Schoolwiki:എഴുത്തുകളരി/Nizar
- പിന്നാലെ വരുന്നവർ ഇനി പിന്നിലാവില്ല ...

തങ്ങൾ പഠിച്ച വിദ്യാലയത്തിലെ, പഠന സൗകര്യമില്ലാത്ത നൂറോളം കുട്ടികൾക്കായി മിനി കമ്പ്യൂട്ടറുകൾ വീടുകളിൽ സ്ഥാപിച്ചു നൽകുകയാണ് എടവനക്കാട് എച്ച്ഐഎച്ച്എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. 100 വർഷ ചരിത്രമുള്ള ഈ സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ ഹിദായത്തുൽ ഇസ്ലാം സ്കൂൾ അലൂംനി അസോസിയേഷനാണ് (ഹിസ) ‘ഹിസ ഹബ്ബ്’ എന്ന പേരിൽ മിനി കമ്പ്യൂട്ടർ സംവിധാനം ഒരുക്കിനൽകി വിദ്യാർഥികൾക്ക് താങ്ങാകുന്നത്. അർഹരായ കുട്ടികകൾക്ക് ഓൺലൈൻ പഠനത്തിന് ഉപകരിക്കുന്നതിനൊപ്പം ഡിജിറ്റൽ ലോകത്തെ അപകടക്കെണികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിസ ഹബ്ബ് ഒരുക്കിയത്. ആന്റ്രോയ്ഡ് ബോക്സ്, 15 ഇഞ്ച് മോണിറ്റർ, വെബ്കാം, മൈക്, സിം ഇടാവുന്ന ഡോംഗ്ൾ, മൗസ്, കീബോർഡ് എന്നിവ അടങ്ങിയതാണ് ഹിസ ഹബ്ബ്. സൂം, ഗൂഗ്ൾ മീറ്റ്, വാട്സ്ആപ്പ്, ഖാൻ അക്കാഡമി പോലുള്ള ചില പഠന ആപ്പുകൾ എന്നിവ മാത്രമേ ഉപയോഗിക്കാനാകൂ. മറ്റ് സൈറ്റുകളിലേക്കോ അപകടകരമായ ആപ്പുകളിലേക്കോ വിദ്യാർഥികളുടെ ശ്രദ്ധ പോകുന്നത് തടയാനാകും. ഒരു കുട്ടിക്കുള്ള സംവിധാനത്തിന് 11,000 രൂപയോളമാണ് ചെലവ്. ഇത്തരത്തിൽ നൂറോളം കുട്ടികൾക്ക് സംവിധാനം ഒരുക്കുകയാണ് പൂർവ വിദ്യാർഥി സംഘടനയുടെ ലക്ഷ്യം. ഏറ്റവും അർഹരായ 30 കുട്ടികൾക്ക് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കും. കുട്ടിയുടെ പഠനാവശ്യം കഴിയുമ്പോൾ ഈ സംവിധാനം സ്കൂൾ ലാബിലേക്ക് മാറ്റാനും കഴിയും. പരമാവധി കുട്ടികൾക്ക് സൗകര്യം ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും വിവിധ പൂർവ വിദ്യാർഥി ബാച്ചുകൾ സഹായവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഹിസ ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ തുടക്കമായി അഞ്ച് വീടുകളിലേക്കുള്ള ഹിസ ഹബ് ഉദ്‌ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.ഹിസ പ്രസിഡന്റ് എ യു യൂനുസ് പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുൽസലാം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുത്രേസ്യ ഡിന്ന വാർഡ് അംഗം ബിസ്നി പ്രതീഷ് സ്കൂൾ മാനേജർ ഡോ. വി.എം. അബ്ദുല്ല, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുകൂടിയായ പി.ടി.എ പ്രസിഡൻറ് കെ.എ. സാജിത്ത്, സ്കൂൾ പ്രിൻസിപ്പൽ കെ.ഐ. ആബിദ, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ, സ്റ്റാഫ് സെക്രട്ടറി എം എം സഫുവാൻ എന്നിവർ സംസാരിച്ചു.