽ ഒരു നൻമസ്റ്റോറും, പാലും പാലുല്‌പന്നങ്ങളും വിപണനം ചെയ്യുന്നതിന് ചക്കരക്കല്ലിൽ ഒരു മിൽക്കിമാളും പ്രവർത്തിച്ചു വരുന്നു. ക്ഷീര കർഷകരിൽ നിന്നും സംഘത്തിന്റെ ഫാമിൽ നിന്നും സംഭരിച്ച് ഉണക്കിപൊടിച്ച ഗുണമേന്മയുള്ള ജൈവചാണകവളവും, ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് എടുക്കുന്ന കൗഡങ്ങ് മിക്‌ചർ, പരിഷ്‌കരിച്ച പഞ്ചഗവ്യ കീടനാശിനിയും അവശ്യാനുസരണം വിതരണം നടത്തി വരുന്നു.
മറ്റു സംരംഭങ്ങൾ
- മിനിഡയറി യൂണിറ്റിൽ കൂടുതൽ ഉല്പാദനശേഷിയുള്ള സങ്കരവർഗ്ഗത്തിൽപ്പെട്ട 30 പശുകളെ പരിപാലിച്ച് വരുന്നുണ്ട്.
- 3 ഏക്കർ സ്ഥലത്ത് തീറ്റപ്പുൽകൃഷി നടപ്പിലാക്കിട്ടുണ്ട്.
- ഫാക്ടറി കെട്ടിടത്തിന് മുകളിൽ ഏകദ്ദേശം 200 പേർക്ക് ഇരിക്കാവുന്ന ഫാർമേർസ് ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തിച്ചു വരുന്നു.
അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1141- നാളീകേര സംസ്കരണ യൂണിറ്റ്
ചരിത്രം
-
നാളികേര സംസ്കരണ യൂണിറ്റ്
ബ്രിട്ടീഷ് രാജകുടുംബാഗവും അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ ഉടമയുമായിരുന്ന ശ്രീ.ആ.എ ബ്രൗൺസായ്‌പും 11 അംശങ്ങളും 27 രൂപ ഓഹരി മൂലധനവുമായി 1914 അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘം എന്ന പേരിൽ ആരംഭിച്ച കോളത്തിലെ ആദ്യകാല സഹകരണ സംഘമായ ഇപ്പോഴത്തെ അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് 2002 നവമ്പർ 14നാണ് ഏകദേശം 40 ലക്ഷം രൂപ മുതൽ മുടക്കിൽ ചക്കരക്കൽ എന്ന സ്ഥലത്ത് നാളികേര സംസ്കരണ യൂനിറ്റ് സ്ഥാപിച്ചത്.
ലഘുവിവരണം
നാളികേര കർഷകർക്ക് അവരുടെ ഉല്പന്നത്തിന് ന്യായമായ വില ലഭിക്കുക. ഉപഭോക്താക്കൾക്ക് മായം കലരാത്ത ശുദ്ധമായ നാളികേര ഉല്പന്നങ്ങൾ ലഭ്യമാക്കുക എന്നീ ഇദ്ദേശങ്ങളോടെയാണ് ഈ യൂനിറ്റ് ആരംഭിച്ചത്. നാബാർഡ് നാളികേര വികസന ബോർഡ്. നാഷണൽ ഹോൾടി കൾച്ചറൽ ഡവലപ്പ്‌മെൻ്റ് ബോർഡ് എന്നിവയുടെ സഹായത്തോടെ ആരംഭിച്ച ഈ യൂനിറ്റിൽ 25000 പച്ചത്തേങ്ങ ഒരു ദിവസം കൊണ്ട് കൊപ്രയാക്കി മാറ്റുന്നതിന്നും അതിൽ നിന്നും വെളിച്ചെണ്ണയുണ്ടാക്കുന്നതിനുമുള്ള ശേഷിയാണ് ഉണ്ടായിരുന്നത്. പ്രതിദിനം 25ലേറെ പേർക്ക് തൊഴിൽ നരികുവാൻ ഈ യൂനിറ്റിന് കഴിഞ്ഞിരുന്നു. സഹകാരി അഗ് മാർക്ക് വെളിച്ചെണ്ണ എന്ന പേരിൽ വിപണനം നടത്തിക്കൊണ്ടിരിക്കുന്ന ഈ വെളിച്ചെണ്ണ സംസ്ഥനത്തിനകത്തും പുറത്തും ഏറെ പ്രശസ്തമാണ്. വർദ്ധിച്ചുവരുന്ന ഡിമാൻറ്റിനനുസരിച്ച് ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി 30000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ചക്കാർക്കലിനടുത്ത ആനേനിമെട്ട എന്ന സ്ഥലത്ത് 10 കോടി രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച പുതിയ യൂനിറ്റ് 07-10-2016ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉൽഘാടനം ചെയ്യുകയുണ്ടായി.
പ്രവർത്തനങ്ങൾ
പ്രതിദിനം 40,000 പച്ചത്തേങ്ങ വെളിച്ചെണ്ണയാക്കി മാറ്റുന്നതിനുള്ള ശേഷിയോടു കൂടിയാണ് ഈ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചത്. വെളിച്ചെണ്ണക്ക് പുറമെ വെർജിൻ കോക്കനട്ട് ഓയിൽ തേങ്ങാപ്പാൽ, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ എന്നിവ ഉല്പാദിപ്പിക്കുന്നതിനുള്ള ഒരു യൂനിറ്റും ആരംഭിച്ച് ഉല്പ്‌പാദനം നടത്തിവരുന്നുണ്ട്. കൂടാതെ ഒക്ടോബർ മാസത്തൊടെ ഈ യൂനിറ്റിൽ നിന്നും തേങ്ങാവെള്ളം ഉപയോഗിച്ചുകൊണ്ടുള്ള വിനാഗിരിയും 2-ാ0 ഗ്രേഡ് കൊപ്ര ഉപയോഗിച്ചുകൊണ്ട് പ്രത്യേക എക്സ്പെല്ലറിൽ നിന്നും ഉല്പാദിപ്പിക്കുന്ന എണ്ണ 'സഹകാരി വിളക്കെണ്ണ്' എന്ന പേരിലും മാർക്കറ്റിൽ ഇറക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുന്നുണ്ട്. നാളികേരത്തിൽ നിന്നും ലഭിക്കാവുന്ന പരമാവധി ഉല്പന്നങ്ങൾ വിപണിയിലിറക്കുവാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ യൂനിറ്റിലിപ്പോൾ 60 ആളുകൾക്ക് സ്ഥിരമായി ജോലി നൽകിവരുന്നുണ്ട്. വൈവിധ്യ വൽകരണം പൂർണ്ണതയിലെത്തുമ്പോൾ ഇനിയും ഒട്ടേറെ തൊഴിലവസരങ്ങൾ നൽകാൻ കഴിയും. ഈ വർഷത്തെ ഓണച്ചന്തക്ക് കൺസ്യൂമർ ഫെഡറേഷൻ മുഖേന ഒരു ലക്ഷം ലിറ്റർ വെളിച്ചെണ്ണ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഓണത്തിന് തേങ്ങാപ്പാലും നല്ല നിലയിൽ വിപണിയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഈ യൂനിറ്റിന്റെ വിശ്വാസ്യതയാണ് വിപണനത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം കാണിക്കുന്നത്.
കടപ്പാട്
https://en.wikipedia.org/wiki/Anjarakkandy
https://m.facebook.com/story.php?story_fbid=259560987514398&id=258262850977545&scmts=scwsplos