എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്...
നല്ലൊരു നാളേക്കായ്...
പ്രകൃതി എന്ന ഈ വിസ്മയത്തെപ്പറ്റി ഏങ്ങനെ എഴുതിത്തുടങ്ങണമെന്നെനിക്കറിയില്ല. പ്രകൃതി ഒരു മഹാത്ഭുതം തന്നെയാണ്. സമൃദ്ധമായ കാടുകളും, ചെറിയ ചെറിയ അരുവികളും, നൃത്തം ചെയ്യുന്ന പൂക്കളും, നീണ്ടു നിവർന്നു കിടക്കുന്ന മലനിരകളും, കടലും, പുഴയും, കുളങ്ങളും, തോടുകളും, സസ്യലതാദികളും, ജന്തുജീവജാലങ്ങളും നിറഞ്ഞ ഒരു മഹാത്ഭുതം. പ്രകൃതിയെക്കുറിച്ച് പറയുമ്പോൾ വാക്കുകൾ തികയാതെ വരും. "Nature is speechless.I think the poetry of nature will never die". കവികളും എഴുത്തുകാരും വർഷങ്ങളായി പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്ന മഹാ വിസ്മയമാണ് നമ്മുടെ പ പ്രകൃതി. പക്ഷെ ഇന്ന് മനുഷ്യൻ്റെ സ്വാർത്ഥ താത്പര്യങ്ങൾ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. ഇതിൻ്റെ ഫലമായി നമ്മുടെ പരിസ്ഥിതിക്ക് കോട്ടം തട്ടിത്തുടങ്ങി. മനുഷ്യൻ്റെ നിലനില്പിന് തന്നെ ഇന്ന് പാരിസ്ഥിക പ്രശ്നങ്ങൾ ഭീഷണിയായിത്തീരുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.നാം പ്രകൃതിയെ ചൂഷണം ചെയ്ത് അതിൻ്റെ ഓരോ ആണിയും പറിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇത് നമ്മുടെ പരിസ്ഥിതിയെ താറുമാറാക്കുക തന്നെ ചെയ്യും. അല്ല, താറുമാറാകുന്നതിന് നാമെല്ലാവരും ദൃക്സാക്ഷികളാണിപ്പോൾ. പരിസ്ഥിതിയിലെ എല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്.ശാസ്ത്രം വളർന്നപ്പോൾ നാം പ്രകൃതിയെ മറന്ന് പോയി. മരങ്ങൾ വെട്ടിനശിപ്പിച്ചും, മലകൾ ഇടിച്ചു നിരത്തിയും, പുഴകളിൽ നിന്ന് മണ്ണ് വാരിയും , പുഴയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്ത് സമൃദ്ധമായ ഈ പ്രകൃതിയെ നിലംപരിശമാക്കി.കാടും മലകളും വെട്ടിത്തെളിച്ച് കോൺക്രീറ്റ് സൗധങ്ങൾ പൊക്കി. കവികൾ പാടിപ്പുകഴ്ത്തിയ വയലേലകളും മറ്റും വിരളം..... ഇപ്പോൾ എനിക്കോർമ്മ വരുന്നത് രണ്ട് വരി കവിതയാണ്: "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ.... മിലനമായ ജലാഷയം അതി മലിനമായൊരു ഭൂമിയും " ഇതിനെല്ലാം ഒരു തിരിച്ചടിയായിത്തന്നെയാണ് പ്രകൃതി കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മോട് പ്രതികരിക്കുന്നത്. പ്രളയം എന്ന ആ മഹാദുരന്തത്തിന് നാമെല്ലാവരും ദൃക്സാക്ഷികളാണ്. നാം നമ്മുടെ സ്ഥലമെന്ന് പറഞ്ഞ് വെട്ടിപ്പിടിച്ചതെല്ലാം പുഴ അവകാശം പറഞ്ഞ് വീണ്ടെടുത്തില്ലേ? .ഓഖി എന്ന കൊടുങ്കാറ്റ് ആഞ്ഞ് വീശി പ്രകൃതി നമ്മോട് പ്രതികരിച്ചു.നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾ തന്നെയാണ് ഇതിന് കാരണം. പ്രളയം വന്നപ്പോൾ നാമതിൻ്റെ കാരണങ്ങളെ കുറിച്ച് കുറേ പഠനം നടത്തിയെങ്കിലും കുറച്ച് ദിവസങ്ങൾക്കു ശേഷം നാമതിൻ്റെ കെടുതികളെല്ലാം മറന്ന് വീണ്ടും പഴയ പടിയിലേക്ക് തിരിച്ച് പോകുകയാണ് ഉണ്ടായത്. പ്രകൃതിയെ ചൂഷണം ചെയ്യുക വഴി ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, ശുദ്ധവായുവിൻറെ അപര്യാപ്തത, കുടിവെള്ളക്ഷാമം തുടങ്ങി ഒട്ടനവധി മഹാ വിപത്തുകൾ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഏക ഉത്തരവാദി നാം തന്നെയാണെന്ന് തിരിച്ചറിയുക. ഇനിയൊരു യുദ്ധം നടക്കുകയാണെങ്കിൽ അത് ശുദ്ധവായുവിനായിരിക്കാം. ഇപ്പോൾ തന്നെ വലിയ വലിയ നഗരങ്ങളിൽ oxygen pump - കൾ നിലവിലുണ്ട്. ഓർക്കുക..... പ്രകൃതി തിരിച്ചടിക്കുക തന്നെ ചെയ്യും. നാം ജീവിക്കുന്ന പരിസ്ഥിതിയെ കോട്ടം തട്ടാതെ നാം സംരക്ഷിക്കേണ്ടതുണ്ട്. മരങ്ങൾ വച്ച് പിടിപ്പിച്ചും, ആവശ്യമുള്ള അളവിൽ പാരിസ്ഥിതിക വിഭവങ്ങൾ ഉപയോഗിച്ചും പ്രകൃതിയെ സംരക്ഷിക്കുക.മനുഷ്യൻ്റെ ആർത്തി നമുക്ക് തന്നെ തിരിച്ചടിയായേക്കും.പ്രകൃതിയുടെ വിഭവങ്ങളെ നാം ആവശ്യത്തിനു മാത്രം ഉപയോഗിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തണം. "World is enough for every ones need but not enough for every ones greed " എന്ന ഗാന്ധിയുടെ വാക്യം കേൾക്കാത്തവരുണ്ടാകില്ല 'ദൈവത്തിൻ്റെ സ്വന്തം നാട് ' എന്നാണ് നമ്മുടെ കേരളം അറിയപ്പെടുന്നത്. ശുചിത്വത്തിൻ്റെ കാര്യത്തിൽ മലയാളി ഒട്ടും പിന്നിലല്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാം ശുചിത്വമുള്ളവരാണ്. പഴയ രീതി അനുസരിച്ച് കുളിക്കാതെ വീട്ടിൽ പോലും കയറാറില്ലായിരുന്നുവത്രേ. പണ്ട് കാലത്ത് വീടിൻ്റെ മുൻപിൽ കയ്യും കാലും കഴുകുന്നതിന് കിണ്ടിയിൽ വെള്ളമുണ്ടായിരുന്നുവെന്ന് മുതിർന്നവരിൽ നിന്നും കേട്ടിട്ടുണ്ട്. ഇന്ന് ലോകത്തെ നടുക്കിയ മഹാമാരിക്കും പ്രതിരോധം കൈയ്യും കാലും മുഖവും സോപ്പിട് കഴുകി സൂക്ഷിക്കുക തന്നെ. 'ശുചിത്വം 'എന്ന് പറഞ്ഞാൽ വെറും വ്യക്തിശുചിത്വമല്ല.നമ്മുടെ വീടിൻ്റെയും പരിസ്ഥിതിയുടെയും കൂടി ശുചിത്വമാണ്. ഇന്ന് നമ്മുടെ പ്രകൃതിയിലേക്ക് നോക്കിയാൽ മാലിന്യ കൂമ്പാരങ്ങളും,പ്ലാസ്റ്റിക്ക് വേസ്റ്റുകളും, പുക തുപ്പുന്ന ഫാക്ടറി കുഴലുകളും, തീതുപ്പുന്ന വാഹനങ്ങളും, മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്ന പുഴകളും, കടലുകളും നമുക്ക് കാണാൻ കഴിയും. കേരളത്തിൽ പ്ലാസ്റ്റിക് വിമുക്ത പദ്ധതി വന്നിട്ടുണ്ടെങ്കിലും മുഴുവനായും പ്രാവർത്തികമാക്കിയിട്ടില്ല. അതുപോലെതന്നെ നമ്മുടെ ഫലഭൂയിഷ്ഠമായ മണ്ണിനെ നശിപ്പിക്കുന്ന ഒന്നാണ് അമിതമായ കീടനാശിനി പ്രയോഗങ്ങൾ. ഇതെല്ലാം സൃഷ്ടിക്കുന്നത് നാം തന്നെയാണ്. പ്രകൃതിയെ വൃത്തിയുള്ളതായി കൊണ്ടുനടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. ഇന്ന് നമ്മുടെ വായുവും വെള്ളവും മലിനമാണ്. 'മാലിന്യസംസ്കരണം ' ഇന്ന് നാം നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ്. സ്വബോധമില്ലാത്ത പരിസര ശുചിത്വമില്ലായ്മയും, മാലിന്യ നിക്ഷേപങ്ങളും, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും, മലമൂത്രവിസർജ്ജനം നടത്തുന്നതും മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണ്. മനുഷ്യൻ്റെ ഈ ശ്രദ്ധയില്ലായ്മ തന്നെയാണ് സർവ്വ രോഗങ്ങൾക്കും കാരണം. പരിസ്ഥിതിക്ക് വരുന്ന ഏത് കോട്ടവും ശുചിത്വമില്ലായ്മയും നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് തന്നെ കാരണമാകും. പ്രകൃതിയുടെ സന്തുലിതാവസ്ഥ അത് താറുമാറാക്കും. കഴിഞ്ഞവർഷം നമ്മെയെല്ലാം ഞെട്ടിപ്പിച്ചു കടന്നുകളഞ്ഞ ഒരു രോഗമാണല്ലോ നിപ്പ.ഇന്നിതാ ലോകരാജ്യങ്ങൾക്ക് തന്നെ ഭീഷണിയായി കൊണ്ട് Covid - 19 ,കൊറോണ വൈറസും. ഇത്തിരി പോന്ന ഒരു കൊറോണയ്ക്ക് മനുഷ്യരാശിയെ തന്നെ പിടിച്ചുലക്കാൻ കഴിഞ്ഞിരിക്കുന്നു. പ്രകൃതിയിൽ മനുഷ്യൻ എത്ര നിസ്സാരം എന്ന തിരിച്ചറിവ് നമുക്കെല്ലാവർക്കും ഉണ്ടായിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ പ്രകൃതി തന്നെ പലതരം മാർഗ്ഗങ്ങൾ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് ചുരുക്കം. പരിസ്ഥിതി മലിനമായാൽ നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുമെന്നത് തീർച്ചയാണ്." Prevention is better than cure" എന്നാണല്ലോ? പരിസ്ഥിതിയിലെ ജലം, വായു,മണ്ണ് ഇവ മലിനമാകാതെ സൂക്ഷിക്കുക. മലിനമാകാത്ത ചുറ്റുപാട്, പ്രകൃതിയോടിണങ്ങിയ ജീവിതരീതി ഇതൊക്കെ ഒരു പരിധി വരെ നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഇന്ന് ചെറിയൊരു അസുഖത്തിന് പോലും നാം ആശുപത്രികൾ കയറിയിറങ്ങാറുണ്ട്. ഒരു വിധം ചെറിയ അസുഖങ്ങൾക്ക് പ്രകൃതിയിൽ തന്നെ മരുന്നുകളുണ്ട്. Fast food - കൾക്കു പകരം പണ്ട് കാലങ്ങളിൽ പ്രിയമായിരുന്ന ചേമ്പ്, ചേന, താള്, ചക്ക, മുരിങ്ങ etc..... തുടങ്ങിയ പ്രകൃതി വിഭവങ്ങളുപയോഗിക്കുക, വ്യായാമം ശീലമാക്കുക ഇതെല്ലാം ചെയ്താൽ നമ്മുടെ രോഗ പ്രതിരോധ ശേഷി ഒരു പരിധി വരെ വർധിപ്പിക്കാം. ഇന്ന് കൊറോണ lock down കാലത്ത് മനുഷ്യർ കുറേയൊക്കെ ഈ ജീവിതരീതിയിലേക്ക് പോയിട്ടുണ്ടെന്ന് തോന്നുന്നു. അതെ, ചരിത്രം ആവർത്തിക്കപ്പെടും എന്നാണല്ലോ? ഓരോ നൂറു വർഷം കഴിയുമ്പോഴും പ്രകൃതി അതിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ഇങ്ങനെയോരോ മഹാമാരികൾ വരുത്തുന്നതായി വായിച്ചിട്ടുണ്ട്. വസൂരി, പ്ലേഗ് അവയിൽ ചിലത്. നാം കഴിക്കുന്ന ആഹാരവും നമ്മുടെ രോഗ പ്രതിരോധത്തെ ബാധിച്ചേക്കാം. അതുപോലെ വായു, വെള്ളം, മണ്ണ് ഇവ ദുഷിക്കുമ്പോൾ പകർച്ചവ്യാധികൾ പിടിപെടുന്നു.കഴിഞ്ഞ പ്രളയകാലത്ത് എല്ലായിടത്തും എലിപ്പനി പിടിച്ചത് ഓർമയില്ലേ? ഈ രോഗ പ്രതിരോധം നിലനിർത്താനും പകർച്ചവ്യാധികൾ തടയാനും ഒരു വ്യക്തിക്ക് മാത്രം കഴിയില്ല. നമ്മുടെ കൂട്ടായ പ്രവർത്തനം ഇതിനാവശ്യമാണ്. തുടക്കം നമ്മിൽ നിന്നാകട്ടെ." Be the change that you wish to see in the world ". എന്ന ഗാന്ധിയുടെ വാക്യം കേൾക്കാത്തവരുണ്ടാകില്ല. പ്രകൃതിയിലെ രോഗകാരികളായ സൂക്ഷ്മ ജീവികളേയും, രോഗം പകർത്തുന്ന ഈച്ച, കൊതുക് തുടങ്ങിയവയെ നശിപ്പിക്കാനും പ്രകൃതി ശുചിത്വം കൂടിയേ തീരൂ. നമുക്ക് ആരോഗ്യമുണ്ടാകണമെങ്കിൽ നാം ജീവിക്കുന്ന പരിസ്ഥിതി ആരോഗ്യമുള്ളതാകണം അഥവാ ശുചിത്വമുള്ളതാകണം. അതായത് പരിസ്ഥിതി ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗമാണെന്ന് ചുരുക്കം. പകർച്ചവ്യാധികൾ വന്നതിന് ശേഷം നാം കൊതുകിനേയും, ഈച്ചയേയും, കോഴിയേയും, വവ്വാലിനേയും പഴി പറഞ്ഞിട്ട് കാര്യമില്ല. ബഷീർ പറഞ്ഞതു പോലെ " എല്ലാവരും ഭൂമിയുടെ അവകാശികളാണ്." പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതി വിഭവങ്ങൾ ധൂർത്തടിക്കാതെ, പരിസ്ഥിതി ശുചിത്വം പാലിച്ച് നാം ജീവിക്കുകയാണെങ്കിൽ ഒരു പരിധി വരെ രോഗ പ്രതിരോധശേഷി നേടാനാകും. ജൈവ വൈവിധ്യ പാർക്കുകൾ സ്ഥാപിക്കുക, അടുക്കള തോട്ടങ്ങൾ ഉണ്ടാക്കുക, മരങ്ങൾ വച്ച് പിടിപ്പിക്കുക. നാമിന്ന് നേരിടുന്ന എല്ലാ മഹാമാരികളിൽ നിന്നും നമുക്ക് മോചിതരാകാം. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഭാവിതലമുറയുടെ നിലനില്പിന് വേണ്ടി കൂടിയാണെന്ന് നാം തിരിച്ചറിയുക.
|