ജി.എൽ.പി.എസ്.മുണ്ടുമുഴി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസ രംഗത്ത് കേരളം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലായിരുന്നു. കേരളത്തിന്റെ മൂന്നു ഭാഗങ്ങളായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറും. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ (പ്രാഥമിക വിദ്യാഭ്യാസ വ്യപനത്തിനായി) വിദ്യാലയങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. മുണ്ടുമുഴി പ്രദേശത്ത് സ്ഥാപിക്കപ്പെട്ട ഏകാധ്യാപക വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴി .1955 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ ഏകാധ്യാപകനായിരുന്നു സി. മായിൻ കുട്ടി മാസ്റ്റർ . 1 മുതൽ 4 വരെ ക്ലാസുകളിൽ കണക്കും മലയാളവുമാണ് അക്കാലത്ത് പഠിപ്പിച്ചിരുന്നത്. ഉണ്ണിമോയി മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ , ശൈഖ് മൊയ്തീൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരും മത സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഉന്നത നേതാക്കന്മാരും ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. വാടകക്കെട്ടിടത്തിലായിരുന്നു (മദ്രസാ കെട്ടിടം) ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വാടകക്കെട്ടിടത്തിലായതു കൊണ്ട് വികസനത്തിനുള്ള ഫണ്ടുകളൊന്നും ഈ വിദ്യാലയത്തിന് ലഭ്യമായിരുന്നില്ല. കുട്ടികളുടെ ആധിക്യവും സ്ഥലപരിമിതിയും അന്നത്തെ പ്രശ്നങ്ങളായിരുന്നു. പലസ്ഥലങ്ങളും അന്വേഷിച്ചു. മുണ്ടുമുഴിയിൽ തന്നെയാവണം ഈ സ്ഥാപനം എന്ന നിർബന്ധമുള്ളത് കൊണ്ട് അതൊന്നും പരിഗണിച്ചില്ല. ഈ സമയത്താണ് മുണ്ടുമുഴിക്കൽ ഉമ്മേര്യം എന്നവർ 15 സെന്റ് സ്ഥലം സ്കൂളിന് വിലയ്ക്ക് നൽകാൻ താൽപര്യം പ്രകടിപ്പിച്ചത്. നാട്ടുകാർ ചേർന്ന് വികസന കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെയും വിദേശത്തുള്ളവരുടെയും സഹായ സഹകരണത്തോടെ ആ സ്ഥലം സ്കൂളിനു വേണ്ടി വാങ്ങുകയും ചെയ്തു. പിന്നീടുള്ള വിദ്യാലയത്തിന്റെ പുരോഗതി വളരെ പെട്ടെന്നായിരുന്നു. അന്നത്തെ എം.പിയായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ വികസന ഫണ്ടിൽ നിന്നും 4 ക്ലാസ് മുറിയും DPEP യിൽ നിന്ന് 2 ക്ലാസ് മുറിയും അനുവദിച്ചു കിട്ടി. 2002 ജൂണിൽ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. പഞ്ചായത്തിൽ നിന്നും അനുവദിച്ച കഞ്ഞിപ്പുര, ഓഡിറ്റോറിയം, എസ്.എസ്.എ അനുവദിച്ച ചുറ്റുമതിൽ എന്നിവയുടെ പണിയും പൂർത്തിയായി. കുടിവെള്ളത്തിനായി മുണ്ടുമുഴിക്കൽ ബഷീർ അനുവദിച്ച് തന്ന സ്ഥലത്ത് ഫണ്ട് ഉപയോഗിച്ച് കിണർ കുഴിച്ച് കുടിവെള്ളം സ്കൂളിലെത്തിച്ചു. സ്കൂളിലേക്കുള്ള റോഡ് ടാറിട്ടു ഗതാഗതയോഗ്യമാക്കി.ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും വാഹന സൗകര്യമില്ലായെന്നതും സ്കൂളിലെ കുട്ടികൾ കുറയാൻ കാരണമായി. ഇതിന് പരിഹാരമായി സ്കൂൾ സംരക്ഷണ സമിതി രൂപീകരിച്ച് വാഹന സൗകര്യം ഏർപ്പെടുത്തി. എം.എൽ എ ഫണ്ടിൽ നിന്നും പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും ലഭിച്ചു. ICT സാധ്യതകൾ ഉപയോഗപ്പെടുത്തി ക്ലാസുകൾ നടത്തിവരുന്നു.