സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/എന്റെ വിദ്യാലയം
ഓർമ്മകൾ ഓരോന്നും വെറുമൊരു കഥയല്ല...

ഓർമ്മകൾ ഓരോന്നും വെറുമൊരു കഥയല്ല. അതിൻ പിറകിൽ കടങ്കഥകളുടെ ഒരു ശേഖരം തന്നെയുണ്ട്. ചില ഓർമ്മകൾ കാലമെത്ര തെന്നി അകന്നാലും നമ്മുടെ ശിരകളിൽ പിഴുതെറിയാൻ ആവാത്ത വിധം വേരൂന്നി കിടക്കും.
പ്രവാസ ജീവിതത്തിന്റെ ചില വിരസ വേളകളിൽ എന്റെ മനസ്സിലേക്ക് ഓടി വരുന്ന ഓർമ്മകളധികവും സെൻ്റാൻസ് എ.യു.പി സ്കൂൾ കാലഘട്ടമാണ്. അതിന് കാരണം ഞാൻ ഇന്ന് എത്തി ചേർന്ന മേഖലകൾ തന്നെയാണ്. എഴുത്തുകാരി, നഴ്‌സ് എന്നീ അലങ്കാരങ്ങൾ എൻ പേരിനൊപ്പം തുന്നി ചേർക്കപ്പെട്ടത് ഒരു പക്ഷേ ഇവിടുത്തെ സ്‌കൂൾ കാലഘട്ടം തന്നെയായിരിക്കാം.
തമിഴ് നാട്ടിലെ നാലാം ക്ലാസ്സ് വിദ്യാഭ്യാസത്തിന് ശേഷം അച്ഛനും അമ്മയും സഹോദരങ്ങളുമൊത്ത് ഈ കേരളത്തിലേക്ക് കുടിയേറിയപ്പോൾ ഭാഷ എന്നൊരു പ്രതിസന്ധി എന്റെയും സഹോദരങ്ങളുടെയും മുമ്പിൽ ചോദ്യ ചിഹ്നമായ് അവശേഷിച്ചു. തമിഴ് മീഡിയത്തിൽ നിന്നും മലയാള മീഡിയത്തിലേക്കുള്ള കൂടുമാറ്റം അത് എല്ലാ തരത്തിലും എന്നെയും സഹോദരങ്ങളെയും ബാധിച്ചപ്പോൾ എന്റെ അമ്മയുടെ ഒറ്റയാൾ പോരാട്ടം കൊണ്ട് ആ പ്രതിസന്ധി ഘട്ടങ്ങളെയും ഞങ്ങൾ തരണം ചെയ്തു.
അമ്മയുടെ ഒറ്റയാൾ പോരാട്ടത്തിൽ ചേർത്ത് പിടിച്ചവർ ഉണ്ട് കേട്ടോ. നീലേശ്വരം സ്‌കോളർ കോളേജ് അദ്ധ്യാപകൻ ജോസഫ് കുസുമാലയത്തിന്റെ സഹായത്താൽ അമ്മ ഞങ്ങളുടെ തമിഴിലുള്ള സർട്ടിഫിക്കറ്റ് മലയാളത്തിലേക്ക് മാറ്റി. തുടക്കത്തിൽ ഭാഷാ പഠനത്തിന്റെ ഭാഗമായ് നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ മലയാളം മീഡിയത്തിൽ വീണ്ടും ഒന്നാം ക്ലാസ്സിൽ പഠിക്കേണ്ടി വന്ന ഞാനും സഹോദരിയും സെൻ്റാൻസ് എ.യു.പി സ്‌കൂളിലെ അന്നത്തെ പ്രിൻസിപ്പലായ റാണി ടീച്ചറുടെ സഹായത്തോടെ അടുത്ത അദ്ധ്യായന വർഷം മുതൽ സെൻ്റാൻസിൽ ഞാൻ അഞ്ചാം ക്ലാസ്സിലും, അനിയത്തി മൂന്നിലുമായ് പഠനം തുടർന്നു.
വളരെ ദാരിദ്ര്യ അവസ്ഥയിൽ കഴിഞ്ഞ ഞങ്ങളെ മനസ്സിലാക്കി ഒപ്പം നിന്ന് ചേർത്ത് പിടിച്ച ഒരുപാട് സന്മനസ്സുള്ള അദ്ധ്യാപകരുടെ കൊച്ച് ലോകമാണ് സെൻ്റ് ആൻസ് എ.യു.പി സ്കൂൾ. അന്നത്തെ അദ്ധ്യാപികമാരായ മോളി, ഷോഫി, ബീന, പ്രിൻസിപ്പൽ റാണി ഇവരൊക്കെയും എന്റെ വ്യക്തി ജീവിതത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ്. സ്‌കൂളിൽ നിന്നുമുള്ള വിനോദ യാത്രയ്ക്ക് പോകാനുള്ള സാമ്പത്തിക പ്രയാസം മനസ്സിലാക്കി സ്വന്തം കൈയ്യിലെ കാശ് കൊണ്ട് എന്നെ വിനോദയാത്രയ്ക്ക് അയച്ച റാണി ടീച്ചർ... ആ ഓർമ്മ ഇപ്പോഴും ഞാൻ സഞ്ചരിക്കുന്ന യാത്രകളിൽ നിറസാന്നിദ്ധ്യമാണ്.
പഠിക്കാൻ മിടുക്കിയല്ലാത്ത ഞാൻ ആ സ്കൂൾ കാലഘട്ടത്തിൽ ഒപ്പിച്ച വലിയ കുസൃതി... ഇപ്പോൾ ഓർക്കുമ്പോൾ ലജ്ജയും, ഒപ്പം എന്തിനത് ചെയ്തു എന്ന ചോദ്യവും. [എന്റെ ഇപ്പോഴത്തെ വ്യക്തി ജീവിതത്തെ ഓർത്ത് ആ കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നില്ല. ക്ഷമിക്കണം.]
എൻ ഓർമ്മയുടെ താളുകളിൽ ഞാൻ തുന്നിചേർത്ത വലിയൊരു ഏട് അത് സെന്റ് ആൻസ് എ.യു.പി സ്കൂൾ തന്നെയാണ്. അനിത്ര ജ്യോമി എന്ന വെറുമൊരു വ്യക്തി മാത്രമായ് ഒതുങ്ങേണ്ടിയിരുന്ന എനിക്ക് പരിണാമം സംഭവിച്ചത് ഞാൻ പോലും പ്രതീക്ഷിക്കാതെ ആണെങ്കിലും കൂടി ഈ ഒരു ഓർമ്മക്കുറിപ്പ് ഇവിടെ സാക്ഷ്യം വഹിക്കുന്നത് ഒരു എഴുത്തുകാരിയായ എന്നിലൂടെയാണ്. ഇതിനൊക്കെ കാരണം അന്നത്തെ ആ അദ്ധ്യാപകരുടെ നന്മയും അനുഗ്രഹവും കാരണമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
സെന്റ് ആൻസ് - എന്നുമെൻ സ്വർഗം
അന്നും ഇന്നും എന്നു-
മെന്നുമെൻ സ്വർഗം
എന്റെയീ ശ്രേഷ്ഠമാം
വിദ്യാലയം തന്നെയല്ലോ
കരളിന്റെ കരളായ
എന്റെ സ്വന്തം എന്റെ സ്വന്തം
സെന്റ് ആൻസ്....
ഇനിയെത്രയെത്ര
ജന്മങ്ങളുണ്ടായീടിലും
അതിലെല്ലാമെല്ലാമേ
എൻ പ്രിയ സെന്റ് ആൻസിൻ
കുഞ്ഞിയായ്
അഭിവന്ദ്യ ഗുരുജനങ്ങൾക്കൊപ്പമായ്
പഠിച്ചുജീവിച്ചിടാൻ
ചങ്കായ സതീർത്ഥ്യർക്കൊപ്പമായ്
രസിച്ചുജീവിച്ചിടാൻ
സർവേശ്വരാ നീ
തുണച്ചീടണേ...
അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം ..
സ്കൂളിന്റെ തൊട്ടടുത്തുള്ള മിഥുന്റെ വീട്ടിൽ TV ഉണ്ട്, ഇന്റർവെൽ സമയത്ത് ഞാനും മിഥുനും, ജയദേവും ജെപ്പിനും ഹിരനും പിന്നെ കുറച്ചു പേരും കൂടെ മിഥുന്റെ വീട്ടിലേക്ക് ഓടി, കളിയുടെ ഹരം കാരണം ഇന്റർവെൽ ടൈം കഴിഞ്ഞതും ബെൽ അടിച്ചതും ഒന്നും അറിഞ്ഞില്ല, കുറച്ച് വൈകിപ്പോയി.
അങ്ങനെ തിരിച്ച് സ്കൂളിലേക്ക് ഓടി ഗേറ്റിനു അടുത്തെത്തിയപ്പോഴേക്കും സ്കൂളിന്റെ ഗേറ്റ് ആരോ അടച്ചിരിക്കുന്നു,നോക്കിയപ്പോ ഗേറ്റ് അടച്ചത് ആരോ അല്ല നമ്മുടെ സ്വന്തം ഹെഡ്മിസ്ട്രസ് ബ്രിഡ്‌ജിറ്റ് സിസ്റ്റർ ആയിരുന്നു, അന്ന് ഏറ്റവും പേടി ഉള്ളത് അവരെ ആയിരുന്നു.
അങ്ങനെ ഞങ്ങളെ ഓരോരുത്തരെയായി ഗേറ്റിനു അകത്തേക്ക് കയറ്റി സിസ്റ്ററുടെ കയ്യിൽ നിന്നും കിട്ടിയ വഴക്ക് ഇപ്പോഴും ഒരു ചെറു പുഞ്ചിരിയോടെ ഓർക്കുന്നു..
സ്കൂൾ ഓർമ്മകൾ – ഒരു ചെറു സാഹസികം
"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം സ്കൂളിൽ നാലാം ക്ലാസിൽ പഠിച്ചിരുന്ന കാലം… ഇന്നും മറക്കാനാകാത്ത ഒരു ചെറിയ കഥ."

അന്ന് നമ്മുടെ അറബി ടീച്ചറുടെ മകൻ മുസ്തഫ ഒരു പുതിയ പരീക്ഷണം പറഞ്ഞ് നമ്മളെ ആവേശത്തിലാക്കി. അവന്റെ വീട് റെയിൽവേ പാളത്തിന് സമീപം ആയതിനാൽ, അവൻ കണ്ടുപിടിച്ച ഒരു കാര്യം—
“2 ഇഞ്ച് നീളമുള്ള ഒരു ആണി റെയിൽപാളത്തിന് മുകളിൽ വെച്ചാൽ, ട്രെയിൻ അതിലൂടെ കടന്നുപോയാൽ അത് അമർന്നു വാൾ പോലെ ആകും!”
സ്കൂളും റെയിൽവേ പാളവും തമ്മിൽ വെറും 10 മീറ്റർ മാത്രം ദൂരം. ഇന്റർവൽ സമയത്ത്, മുസ്തഫയുടെ നേതൃത്വത്തിൽ റിസാൽ, റിയാദ്, സലീം—all set for the experiment. ഞങ്ങൾ ഒളിച്ചോടി റെയിൽപാളത്തിൽ ആണി വെച്ച് ട്രെയിൻ വരുന്നത് കാത്തുനിന്നു…
പക്ഷേ, കഥ അത്ര സുഖമായി പോയില്ല ഞങ്ങളെ കാണാതായപ്പോൾ തിരച്ചിൽ തുടങ്ങി, ഒടുവിൽ ഞങ്ങളുടെ “കുരുത്തക്കേട്” ടീച്ചർമാർക്ക് പിടികൂടി! അന്നേ ദിവസം തന്നെ ശിക്ഷ— “വീട്ടിൽ നിന്ന് രക്ഷിതാക്കളെ കൊണ്ടുവരാതെ ക്ലാസിൽ പ്രവേശനം ഇല്ല!” പുറത്ത് നിൽക്കേണ്ടി വന്ന ആ ദിവസവും, അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടി വന്നാണ് വീണ്ടും ക്ലാസിൽ കയറാൻ കഴിഞ്ഞതും—ഇന്നും ചിരിപ്പിക്കുന്ന ഓർമ്മകളിൽ ഒന്നാണ്.
കാലം കടന്നു പോയി… ആണിവെച്ച മുസ്തഫ ഇന്ന് പോലീസിൽ വലിയ പോസ്റ്റിൽ ആണ്. റിസാൽ ഇന്റർലോക്ക് ബിസിനസ്സിൽ, റിയാദ്, സലീം ഗൾഫിൽ ജോലി— എല്ലാവരും സ്വന്തം വഴികളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
ചെറുപ്പത്തിലെ ആ ചെറിയ “സാഹസം” ഇന്ന് ഒരു വലിയ മധുരമുള്ള ഓർമ്മയായി മാത്രം ബാക്കി