ജി യു പി എസ് ഒഞ്ചിയം/നാടോടി വിജ്ഞാനകോശം
ഒഞ്ചിയം ദേശം - ചരിത്രം
ഐതിഹ്യങ്ങളും കൽപ്പിത കഥകളും കൂടിപ്പിണഞ്ഞു കിടക്കുന്ന നാടോടി വാങ്മയങ്ങളിലും തലമുറകൾ തലമുറകളിലേക്ക് പകർന്നു നൽകിയ നൂറ്റാണ്ടുകൾ പഴക്കമുള്ള നാടൻപാട്ടുകളിലും ക്ഷേത്ര ലിഖിതങ്ങളിലും ദേശത്തിന്റെ ചരിത്രം കുരുങ്ങിക്കിടക്കുന്നു.വടക്കേ മലബാറിലെ പ്രബലരായ കടത്തനാട് സ്വരൂപത്തിന്റെ ഉത്ഭവം അഴിയൂരിലാണെന്ന് കരുതപ്പെടുന്നു.ചിറയ്ക്കൽ തമ്പുരാട്ടിയുമായി അഴിയൂരിലെ സ്ഥാനികനായ കണ്ണമ്പള്ളി അടിയോടി പ്രണയത്തിലായി.ഇത് ചിറയ്ക്കൽ കോവിലകത്തിൻ്റെ അപ്രീതി ക്ഷണിച്ചു വരുത്തി.മാനസാന്തരം വന്ന തമ്പുരാൻ കടത്തനാടിന് അധീശ അധികാരം നൽകി നാദാപുരത്തിന് സമീപമുളള പുറമേരിയിൽ കോവിലകം പണിതു രാജാവായി സ്വയം അവരോധിച്ചുവത്രെ.ഇവരാണ് വടകര വാഴുന്നവർ എന്ന പേരിൽ അറിയപ്പെട്ടത്.ഈ തമ്പുരാന് മുട്ടുങ്ങലും ഏറാമലയിലും ഒഞ്ചിയത്തെ എടക്കണ്ടിക്കുന്നിലും അവകാശികളും കോവിലകങ്ങളും ഉണ്ടായിരുന്നു. ഒഞ്ചിയം പിന്നീട് കടത്തനാട് രാജാവിന്റെ സാമന്തനായ എടക്കണ്ടികോവിലകത്ത് തമ്പുരാന്റെ അധീശത്തിലായി.
മയ്യഴിയിലെത്തിയ ഫ്രഞ്ചുകാർക്ക് വടകര വാഴുന്നവർ കോട്ടയ്ക്കും പാണ്ടികശാലയ്ക്കുംസ്ഥലം അനുവദിച്ചതോടെ അധിനിവേശത്തിന്റെ ചരിത്രവും ആരംഭിച്ചു.
മടപ്പള്ളിയും ഊരാളുങ്കലും ഉൾപ്പെട്ട ഒഞ്ചിയം ഗ്രാമപ്രദേശത്ത് ഏകദേശം 2000 വർഷം മുൻപ് തന്നെ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്.വല്ലത്ത് കുന്നിന്റെ തെക്കേ ചെരിവിൽ നിന്നും മുട്ടുങ്ങലിലെ കൊയിലോത്ത് പറമ്പ് പരിസരത്തുനിന്നും ലഭിച്ച മഹാശിലാ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഈ പ്രദേശത്തിന്റെ പ്രാചീന തലയിലേക്ക് വെളിച്ചം വീശുന്നു.എ.ഡി പതിനൊന്നാം നൂറ്റാണ്ടോടടുപ്പിച്ച് ഒഞ്ചിയം പ്രദേശം ഒരു ബ്രാഹ്മണ ഗ്രാമമായി വളർന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.
മാഹി(മയ്യഴി) പുഴയുടെ തീരപ്രദേശത്തുള്ള ചേമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാണുന്ന ശിലാലിഖിതങ്ങൾ ഒഞ്ചിയത്തിന്റെ പ്രാചീന തലയിലേക്ക് വെളിച്ചം വീശുന്നു.ഈ ലിഖിതങ്ങൾ രണ്ട് ഗ്രാമങ്ങളിലെ ഊരാളികളെ കുറിച്ച് പറയുന്നുണ്ട്.ഇതിലൊന്ന് ചേമ്പ്ര ക്ഷേത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു.മറ്റേ ഗ്രാമം ഏതാണെന്ന് ലിഖിതങ്ങൾ പഠിച്ച പണ്ഡിതന്മാർക്ക് മനസ്സിലായിരുന്നില്ല.രണ്ടാമത്തെ ഗ്രാമം ഊരാളുങ്കൽ ആയിരുന്നുവെന്ന് ആ പേരു തന്നെ സൂചിപ്പിക്കുന്നുണ്ട്. ഊർ അഥവാ ഗ്രാമം ഭരിക്കുന്നവരുടെ (ഊരാളർമാരുടെ)കോവിലുണ്ടായിരുന്ന സ്ഥലമാണ് ഊരാളുങ്കൽ.
ഒഞ്ചിയം ഭരിച്ചിരുന്ന ഊരാളർ സമിതിയിൽ അഞ്ച് ബ്രാഹ്മണർ ഉണ്ടായിരുന്നുവെന്ന് ഊഹിക്കാൻ കഴിയും.അന്നൊക്കെ സമിതി അംഗങ്ങൾ യോഗക്കാർ യോഗാതിരി എന്നെല്ലാമാണ് അറിയപ്പെടുന്നത്.ഇവിടെ അഞ്ച് യോഗക്കാർ അടങ്ങിയ സമിതിയായിരുന്നു ഭരണം നടത്തിയിരുന്നത്.അങ്ങനെ അഞ്ച് യോഗം എന്ന പേര് ലോപിച്ചാണ് ഒഞ്ചിയം എന്ന പേര് ഗ്രാമത്തിന് ലഭിച്ചത്.
കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങളിൽ 31 എണ്ണവും തിരിച്ചറിഞ്ഞിട്ടുണ്ട്.കഴുതനാട് എന്ന ബ്രാഹ്മണ ഗ്രാമം മാത്രമാണ് തിരിച്ചറിയാത്തത്.അത് ഒഞ്ചിയം ഗ്രാമമാണെന്ന് ഊഹിക്കാൻ പല തെളിവുകളും ഉണ്ടെന്ന് സൂചിപ്പിക്കട്ടെ.ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് ബ്രാഹ്മണർ ഉപേക്ഷിച്ചു പോയി എന്ന് വിശ്വസിക്കുന്ന ഒഞ്ചിയത്ത് മൊയിലോത്ത് ക്ഷേത്രാവശിഷ്ടങ്ങളും സ്ഥലനാമങ്ങളും പഴയ കഴുതനാടിനെ അനുസ്മരിപ്പിക്കുന്നുണ്ട്.
ഒഞ്ചിയത്തിന്റെ വടക്കൻദേശങ്ങൾ ചോമ്പാൽ, കുഞ്ഞിപ്പള്ളി, അഴിയൂർ, മാഹി, തലശേരിഎന്നിവയാണ്. ഏറാമല, ഓർക്കാട്ടേരി, എടച്ചേരി, പുറമേരി,നാദാപുരം എന്നിങ്ങനെനീണ്ടുപോകുന്നതാണ്കിഴക്കുഭാഗം.പടിഞ്ഞാറുഭാഗം അറബിക്കടലുംതെക്ക് ഭാഗം വെള്ളിക്കുളങ്ങര,ചോറോട്, വള്ളിക്കാട്, കടത്തനടൻ കേന്ദ്രമായ വടകര വരെ നീളുന്നതുമാണ്.
എടക്കണ്ടിക്കുന്ന്, വല്ലത്തുകുന്ന്, മാവിലക്കുന്ന്, മലോൽക്കുന്ന്, കണ്ണാടിക്കുന്ന് എന്നിവയും വയലുകളാൽ സമ്പന്നമായതാഴ്വരകളും ചേർന്നതാണ് ഒഞ്ചിയത്തിന്റെ ഭൂഘടന. വിശാലമായവയലേലകൾക്കു പുറമെ പടിഞ്ഞാറെഭാഗം കടൽപ്പരപ്പാണ്.ഒഞ്ചിയത്തിന് കിഴക്ക് ഓർക്കാട്ടേരി മണപ്പുറം വഴി കളിയാംവെള്ളിപ്പുഴവരെയും പടിഞ്ഞാറ് അറബിക്കടലിനോട് ചേർന്ന് അറക്കൽ ക്ഷേത്രത്തിന്കീഴ്ഭാഗത്തും വെള്ളക്കെട്ട് നിറഞ്ഞ വയലുകളാണ്.മൊത്തത്തിൽ അഞ്ച് വയൽപ്രദേശമാണ് ഇവിടെയുണ്ടായിരുന്നത്. ഇതുകൊണ്ടുതന്നെ ഒഞ്ചിയം ഗ്രാമത്തിന്റെ മുഖ്യതൊഴിൽ കൃഷിയാണെന്ന് വ്യക്തം.നെൽകൃഷി ഒഴിയുമ്പോൾ പച്ചക്കറികൃഷിയും
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ ഒഞ്ചിയം എന്ന കർഷകഗ്രാമം ഉണരുന്നത് ഉത്തരകേരളത്തിലെ നവോത്ഥാനനായകരിൽ പ്രമുഖനായ വാഗ്‌ഭടാനന്ദ ഗുരുവിൻറെ ആത്മവിദ്യാ സംഘം പ്രവർത്തനത്തിലൂടെ ആയിരുന്നു. 1917ൽ ഒഞ്ചിയത്തെ കാരക്കാട്ടിൽ ആത്മവിദ്യാ സംഘം പ്രവർത്തനം ആരംഭിച്ചു. സാമൂഹികാനാചരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാട്ടം നയിച്ച സംഘം ഒഞ്ചിയത്തിൻറെ ഉണർവായി.