വില്ല്യാപ്പള്ളി യു. പി. സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വില്ല്യാപള്ളി പഞ്ചായത്തിലെ ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിൽ  വില്യാപ്പള്ളി ടൗണിൽ നിന്ന്, 2 കിലോമീറ്റർ തെക്കു കിഴക്കായി ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ആധുനിക വിദ്യാഭ്യാസ സമ്പദ്രായം മലബാർ പ്രദേശത്ത് രൂപപ്പെട്ടുവന്ന കാലത്തു തന്നെയാണ് ഈവിദ്യാലയം നിലവിൽ വന്നത്. 1927ലാണ് സ്കൂൾ ആരംഭിച്ചത്.

      കർഷകരും കർഷകത്തൊഴിലാളികളും നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ ജാലി ചെയ്യുന്നവരും ഗൾഫ് നാടുകളിൽ തൊഴിൽചെയ്യുന്നവരെ ആശ്രയിച്ചു കഴിയുന്നവരുമാണ് ഇവിടുത്തെ പൊതുസമൂഹം.സ്കൂൾ സ്ഥാപിതമായ കാലഘട്ടത്തിൽ തൊഴിൽ സാധ്യത ഉണ്ടായിരുന്നത് കാർഷികമേഖലയിൽ മാത്രമായിരുന്നു. കൃഷിയെ ആശ്രയിച്ചുകൊണ്ടായിരുന്നു സമൂഹം നിലകൊണ്ടിരുന്നത്. ജന്മി കൂടിയാൻ ബന്ധം നിലനിന്നിരുന്ന ആ കാലത്ത് കുറുക്കാട്ട്, രാമത്ത്, തുടങ്ങിയവയായിരുന്നു പ്രധാന ജന്മി കുടുംബങ്ങൾ.

   ഈ സ്ക്കൂളിന്റെ സ്ഥാപക മാനേജർ അന്നത്തെ അധികാരി ആയിരുന്ന കുറുക്കാട്ട് കുഞ്ഞപ്പു എന്ന കുഞ്ഞിക്കുറുപ്പാണ്. അവരുടെ മരണശേഷം മൂത്ത മകൻ മൂർച്ചിലോട്ട് രാധാകൃഷ്ണക്കുറുപ്പ് മാനേജരായി. 1962 ൽ-  സുന്ദരകലാസമിതിയുടെ പ്രസിഡണ്ടും സ്വാതന്ത്യസമര സേനാനിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ വി.പി കുഞ്ഞിരാമക്കുറുപ്പ് കമ്മറ്റിക്കുവേണ്ടി മാനേജരായി. പിന്നീട് കുറുക്കാട്ട് തറവാട്ടിലെ വല്യമ്മയും സ്ഥാപകമാനേജരുടെ അമ്മയുമായ കുറുക്കാട്ട് കുഞ്ഞിക്കുഞ്ഞൻ അമ്മ മാനേജരായി, അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ മകളായ കുറുക്കാട്ട് കുഞ്ഞിക്കാവ അമ്മയുടെ പേരിൽ 1967 ൽ മാനേജുമെന്റ് മാറ്റി. കുഞ്ഞിക്കാവ അമ്മയുടെ മരണശേഷം മൂത്തമകനായ കുറുക്കാട്ട് കരുണാകരക്കുറുപ്പ് (17.3.01) മാനേജരായി. അദ്ദേഹമാണ് ഇന്നത്തെ മാനേജർ. സ്ഥാപക മാനേജരും സ്ഥലം അധികാരിയുമായിരുന്ന കുറുക്കാട്ട് കുഞ്ഞപ്പു എന്ന കുഞ്ഞിക്കുറുപ്പ് നികുതി പിരിവിനും അംശത്തിലെ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു.

വണ്ണത്താംക്കണ്ടി പൈതൽ ഗുരുക്കളുടെ ശിക്ഷണത്തിൽ നടന്നുവന്നിരുന്ന എഴുത്തുപള്ളിക്കൂടമാണ് വില്യാപ്പള്ളി യു.പി.സ്ക്കൂളായിമാറിയത്. ഈ സ്ക്കൂളിന് അടുത്തുള്ള പുതിയോട്ടിൽ പറമ്പിൽ ഉണ്ടായിരുന്ന പുതിയോട്ടിൽ എലിമെന്ററി ഇവിടെ നടന്നിരുന്ന പള്ളിക്കൂടവുമായി ചേർത്ത് 1927ൽ ഒന്നു മുതൽ എട്ടാം തരം വരെ ഒന്നിച്ച് അംഗീകാരം നേടുകയാണുണ്ടായത്.

മുട്ടുങ്ങൾ സ്വദേശിയായിരുന്ന ചാത്തുക്കുറുപ്പായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. സ്ക്കൂൾ രേഖപ്രകാരം പൊന്മേരി പറമ്പിലെ കൃഷ്ണൻ മകൻ മനത്താനത്ത് നാരായണനാണ് ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പി.ടി.എ.പ്രസിഡണ്ട് കല്ലം വെള്ളി അപ്പുണ്ണിക്കുറുപ്പായിരുന്നു. കുട്ടികളെ എഴുത്തിനിരുത്തിരിക്കുന്നത് വട്ടക്കണ്ടി കൃഷ്ണൻ നായരും ഗോപാലക്കുറുപ്പും കെ.പി. അച്ച്യുതക്കുറുപ്പും വയന കുന്നുമ്മൽ ബാലൻ ഗുരിക്കളും ആയിരുന്നു. കൂറ്റേരി ജിദേഷാണ് ഇപ്പോൾ കുട്ടികളെ എഴുത്തിനിരുത്തി വരുന്നത്.

നമ്മുടെ സ്കൂളിലെ പൂർവ്വ അധ്യപകനായിരുന്ന എം.സി. അപ്പുണ്ണി നമ്പ്യാർ കേരള സംഗീത നാടക അക്കാദമി വൈ.പ്രസിഡണ്ടും സാഹിത്യ അക്കാദമി മെമ്പറുമായിരുന്നു. കുട്ടികളുടെ നാടക രംഗം മുതിർന്നവർ കൈയടക്കി വന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചാത്തുമ്മാന്റെ ചെരുപ്പുകൾ എന്ന നാടകത്തിലൂടെ സ്ക്കൂൾ നാടകവേദിക്ക് പുതിയ ഭാവുകത്വം നൽകാൻ ഈ സ്ക്കൂളിന് കഴിഞ്ഞത്. 1991 - 92 ൽ സംസ്ഥാന സ്ക്കൂൾ കലാമേളയിൽ ഒന്നാം സ്ഥാനം, ചാത്തുമ്മാന്റെ ചെരുപ്പുകൾ എന്ന നാടകത്തിനായിരുന്നു. 92-93 ൽ ഒരിടത്തൊരു പാവക്കൂട്ടം എന്ന നാടകത്തിന് മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. പരേതനായ എൻ.കെ.രവീന്ദ്രൻ മാസ്റ്റർ ഈ നേട്ടങ്ങൾക്ക് പിന്നിലെ സജീവ സാന്നിധ്യമായിരുന്നു. നല്ല ചിത്രകാരൻ കൂടിയായിരുന്നു രവീന്ദൻ മാസ്റ്റർ .

ഡോ.സുകുമാർ അഴീക്കോട് യശശരീരനായ മൂടാടി ദാമോദരൻ മാസ്റ്റർ, മുൻ വിദ്യാഭ്യാസമന്ത്രിയായ യശശരീനായ പി.പി. ഉമ്മർകോയ, ജില്ലാ കലക്ടർമായിരുന്ന കെ.ജയകുമാർ , ഉഷാ ടൈറ്റസ്, സിനിമാ താരമായിരുന്ന കോഴിക്കോട് ശാന്താദേവി, ഫ്രൊ എം.എൻ.വിജയൻ , കടത്തനാട് നാരായണൻ മാസ്റ്റർ, കടമേരി ബാലകൃഷ്ണൻ , ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം. ഡി.വിനയചന്ദ്രൻ , കടമ്മനിട്ട, കുരീപ്പുഴ ശ്രീകുമാർ എന്നിവർ , വീരാൻ കുട്ടി എന്നിവർ വിവിധ അവസരങ്ങളിലായി ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട്.

അധ്യാപക രക്ഷാകർത്ത്യ സമിതിയുടെ നേതൃത്വത്തിൽ 1996 ൽ സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. എൻ.കെ.രവീന്ദ്രൻ മാസ്റ്ററുടെ നാമധേയത്തിലുള്ള ഈ വായനശാല ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണനാണ്.