സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നായ കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ശഷ്ഠിപൂർത്തി സ്മാരകമായി 1918ൽ സ്ഥാപിതമായതാണ്.രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തു സൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.പ്രധാന ഓഫീസിലൂടെ സ്കൂളിൻറെ അകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ നാലുകെട്ടും നടുമുറ്റവുമുള്ള ഒരു തറവാടിലേക്ക് എത്തിയ ഒരു അനുഭൂതിയാണ് ഉണ്ടാകുന്നത്.ഒട്ടനവധി മഹാപ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം കായംകുളത്തിൻറെ ചരിത്രത്തിൻറെ ഏടുകളിൽ സുവർണ്ണലിപികളാൽ കുറിയ്ക്കപ്പെട്ട് കായംകുളത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു.

ശ്രീമൂലം തിരുനാൾ മഹാരാജാവ്
ഗവ.ബോയ്സ് ഹൈസ്കൂൾ


കേരളത്തിൻറെ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്ത് ഒട്ടനവധി മഹാപ്രതിഭകളെ ഈ സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്.ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ,കേരളത്തിൻറെ മുൻ ധനകാര്യവകുപ്പ് മന്ത്രിമാരായ പി.കെ.കുഞ്ഞ് സാഹിബ്, അഡ്വ.ഹേമചന്ദ്രൻ,തച്ചടി പ്രഭാകരൻ എന്നിവർ,പ്രശസ്ത സാഹിത്യകാരൻ എസ്. ഗുപ്തൻനായർ,നാടകകൃത്ത് തോപ്പിൽ ഭാസി,എഴുത്തുകാരനായ പുതുപ്പള്ളി രാഘവൻ,സുശീല ഗോപാലൻ,മുൻ എം.പി എസ്.രാമചന്ദ്രൻ പിള്ള,മുൻ വിദേശകാര്യ അംബാസിഡർ റ്റി.പി. ശ്രീനിവാസൻ,ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ചെറിയാൻ,സി.എസ്. സുബ്രഹ്മണ്യൻ പോറ്റി മുതലായവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.