ലഹരി വിമുക്ത കേരളം

ജാഗ്രതാ സമിതി രൂപീകരണം

  സർക്കാർ നിർദ്ദേശപ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലോക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 30 ന് ജാഗ്രതാ സമിതി രൂപീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ പ്രവീൺ അദ്ധ്യക്ഷനും, കൺവീനറായി പ്രിൻസിപ്പൽ ശ്രീമതി ബീന റ്റി എസ് എന്നിവരെ തീരുമാനിച്ചു. ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടപ്പിലോക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യോറോക്കി.

സംസ്ഥാനതല ഉദ്ഘാടനം

   സംസ്ഥാനതല ഉദ്ഘാടനത്തെത്തുടർന്ന് ഒക്ടോബർ ആറിന് ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി പ്രിൻസിപ്പൽ ബീന ടീച്ചറിന്റെയും എച്ച് എം സുഖി ടീച്ചറിന്റെയും നേതൃത്വത്തിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറിവരെയുളള കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. അംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരെ പോരോടേണ്ടതിനെക്കുറിച്ചും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പ്രിൻസിപ്പലും ഹെഡ്‍മിസ്ട്രസ്സും അംബ്ലിയിൽ ബോധവൽക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധ പ്രചരണങ്ങളുടെസംസ്ഥാനതല ഉദ്ഘാടനം വിക്ടേഴ്സ് ചാനലിലൂടെ ഹൈടെക് ക്ലാസ്സുകളിലും ഓഡിറ്റോറിയത്തിൽ രക്ഷിതാക്കൾക്കും കാണാനുളള അവസരം ഒരുക്കി.

 
ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ റാലി

   ഒക്ടോബർ ആറിന് എസ് പി സി, എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, മറ്റു കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ മുതൽ വെങ്ങാനൂർ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ പദയാത്ര നടത്തി.

അധ്യാപകശാക്തീകരണം

   ബാലരാമപുരം ഉപജില്ലയിൽ ബി ആർ സി യിൽ അധ്യാപകർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ നമ്മുടെ സ്കൂളിലെ എല്ലാ പ്രൈമറി അധ്യാപകരും പങ്കെടുത്തു. ഹൈസ്കൂൾ ഹയർസെക്കൻഡറി അധ്യാപകർക്കായി നമ്മുടെ സ്കൂളിൽ വെച്ച് തന്നെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. അജിത ടീച്ചറും അരുൺ സാറുമാണ് ആർപി മാരായി എത്തിയത്.ഈ ക്ലാസ്സുകൾ അധ്യാപകർ കുുട്ടികൾക്കും രക്ഷിതാക്കൾക്കും എടുക്കുകയുണ്ടായി.

ഫ്ലാഷ് മോബ്

 
ഫ്ലാഷ് മോബ്

   എസ് പി സി ലഹരിക്കെതിരെ അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് വെങ്ങാനൂർ, വിഴിഞ്ഞം, മുക്കോല, ഉച്ചക്കട, പെരിങ്ങമ്മല ജംഗ്ഷനുകളിലും സ്കൂൾ അങ്കണത്തിലും അവതരിപ്പിച്ചു. വമ്പിച്ച ജനപങ്കാളിത്തമാണ് ഈ പരിപാടിക്ക് ലഭിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പോസ്റ്റർ രചന

   ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. കുട്ടികളിൽ നിന്നും ലഭിച്ച രചനകളുടെ പ്രദർശനവും സ്കൂളിൽ നടത്തി. ബാലരാമപുരം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ മികച്ചവയ്ക്ക് സമ്മാനം നൽകി.

ലഹരി വിമുക്ത ദീപം

 
ലഹരിവിമുക്ത ദീപം തെളിച്ച 8എയിലെ കീർത്തി.

   സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ വീടുകളിൽ നിന്ന് ലഹരി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ലഹരിവിമുക്തദീപം തെളിച്ചു. ആ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുകയും ചെയ്തു.

ഉപന്യാസ രചന മത്സരം

   ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. 10 A യിലെ ഗോകുൽദേവ് ഡി ആർ ഒന്നാം സ്ഥാനം നേടി.

ചിത്രരചന മത്സരം

   ലഹരിക്കെതിരെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ഇറ്റ് കിൽസ് യു

   ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ മദ്യം മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഇറ്റ് കിൽസ് യു എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി. ഹൈസ്ക്കൂൾ വിഭാഗം കുട്ടികളാണ് ഇതിൽ പങ്കാളികളായത്.

കയ്യൊപ്പ്

 
കോവളം എംഎൽഎ എം വിൻസെൻറിന്റെ നേതൃത്വത്തിൽ കയ്യൊപ്പ് രേഖപ്പെടുത്തുന്നു

   ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി. രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തിയാണ് ലഹരിക്കെതിരെ എൻ എസ് എസ് കയ്യൊപ്പ് സംഘടിപ്പിച്ചത്. ലഹരിക്കെതിരെ കുട്ടികളെയെല്ലാം സാക്ഷിനിർത്തി സ്കൂളിലെ പ്രധാന കവാടത്തിന് പുറത്തു വെച്ചിരിക്കുന്ന ഒരു ബാനറിൽ കോവളം നിയോജക മണ്ഡലം എം എൽ എ ശ്രീ വിൻസെൻറിന്റെ നേതൃത്വത്തിൽ കുട്ടികളും പിടിഎ അംഗങ്ങളും അധ്യാപകരും നാട്ടുകാരും തങ്ങളുടെ കയ്യൊപ്പുകൾ രേഖപ്പെടുത്തി.

ഷോർട്ട് വീഡിയോ കോമ്പറ്റീഷൻ

   ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് വീഡിയോ കോമ്പറ്റീഷൻ നടത്തി. 10 സി യിലെ നവനീതും സംഘവും നിർമ്മിച്ച വീഡിയോ മികച്ച ലഹരി വിരുദ്ധ സൃഷ്ടിയായി കണ്ടെത്തി.

മനുഷ്യച്ചങ്ങല

 
ലഹരി വിരുദ്ധ റാലിയിൽ നിന്ന്

   ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ സമാപനമായി യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാൻ ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ ഏറ്റെടുത്ത പ്രചരണത്തിന്റെ ആദ്യഘട്ടത്തിന്റെ സമാപനം നവംബർ മാസം ഒന്നാം തിയതി രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എംഎൽഎ എം വിൻസെൻറ് നിർവഹിച്ചു. വൈകിട്ട് 3 മണിക്ക് പള്ളിച്ചൽ -വിഴിഞ്ഞം റോഡിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും അണിനിരന്ന ലഹരി വിമുക്ത മനുഷ്യച്ചങ്ങല തീർത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചു.