സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണ -ദൈവത്തിന്റെ സ്വന്തം നാട്ടിൽ
കൊറോണ -ദൈവത്തിന്റെ സ്വന്തം നാട്ടിൽ
കൊറോണ ആർ. എൻ. എ വിഭാഗത്തിൽപെട്ട ഒരു വൈറസ്സാണ്. ഇവ വേഗത്തിൽ ജനിതക മാറ്റം സംഭവിക്കുന്നവയാണ്. ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവ ഇക്കൂട്ടത്തിൽപെടും. ഇനി ഈ വൈറസിന്റെ വലുപ്പം എത്രയാണെന്നറിയേണ്ടേ? 60 മുതൽ 120 നാനോ മീറ്റർ വരെ. ഒരു നാനോ മീറ്റർ ഒരു മീറ്ററിന്റെ 100 കൊടിയിലൊന്ന് അതായത് 1350 വൈറസ്സുകളെ ചേർത്തുവച്ചാൽ ഒരു മുടിനാരിന്റെ കനം. സാധാരണ രോഗലക്ഷണങ്ങളാണിതിനും. ചൈനയിൽ ഒരു രോഗലക്ഷണവും ഇല്ലാത്തവരിൽ കോവിഡ് 19 സ്ഥിദ്ധീകരിച്ചത് കൂടുതൽ ആശങ്ക പടർത്തുകയാണ്. കൊറോണ ഇന്ന് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെ മുഴുവൻ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ പ്രവാസികൾ കൂടുതൽ ഉള്ളത് നമ്മുടെ കൊച്ചു സംസ്‌ഥാനമായ കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ സംസ്‌ഥാനത്തിലാണ്. ഈ വൈറസ് റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ നമ്മുടെ സർക്കാർ ബുദ്ധിപൂർവമായി സ്കൂളുകൾ, കോളേജുകൾ, ഗതാഗതം, സർക്കാർ സ്വകാര്യ സ്‌ഥാപനങ്ങൾ ഇവയെല്ലാം അടച്ചുപൂട്ടിക്കൊണ്ട് ലോക്കഡൗൺ പ്രഖ്യാപിക്കുകയും വിദേശത്തുനിന്നും എത്തിയവരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കുകയും അവരുമായി സമ്പർക്കം പുലർത്തിയവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും ഇവ അനുസരിക്കാത്തവർക്കെതിരെ കർശന നടപടികൾ എടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി നമുക്ക് ഈ വൈറസിനെ സാമൂഹികവ്യാപനത്തിലേക്ക് കടക്കാതെ നിയന്ത്രിക്കാൻ സാധിച്ചു. ഇതിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും മറ്റു മന്ത്രിമാർ ഉൾപ്പെടുന്ന മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ നമുക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. സർക്കാരിന്റെ നിർദ്ദേശങ്ങളെ ഗൗരവമായി പലരും കാണുന്നില്ല. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനി രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും പ്രാർഥനയിൽ കഴിഞ്ഞു. ലോക്‌ഡോൺ പ്രഖ്യാപിച്ചിട്ടും വെറുതെ പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഈ മഹാമാരിക്കിടയിലും കേരള കർണാടക അതിർത്തിയിൽ കർണാടക സംസ്ഥാനത്തിന്റെ ദുശാട്യം കാരണം പത്തോളം രോഗികൾക്കു ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടമായി. ആരോഗ്യപ്രവർത്തകർ, പോലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ ഇവരെല്ലാം വലിയ ദൗത്യങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം കുടുംബത്തെ മറന്നു സ്വന്തം ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചിരിക്കുകയാണ്. അത് നാം പലപ്പോഴും തിരിച്ചറിയാതെപോകുന്നു. ഇവർക്കെല്ലാം ഡ്യൂട്ടിക്കിടെ എന്തെല്ലാം പ്രതിസന്ധികളാണ് നേരിടേണ്ടിവരുന്നത്. പോലീസുകാർ പുറത്തിറങ്ങുന്നവരോട് ദേഷ്യപ്പെടുന്നതും, ഇമ്പോസിഷൻ എഴുതിക്കുന്നതും, ഏത്തമിടീപ്പിക്കുന്നതും, വാഹനങ്ങൾ പിടിച്ചെടുക്കുന്നതും നമുക്കിവേണ്ടിയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. സൗജന്യ റേഷൻ വിതരണം, സാമൂഹിക അടുക്കള വഴി ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സൗജന്യ ഭക്ഷണം, ധന സഹായം തുടങ്ങിയവ നൽകിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ് കേരളം. വീട്ടിലത്തെപ്പോലെ വളരെ സുഖപ്രദമായ ജീവിതം തന്നെയാണ് കേരളത്തിലെ ഐസൊലേഷൻ വാർഡുകൾ എന്ന് രോഗം ഭേദമായ വിദേശികൾ ഉൾപ്പെടെയുള്ളവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. നമുക്ക് ഇഷ്ടമുള്ള ജോലിയിലേർപ്പെടാനുള്ള കൗൺസിലിംഗ്, ഓരോ മണിക്കൂറുമുള്ള ശുചിത്വം, പുറത്തുള്ളവരുമായി ബന്ധപ്പെടാനുള്ള സൗകര്യം, ഇഷ്ടഭക്ഷണം കഴിക്കാനുള്ള സൗകര്യം എല്ലാം ഇവിടെ സജ്ജമാണ്. ഇന്ത്യയിലെ ആരോഗ്യവകുപ്പിന്റെ സർവേ പ്രകാരം ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 12എണ്ണവും കേരളത്തിലാണ്. ഇതിൽ നാം അഭിമാനം കൊള്ളണം. ഇതിനൊക്കെ പുറമെ കേരളത്തിലെ ജനങ്ങളുടെ ജാതിമതഭേദമന്യേയുള്ള സഹകരണമാണ് മറ്റൊന്ന്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർധിച്ചുവരികയാണ്. ആദ്യമേതന്നെ ഈ വൈറസിനെ ഗൗനിക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കൊറോണയ്ക്കെതിരെ ഇതുവരെ ഒരു മരുന്നും കണ്ടെത്തിയില്ല. മലമ്പനിക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ളോറോക്വിൻ ആണ് കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നവർക്ക് പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത്. ഇന്ന് എല്ലാം രാജ്യങ്ങളും മരുന്നിനായുള്ള നെട്ടോട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും ശക്‌ത രാഷ്ട്രങ്ങളിലാണ് ഈ മഹാമാരി പടർന്നു പിടിച്ചിരിക്കുന്നത്. കേരളത്തെപ്പോലെയുള്ള മുൻകരുതൽ എടുക്കാത്തതുകൊണ്ടാണ് ഈ മഹാമാരിക്കെതിരെ വലിയ വില കൊടുക്കേണ്ടി വന്നത്.
ദരിദ്രനെന്നോ പണക്കാരനെന്നോ നോക്കിയല്ല കൊറോണ നമ്മെ സമീപിക്കുന്നത്. എല്ലാറ്റിനേക്കാളും മുൻകരുതലാണ് അത്യാവശ്യം.നാം നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കണം അതിനായി ധാരാളം പച്ചക്കറിയും സുഗന്ധ ദ്രവ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
രോഗലക്ഷണങ്ങൾ
സോപ്പിട്ടാൽ വീഴാത്തവനല്ല നമ്മുടെ കൊറോണ എന്ന കാര്യം നാം ഓർക്കുന്നത് നന്നായിരിക്കും. എവിടെയും വാഹനങ്ങൾ കാതടപ്പിക്കുന്ന ശബ്ദങ്ങൾ, എല്ലാവരും ഓടുകയാണ്.ഒന്നു നിൽക്കാനോ കുടുംബാംഗങ്ങളെക്കുറിച്ചു അന്വേഷിക്കാനോ പോലും സമയമില്ല. അശുദ്ധമായ അന്തരീക്ഷം. ഇതു കൂടാതെ പലയിടത്തും പ്രകൃതിയുടെ നിലവിളി കേൾക്കാം .ഇതായിരുന്നു കുറച്ചു ദിവസം മുൻപു വരെ നാം നമുക്ക് ചുറ്റും കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് വളരെ ശാന്തമായ അന്തരീക്ഷം. എല്ലാവരും വീടിനുള്ളിലാണ്. എല്ലാ വീടുകളിലും കുട്ടികളുടെ ശബ്ദം കേൾക്കാം. എല്ലാവരും കഴിഞ്ഞു പോയ കാലത്തെക്കുറിച്ചുള്ള ആലോചനയിലാണ്. കൊറോണയുടെ കാരണക്കാരനാരാണ്? ഇതാണ് എവിടെയും കേൾക്കാനുള്ളത്. ഇതിന് ഒരുത്തരമേയുള്ളു. മനുഷ്യൻ. നാം ഇന്ന് അനുഭവിക്കുന്നത് നാം ചെയ്തതിന്റെ ഫലം തന്നെയാണ്. ഇന്ന് എല്ലാ ജീവജാലങ്ങളും സന്തോഷത്തിലാണ്. എങ്ങും മനുഷ്യരെ കാണാനില്ല. പലയിടവും അവർ കൈയ്യടക്കിയിരിക്കുന്നു. ഇപ്പോഴത്തെ സർവേ പ്രകാരം വായുമലിനീകരണം കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നു. ഇതിന് കാരണം പ്രകൃതിയുമായുള്ള മനുഷ്യന്റെ സമ്പർക്കം കുറഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും ഇങ്ങനെ ഒരു മഹാമാരി ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം. "വീട്ടിലിരിക്കൂ സുരക്ഷിതരാകൂ ".
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |