പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയുള്ള വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽനിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാതികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിലും ഉദരസംബന്ധമായ അണുബാധക്കും മെനിഞ്ചൈറ്റീസിനും കാരണമാകാറുണ്ട് ഈ വൈറസ്.