ഭയം
         വീട്ടുപടിക്കലൂടെ കാർ  കടന്നുപ്പോയപ്പോൾ ജനാലയിലൂടെ കാറിനുള്ളിലേക്ക് ഉറ്റുനോക്കുന്ന മക്കളുടെ ഭീതി നിഴലിച്ച കുഞ്ഞിക്കണ്ണുകൾ മാത്രമേ അയാൾക്ക്‌ കാണുവാൻ സാധിച്ചിരുന്നുള്ളു. അവരെ വാരിപ്പുണരാൻ മനസ് വെമ്പുന്നുണ്ട്. പക്ഷെ വേണ്ട. തീപോലെ ആളിപ്പടരുന്ന ഈ മഹാമാരിയുടെ കാലത്ത് താൻ മാത്രം കരുതൽ പ്രവർത്തനങ്ങൾ ലംഘിക്കേണ്ട. കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കാം...... 
         മാറാല പിടിച്ച ഒറ്റമുറി വീട്ടിലേക്കു കയറുമ്പോൾ 100 മീറ്റർ അകലെയുള്ള മരുഭൂമിയിലെ വിയർപ്പു കൊണ്ടു പണിയിച്ച തന്റെ രണ്ടുനില ഭവനത്തിലേക്ക് അയാൾ പ്രതീക്ഷയോടെ നോക്കി. ആ നോട്ടത്തെ കീറിമുറിച്ചുകൊണ്ട് പൈസപോലും വാങ്ങാതെ  ചീറിപ്പാഞ്ഞ ടാക്സി കാർ ജോസഫിന്റെ മനസിനെ അലട്ടാൻ തുടങ്ങി. `ഹാ... ചിലപ്പോൾ അയാൾക്ക്‌ എന്നെ ഭയമായിരിക്കും´. മൂക്കിനെയും വായയെയും വരിഞ്ഞു മുറുക്കിയ മാസ്ക് എന്ന മുഖാവരണം   എടുത്തു മാറ്റുന്നതിനിടയിൽ ജോസഫ് ചിന്തിച്ചു. 
         വല്ലാതെ വിശക്കുന്നു. അടുക്കളയിലേക്ക് പോയപ്പോൾ മൂടിവച്ചിരിക്കുന്ന ഭക്ഷണം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കൂടെ ഒരു എഴുത്തും. `വീടിനു പുറത്തേക്കു ഇറങ്ങരുത്. ഭക്ഷണം വേലക്കാരൻ സ്റ്റോർറൂമിൽ കൊണ്ടു വയ്ക്കും. കൂടെ വസ്ത്രങ്ങളും. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം ഈ ഫോൺ ഉപയോഗിച്ച് വിളിക്കാം. ´
         മേശക്ക് അരികിൽ  വച്ചിരുന്ന ഒരു പഴയ മോഡൽ ഫോൺ അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അതൊന്നു ഓണാക്കാൻ ഒട്ടേറെ സമയമെടുത്തു. ഇത്തരത്തിലുള്ള ഫോൺ ഉപയോഗിച്ച കാലം മറന്നിരിക്കുന്നു..... 
         ബാഗിൽ കരുതിയ sanitizer കൊണ്ടു കൈ കഴുകിയ ശേഷം ജോസഫ്  ഭക്ഷണത്തിൽ മുഴുകി. ബാഗിലെ സാധനങ്ങൾ എല്ലാം ഒരു മൂലയിൽ കൂട്ടി വയ്ക്കുന്നതിനിടയിൽ ആണ് തന്റെ ഫോൺ അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അതു `ചത്തിട്ട് ´രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. 
         വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യങ്ങൾ അടങ്ങിയ ഒരു ബുക്‌ലെറ്റ് ബെഡ്‌റൂമിൽ ഉണ്ടായിരുന്നു. അതിലെ പ്രധാന കാര്യം വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളായ ചുമ,ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയവ ഉണ്ടോയെന്നു ശ്രദ്ധിക്കുകയാണ്. അതില്ലെന്ന് ഉറപ്പാണ് എങ്കിലും. 
          ഇപ്പോൾ രാത്രിയാണ്. നല്ല ചൂടുണ്ട്. ഈ ചൂട് തനിക്കു പുത്തരിയല്ല. എങ്ങനെയൊക്കെയോ മൊബൈൽഫോൺ തുറന്നു. ചാർജ് തീരെയില്ല. ആദ്യം കണ്ടത് പുഞ്ചിരിച്ചു നിൽക്കുന്ന മക്കളുടെ  ചിത്രമാണ്. ഉടൻ തന്നെ എഴുത്തിന്റെ കൂടെ തന്ന ഫോണുപയോഗിച്ചു അയാൾ വീട്ടിലേക്കു വിളിച്ചു. ഫോണെടുത്തത് വേലക്കാരനാണ്. ഫോൺ മക്കൾക്ക്‌ കൊടുക്കൂ എന്നതിന്റെ ഉത്തരമായി അവർക്ക് ഭയമാണ് എന്ന് മാത്രമേ അവൻ പറഞ്ഞുള്ളു. അയാളുടെ തൊണ്ട വരണ്ടു പോയി. ശബ്ദം കുറഞ്ഞു. മറുത്തൊന്നും പറയാതെ അയാൾ ഫോൺ വച്ചു. 
         അടച്ചുപ്പൂട്ടിയ ആ വീടിന്റെ പൊടി നിറഞ്ഞ ജനവാതിലിലൂടെ അയാൾ സ്വന്തം ഭവനത്തെ നോക്കി. എങ്ങും ആരുമില്ല. അകലെ കൂട്ടിൽ കിടക്കുന്ന വളർത്തുപട്ടിയെ മാത്രം ശ്രദ്ധയിൽപ്പെട്ടു. ഒരുപാട് നേരം ജനവാതിലിലേക്ക് ഉറ്റുനോക്കിയ ശേഷം അതും കുറച്ചകലേക്ക് മാറി കിടന്നു. 
         `ഈ പട്ടിക്കും എന്നെ ഭയമാണ് ´.അയാൾ തന്നത്താൻ പറഞ്ഞു. സമയത്തെ കൊല്ലാനായി എഴുത്തിനൊപ്പം തന്ന ഫോണിലെ കൊച്ചുകുട്ടികൾക്കുള്ള ഗെയിം പോലും അയാൾക്ക്‌ കളിക്കേണ്ടി വന്നു. ഇഴഞ്ഞു നീങ്ങുന്ന സമയത്തെയും ആളിപ്പടരുന്ന രോഗത്തെയും അയാൾ പ്രാകിക്കൊണ്ടേയിരുന്നു. 
         ഏവർക്കും എന്നെ ഭയമാണ്. എന്നാൽ ഞാൻ എന്നെ ഭയക്കുന്നില്ല. ഭീതിയല്ല വേണ്ടത് കരുതലാണ്. എന്റെ ജന്മനാടിന്റെ സംരക്ഷണം എന്റെ കൂടി ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ രോഗവാഹകനാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 
         ഇത്രയും ചിന്തിച്ചുക്കൊണ്ട് അയാൾ ഫോണിലെ ഗെയിം തുടർന്നു കൊണ്ടേയിരുന്നു..... 
Athira.v
8A എച്ച്.എസ്. രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ