ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വ കേരളം രോഗ വിമുക്ത കേരളം
ശുചിത്വ കേരളം രോഗ വിമുക്ത കേരളം
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം, ശുചിത്വ കേരളം എന്ന് പറയാനാകില്ല. പ്രകൃതി ഭംഗി, ഫലഭൂയിഷ്ഠ സമൃദ്ധമായ മണ്ണ്, ഇതൊക്കെ കേരളത്തിൽ നിന്ന് അന്യം നിന്നു പോവുകയാണ്. ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്. നമ്മുടെ ശരീരവും മനസ്സും വീടും പരിസരവും ശുചിത്വമുള്ളവ യാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. മനുഷ്യർ ഉപയോഗിച്ചു തള്ളുന്ന മാലിന്യം കാരണം വായു, ജലം, മണ്ണ്, ആഹാരം ഇവയെല്ലാം വിഷമയമായി മാറിക്കഴിഞ്ഞു. ഇങ്ങനെ പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നു. മനുഷ്യന്റെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ പ്രതിഫലനങ്ങൾ രോഗങ്ങളിലൂടെയും, പ്രകൃതി ക്ഷോഭങ്ങളിലൂടെയും, കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ശ്രീ പി ബാലചന്ദ്രന്റെ കവിത ഓർക്കുന്നു. ' ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ? മലിനമായ ജലാശയം അതിൽ മലിനമായ ഒരു ഭൂമിയും........ ' ഈ അവസരത്തിൽ നമ്മുടെ സ്വന്തം കേരളത്തെ എങ്ങനെ ശുചിത്വകേരളം ആയി മാറ്റുവാൻ സാധിക്കും എന്ന് നമ്മൾ ഉണർന്ന് ചിന്തിക്കുകയും, അത് യാഥാർത്ഥ്യം ആക്കുവാനും, സാധിക്കണം. അതിനായി നമ്മുടെ ചിന്തയും പ്രവർത്തിയും മാറേണ്ടതുണ്ട്. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദം ആകുന്ന രീതിയിൽ ജൈവ വളം ആക്കി മാറ്റുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. ആശുപത്രി മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ, അറവുശാലകളിലെ മാലിന്യങ്ങളും തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ നിർമാർജനം ചെയ്യാനുള്ള മാർഗ്ഗം സ്വീകരിക്കണം. നമ്മുടെ ചുറ്റുപാടിൽ നാം കാണുന്ന കാര്യം എന്തെന്നാൽ വീടുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ റോഡരികിൽ കൊണ്ട് നിക്ഷേപിക്കുന്ന പ്രവണതയാണ് . അത് കാരണം കാൽ നടയാത്രക്കാർക്കും ആ വഴിയിലൂടെ വാഹനത്തിൽ സഞ്ചരിക്കുവർക്കും ബുദ്ധിമുട്ട് നേരിടുന്നു . റോഡുകളിലും പരിസരങ്ങളിലും ചപ്പുചവറുകൾ വലിച്ചെറിയുന്നതും തുപ്പുന്നതും മലമൂത്രവിസർജനം നടത്തുന്നതും ദോഷകരമാണെന്ന് മനസ്സിലാക്കുക. വനങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. വനനശീകരണത്തിലൂടെ കാലാവസ്ഥ വ്യതിയാന ത്തോടൊപ്പം വന്യജീവികൾ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാകുന്ന അവസ്ഥയാണ്. 'മരം ഒരു വരം 'എന്ന മഹത് വാക്യം നാം വിസ്മരിച്ചു പോകരുത്. ജലാശയങ്ങൾ കാത്തുസൂക്ഷിക്കുക. അതു മലിനമാക്കുന്നതും മണ്ണിട്ട് നികത്തുന്നതും ജലക്ഷാമത്തിന് കാരണമാകും എന്ന് തിരിച്ചറിയുക. ' കേരം തിങ്ങും കേരള നാട്. മലകൾ തിങ്ങും മലനാട്.' എന്നു് കവി പാടിയ സുന്ദര കേരളത്തെ നമുക്കായി; വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കാം.നമ്മുടെ നാടിനെ ശുചിത്വത്തോടെ കാത്തു സൂക്ഷിക്കുന്നതോടൊപ്പം നമ്മുടെ വ്യക്തിശുചിത്വവും പ്രധാനപ്പെട്ട ഘടകമാണ് ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് .നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മാലിന്യം ഏറിയതാണ്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെയും നമ്മുടെ ശരീരത്തിലെ ഭാഗമാകുന്നു.അങ്ങനെ പല തരം രോഗങ്ങൾക്കും അടിമപ്പെട്ടു ജീവിതം ജീവിച്ചു തീർക്കുന്ന അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത്. ഇതിൽ നിന്നൊരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിലെ ഭാഗമാക്കിയെ തീരൂ. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം.' ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം'എന്നാണല്ലോ ചൊല്ല് തന്നെ. അതുകൊണ്ടുതന്നെ നാം കുട്ടിക്കാലം മുതൽ ശുചിത്വം ഉള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. നഖം വെട്ടി വൃത്തിയാക്കുക. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഇതൊക്കെയും വ്യക്തി ശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി അടിച്ചുവാരുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. അനാവശ്യമായി വളർന്നു പടരുന്ന കാടുകൾ വെട്ടി തെളിക്കുക. ഇങ്ങനെ നമുക്ക് പരിസരം ശുചിത്വമുള്ളതായി മാറുന്നു . ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ വ്യക്തിത്വം ഉള്ളവരായി മാതൃകയുള്ളവരായി ജീവിക്കാം. മാരകരോഗങ്ങൾ പടരുന്നത് തടയാം. ആരോഗ്യമുള്ള ശരീരവും മനസ്സും ഉള്ള വ്യക്തികളായി തീരുവാൻ നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |