ജി എൽ പി എസ് പൊന്നംവയൽ/എന്റെ ഗ്രാമം
പൊന്നംവയൽ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കരപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പൊന്നം വയൽ.
പയ്യന്നൂർ ചെറുപുഴ സംസ്ഥാനപാതയിൽ പാടിയോട്ടുചാലിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് പൊന്നം വയൽ സ്ഥിതി ചെയ്യുന്നത്.പൊന്നും വയലിൽ നിന്നും വടക്കോട്ട് പോയാൽ പോത്താംകണ്ടവും അതുകഴിഞ്ഞ് അറുകര വഴി ചീമേനിയിൽ എത്താം.
ചരിത്രം
മലമടക്കുകൾക്കിടയിൽ തളികവട്ടം പോലൊരു ഇത്തിരി ഭൂമി അതിൻറെ ഓരം കണ്ട് മുറിച്ചൊഴുകുന്ന ചെമ്മരം കയം പുഴ.ആ പുഴ ഒഴുകിയെത്തുന്നത് തേജസ്വിനി പുഴയിലാണ്.ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽഈ നാടിനുതകുന്ന സാഹിത്യം രചിച്ച കോളിയാടൻ നാരായണൻ മാഷിൻ്റെ ഭാഷ്യത്തിൽ "ഹേമ പാടം " [ഹേമം -പൊന്ന്,പാടം -വയൽ] സംസ്കൃതികരിച്ച് പൊന്നം വയൽ ആയി.
17 -18 നൂറ്റാണ്ടുകളിൽ എപ്പോഴോ കോലത്തിരി രാജാവിൻ്റെ കണക്കെഴുത്തുകാരായ എഴുത്തൻ മണിയാണി മാർക്ക് കിഴക്കൻ മലയോരം മുഴുവനും കോലത്തിരി ജന്മഭൂമിയായി നൽകുകയുണ്ടായി. അക്കാലങ്ങളിൽ കാട്ടുവാസികളായ മാവിലർ ഇന്ന് കോട്ടക്കുന്ന് എന്നറിയപ്പെടുന്ന പ്രദേശത്തിന് ചുറ്റുമായി നായാടിയും വനവിഭവങ്ങൾ ശേഖരിച്ചും സ്വസ്ഥജീവിതം നയിച്ചു പോരുകയായിരുന്നു.എന്നാൽ എഴുത്തന്മാർ ജന്മികളായി വന്നതോടെ അന്നോളം സ്വതന്ത്രമായി താമസിച്ചുപോന്ന മാവിലർ ജന്മിയുടെ അടിമകളായി മാറി. ജന്മി സ്വന്തം ഇഷ്ടമനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് പൊനം കൃഷിക്കും മറ്റുമായി മാവിലരെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി.മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേരിട്ടുള്ള ഭരണം സ്വാധീനം ചെലുത്തിയിരുന്നു ജന്മിമാർ തങ്ങളുടെ അധീനതയിലുള്ള ഭൂപ്രദേശത്തിന്റെ അനുപാതമനുസരിച്ച് കപ്പം കൊടുക്കണമെന്ന് വന്നപ്പോൾ വരുമാനം ഒന്നുമില്ലാതെ കിടന്ന മലമ്പ്രദേശങ്ങൾ കയ്യൊഴിയാൻ ധൃതി കാണിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ജന്മിമാർ തങ്ങളുടെ പ്രദേശങ്ങൾ നിസ്സാര വിലക്ക് വിറ്റൊഴിവാക്കാൻ തുടങ്ങി.ആദ്യകാലങ്ങളിൽ കാടു വെട്ടിത്തെളിച്ച് കാർഷികയോഗ്യമാക്കി ഭൂമിയെ മാറ്റലായിരുന്നു മാവിലർ നേരിട്ട പ്രയാസം 'കാടിൻറെ സ്വഭാവവും പൊനംകൃഷിയും അറിയാവുന്ന മാവിലർ ഇവിടെ കൃഷി ചെയ്യാൻ തുടങ്ങി.ക്രമേണ പൊനം കൃഷിയിലൂടെ കാട് നാട് ആകാൻ തുടങ്ങി.കാടു കുത്തി തീയിട്ട് കരിച്ചാണ് പൊനം കൃഷി നടത്തിയിരുന്നത്. "കരിച്ചു വാണൽ " എന്നുകൂടി ഈ കൃഷിയെപ്പറ്റി പറയാറുണ്ട്. "പൊനം കൊത്തിയാൽ കപ്പൽ അടുത്തത് പോലെ " എന്നാണ് അക്കാലത്തെ ചൊല്ല്.നെല്ല് ,ചാമ, ചോളം,തോരാ ,തെന, മുത്താറി തുടങ്ങി സകലതും പൊനത്തിൽ നിന്നും ലഭിക്കുന്നതിനാലാണ് ഈ ചൊല്ല് രൂപപ്പെട്ടു വന്നത്.പൊന്നം വയലിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്തിരുന്നത് നെല്ല് ആയിരുന്നു.പിന്നീട് കുരുമുളകിന് പ്രചാരം ഏറിയ തോടുകൂടി മലയോരങ്ങൾ കുരുമുളക് കൃഷിയിലേക്ക് മാറി.പിന്നീട് കാടായ പ്രദേശങ്ങളെല്ലാം പറമ്പുകൾ ആകാൻ തുടങ്ങി.
സ്കൂളിനെ കുറിച്ച്
ഒരു നാടിന് അക്ഷര വെളിച്ചം നൽകി പുരോഗതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഞെക്ലി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന സുബ്രഹ്മണ്യൻ നമ്പൂതിരി മാഷ് തൻറെ രണ്ടര ഏക്കർ സ്ഥലം സർക്കാരിലേക്ക് വിട്ടുനൽകുകയും 'അവിടെ ഒരു ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുകയും ചെയ്തു.1973 ൽ സ്കൂൾ തുടങ്ങുമ്പോൾ ആദ്യത്തെ അഡ്മിഷൻ സുബ്രഹ്മണ്യൻ നമ്പൂതിരി മാഷിൻറെ മകൾ ശാകംമ്പരി കുട്ടിയായിരുന്നു.നിരവധി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സ്കൂൾ പൊന്നവയലിന്റെ സാംസ്കാരിക ഭൂമിയായി എന്നും നിലകൊള്ളുന്നു