ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതി ആരോഗ്യം

പരിസ്ഥിതി ആരോഗ്യം

മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയാണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. ഓരോ ജീവനും നിലനിൽപ്പിനാവശ്യമായ ഘടകങ്ങൾ ഈ പരിസ്ഥിതിയിൽ നിന്നാണ് നാം സ്വീകരിക്കുന്നത്. അതിനാൽ സ്വന്തം നിലനിൽപ്പ് പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്, പരിസ്ഥിതിസംരക്ഷണവും.
പ്രകൃതിക്കു മേലുള്ള കടന്നുകയറ്റത്തിന് ഫലമായി സംഭവിക്കുന്ന മാറ്റങ്ങളും വ്യതിയാനങ്ങളും മനുഷ്യ ജീവിതത്തിന് തന്നെയാണ് ഭീഷണിയാവുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അതിരില്ലാത്ത ചൂഷണത്തിനുള്ള പ്രകൃതിയുടെ മറുപടിയാണ് ഓരോ കാലഘട്ടത്തിലും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രകൃതിദുരന്തങ്ങൾ. സുനാമി എന്നിങ്ങനെ ദുരന്തങ്ങൾ ഓരോന്നും ഓരോ മുന്നറിയിപ്പാണ്. മനുഷ്യന്റെ നിലനിൽപ്പ് അസാധ്യമെന്ന മുന്നറിയിപ്പ്. പ്രകൃതിദുരന്തങ്ങൾക്ക് പുറമേ നമ്മെ അലട്ടുന്ന ഗൗരവപരമായ മറ്റൊരു വസ്തുതയാണ് പകർച്ചവ്യാധികൾ. പല രൂപത്തിലും ഭാവത്തിലും വരുന്ന അപകടകാരികളായ രോഗങ്ങൾ മുമ്പൊക്കെ ചില പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അനേകരുടെ ജീവൻ ഹനിച്ച്, കൊറോണാ വൈറസിൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് പരിസ്ഥിതി ആരോഗ്യം എന്നത്.
യുദ്ധങ്ങൾക്ക് ശേഷം ഉണ്ടാകുന്ന അടിയന്തരാവസ്ഥ പോലെ ഒരർത്ഥത്തിൽ നിശ്ചലമായി ഇരിക്കുകയാണ് ലോകം. പടർന്നു പിടിക്കുന്ന വേഗം കൊണ്ടും കുതിക്കുന്ന മരണസംഖ്യ കൊണ്ടും പ്രഥമദൃഷ്ട്യാ പകച്ചു പോയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ നാം അതിനെ പ്രതിരോധിച്ചു. ഇനിയുമത് അവസാനിച്ചിട്ടില്ല. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവൻ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ഇതുവരെ കടന്നുപോകാത്ത ജീവിത അനുഭവങ്ങളിലൂടെയാണ് നാം കടന്നു പോകുന്നതിനാൽ, രോഗ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ തന്നെ ഇരിക്കുന്നത്, കൈകൾ കഴുകുന്നത്, സാമൂഹ്യ അകലം പാലിക്കുന്നത് നമുക്ക് ഊർജ്ജം ആക്കാം. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് അഭികാമ്യം. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സുപരിചിതമായ വാക്കാണ് 'ലോക് ഡൗൺ' എന്നത്. ഈ സന്ദർഭത്തിൽ ഇത് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് ആവാൻ നമുക്ക് പരിശ്രമിക്കാം. ഒത്തൊരുമിച്ചു നമുക്ക് ഈ മഹാ വ്യാധിയെ നേരിടാം.

ആൻസ് മാത്യു
6 എ, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം