എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/ലോക്‌ഡൗൺ ..

ലോക്‌ഡൗൺ ....

ലോകമൊട്ടുക്ക് ഭീതിയിൽ ആഴ്‍ന്നുനിൽക്കുന്നു . ഈ മഹാമാരിക്കാലത്ത്‌ ജീവിക്കേണ്ടി വന്നല്ലോ എന്ന ഭീതിയോടെയാണ് എന്റെ കുഞ്ഞുമനസ്സ് കൊറോണ എന്ന വൈറസിനെ പറ്റിയുള്ള അറിവിനെ ആദ്യമായി വരവേറ്റത് . ആദ്യമൊക്കെ സമൂഹമാധ്യമങ്ങളിൽ ഓരോരുത്തരും അവരുടെ അറിവ് വച്ച് ചമച്ചുവിട്ട വാർത്തകൾ കുറച്ചൊന്നുമല്ല എന്നെ പേടിപ്പിച്ചത് . വൈകാതെതന്നെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ശരിയായ നിർദ്ദേശങ്ങളാണ് എന്നിൽ നേരിയ ആശ്വാസം ഉണ്ടാക്കിയത് . പിന്നീട് ലോക്ഡൗൺ എന്ന വെറുപ്പിന്റെ  മുഷിപ്പിന്റെ ലോകത്തേക്ക് കൂപ്പുകുത്തുകയായിരുന്നു .പരീക്ഷകൾ വേണ്ടെന്നുവച്ചതിലെ സന്തോഷം കൊറോണ ഭീതിയിൽ ഇല്ലാതായി . അച്ഛനെയും അമ്മയെയും ഒരുമിച്ച് മുഴുവൻ സമയവും കിട്ടിയതിന്റെ സന്തോഷത്തിലായി ഞാനും ഉണ്ണിയും . സീരിയലുകളിൽ മുങ്ങിപ്പോയിരുന്ന സായാഹ്നങ്ങളിൽ പാമ്പും കോണിയും നൂറാംകോലുമൊക്കെ സ്ഥാനം പിടിച്ചു . ദിവസക്കൂലിക്കാരനായിരുന്ന അച്ഛന് വലിയ സമ്പാദ്യമൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങളുടെ ലോക്‌ഡൗൺ കാലം പതിയെ പതിയെ നേരിയ ദാരിദ്യത്തിന്റേതായി . ചക്കയും മാങ്ങയും മുരിങ്ങയിലയും എന്നുവേണ്ട സകല നാടൻ പച്ചക്കറികളും ഞങ്ങളുടെ അടുക്കളയിൽ സ്ഥാനം പിടിച്ചു . ഏറ്റവും ലളിതമായി എങ്ങിനെ ജീവിക്കാം എന്ന് ഞങ്ങൾ പഠിച്ചു. എന്റെ വീടിന്റെ ജനലിലൂടെയുള്ള കാഴ്ചകൾക്ക് നീളം വച്ചു . അതിനൊക്കെ പലനിറങ്ങളുണ്ടെന്നും വിവിധ ഭാവങ്ങളുണ്ടെന്നും ഞാൻ അറിഞ്ഞു .ചൂടുകാലമായതിനാൽ മതിലിൽ ഒരു പാത്രത്തിൽ അമ്മ കൊണ്ടുപോയി വെയ്ക്കുന്ന വെള്ളം കുടിക്കാൻ വരുന്ന അണ്ണാറക്കണ്ണനും കാക്കച്ചിയും മുളംതത്തയുമെല്ലാം എന്നിൽ ഒരുപാട് കൗതുകങ്ങൾ ഉണ്ടാക്കി . ഇപ്പോൾ ഞാനാണ് അവർക്ക് വെള്ളം കൊടുക്കുന്നത് . കാക്ക കൊത്തി പരുക്ക് പറ്റിയ ഒരു അണ്ണാറക്കണ്ണനെയും ഞങ്ങൾക്ക് കിട്ടി . കുഞ്ഞപ്പൻ എന്ന് അവന് പേരിട്ടു. പാലുകുടിച്ചും പഴങ്ങൾ തിന്നും കുറച്ചുനാൾ അവൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പരുക്ക് ഭേദമായപ്പോൾ അച്ഛൻ അവനെ ഒരു മരത്തിലോട്ട് കയറ്റിവിട്ടു . അവൻ പുതിയ കൂട്ടുതേടി പോയി . വീടും പരിസരവും വൃത്തികേടാക്കുമ്പോൾ അമ്മ ചീത്ത പറഞ്ഞിരുന്നു. അന്നൊക്കെ അമ്മയോട് ദേഷ്യം തോന്നിയിരുന്നു .  അതൊക്കെ 'അമ്മ വൃത്തിയാക്കിക്കോളും' എന്നായിരുന്നു മനസ്സിൽ . വീട്ടിൽ ഇരിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മക്ക് വീട്ടിൽ ഒരുപാട് ജോലികളുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് . ഇപ്പോൾ വീടും പരിസരവുമൊക്കെ ഞാൻ തന്നെയാണ് വൃത്തിയാക്കുന്നത് . കണ്ണുകൾക്ക് കാണുവാൻ കഴിയാത്ത ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ് ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു . ഇടക്കിടക്ക് സോപ്പിട്ട് കൈകഴുകുന്നതിനാൽ ഇത്രനാളായി എനിക്കും ഉണ്ണിക്കും ഒരു അസുഖവും ഇല്ല. എന്തും നേരിടുവാനുള്ള വിദ്യാസമ്പന്നരും കർമ്മനിരതരുമായ കേരളജനതയ്ക്ക് മുന്നിൽനിന്നും കോവിഡ് എന്ന വൈറസ് പതുക്കെ പുറം തിരിഞ്ഞ് നടന്നു തുടങ്ങിയിരിക്കുന്നു. ടിവി വാർത്തകൾ വയ്ക്കുമ്പോൾ പുതിയൊരു രോഗികൂടി ഉണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെയാണ് ഞാനും കുടുംബവും ....

അനാമിക എം എൽ
5 എ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - ലേഖനം