ജി. യു. പി. എസ്. പാടിക്കീൽ/നാടോടി വിജ്ഞാനകോശം
മാനവ സമൂഹം ഇന്നേവരെ നേടിയെടുത്ത വിജ്ഞാനത്തിന്റെ കലവറയാണ് നാട്ടറിവുകൾ .നാടോടിഗാനങ്ങൾ ,കഥകൾ ,പുരാവൃത്തങ്ങൾ ,ഐതിഹ്യങ്ങൾ ,പഴഞ്ചൊല്ലുകൾ ,കടങ്കഥകൾ ,ആചാരാനുഷ്ഠാനങ്ങൾ ,നാട്ടുവൈദ്യം ,ഗൃഹനിർമ്മാണരീതി ,പാചകവിദ്യ തുടങ്ങി സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളുടെയും പ്രതിഫലനമായതുകൊണ്ട് തന്നെ ഈ വിജ്ഞാനശാഖയെ ജനതാപഠനം എന്നും വിശേഷിപ്പിക്കുന്നു .പ്രകൃതിയുമായി ഇണങ്ങിയും പോരടിച്ചും ജീവിതവൃത്തത്തെ വികസിപ്പിക്കുന്നതിൽ ഗ്രാമീണരുടെ കൂട്ടായ്മയും അദ്ധ്വാനവും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട് .വാമൊഴിയായി കൈമാറിവന്ന ഇവയ്ക്ക് കാലഭേദങ്ങളും കാണാം .അപാരമായ ഈ വിജ്ഞാനത്തെ കേവലം അതിർ വരമ്പിനകത്ത് തളച്ചിടുക ദുഷ്കരമാണ് .
തെയ്യത്തിന്റെ പെരുമകൊണ്ട് ദേശാന്തരങ്ങളാൽ പരിചിതമായ ഗ്രാമമാണ് കൊടക്കാട് .നർത്തകരത്നം കണ്ണൻ പെരുവണ്ണാന്റെയും ,നാട്യരത്നം അമ്പുപെരുമലയന്റെയും തട്ടകം .തെയ്യവും ,പൂരക്കളിയും ഇവിടുത്തെ ജനസമൂഹത്തിന്റെ അഭിഭാജ്യമായ ഭാഗം .കോൽക്കളിയും ,കളംപാട്ടും ,കളരിയും ,മംഗലംകളിയും ഇവയുടെ അനുബന്ധം .
പൂരക്കളി നമ്മുടെ നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് .മീനമാസത്തിലെ പൂരാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന ഈ ചടങ്ങ് ഋതുമതികളാകാത്ത പെൺകുട്ടികൾക്കുവേണ്ടിയുള്ളതാണ് .കാമൻ ,പൂരക്കഞ്ഞി ,പൂരക്കളി ഇവയൊക്കെ പൂരവുമായി ബന്ധപ്പെട്ട് നിൽക്കുന്നു .മാപ്പിട്ടച്ചേരി പൂരംകുളിയും ,പണയക്കാട്ടെ പൂരക്കളിയും ,മറത്തുകളിയും നമ്മുടെ നാട്ടിലെ ജാതി വ്യത്യാസങ്ങൾക്കതീതമായഉത്സവമാണ് .പൂരക്കളിയുമായി ബന്ധപ്പെട്ട് കൊടക്കാട്ടെ പന്തലിൽ കളിച്ച വാല്യക്കാരനും മുഴക്കോത്തെ വയലിൽ പൂട്ടിയ മൂരിയും എവിടെയും തോറ്റിട്ടില്ല എന്ന ചൊല്ല് തന്നെയുണ്ട് .പൂരം എന്നാൽ കൂട്ടം എന്നർത്ഥം .നമ്മുടെ നാടിന്റെ കൂട്ടായ്മക്ക് ഉദാഹരണമാണ് ഈ ഉത്സവം .