ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ മനോജ് സാർ കുട്ടികൾക്ക് വേണ്ടിയെഴുതിയ "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ "എന്ന പുസ്തകത്തിന് പി എൻ പണിക്കർ പുരസ്കാരം,കേരള ബാലസാഹിത്യ അക്കാദമി അവാർഡ്,കേരളം സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കുട്ടികളിലും,മുതിർന്നവരിലും പ്രകൃതി സ്നേഹം ,സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിനും,പ്രകൃതിദത്തമായ ആവാസങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതകൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഉതകുന്ന തരത്തിൽ എഴുതപ്പെട്ട വൈജ്‌ഞാനിക ബാലസാഹിത്യ കൃതിയാണ് "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ".കടലാമയുടെ കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിടുന്നതിനായി അച്ചു എന്ന ബാലൻ നടത്തുന്ന ധീരമായ നിലപാടുകളാണ് ഈ പുസ്തകത്തിൽ ജ്വലിച്ചു നിൽക്കുന്നത്.ഇതിന്റെ കവർ ഡിസൈൻ ചെയ്ത രാജേഷ് ചാലോട് ,അതിമനോഹരമായ ചിത്രങ്ങൾ വരച്ച സുരേഷ് കുമാർ പുല്ലങ്ങടി എന്നിവർ പുസ്തകത്തെ കൂടുതൽ ആകർഷണീയമാക്കിയിരിക്കുന്നു .



മാതൃ സ്നേഹം ,കൂട്ടുകെട്ടിന്റെ ആത്മാർത്ഥത,അന്വേഷണതല്പരത ,പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രയത്വം, അന്നം തരുന്ന കടലമ്മയെ ദൈവതുല്യം കരുതൽ ,കടലിന്റെ അടിത്തട്ടിലെ വശ്യമനോഹാരിതയുടെ നിറച്ചാർത്തു പരിചയപ്പെടൽ,കടലിലെ ജീവികളെ പരിചയപ്പെടൽ എന്നിങ്ങനെ അനവധിയായ മൂല്യങ്ങളും ,മഹത്തായ പാഠങ്ങളും ഉൾക്കൊള്ളുന്ന കാഴ്ചയിൽ ചെറുതെങ്കിലും,അതിബൃഹത്തായ ഒരു അനുഭവമാണ് ഈ പുസ്തകം.
പൊതു വിദ്യാഭ്യാസ വകുപ്പിനും ,ഓരോ അദ്ധ്യാപകർക്കും അഭിമാനിക്കാൻ പറ്റുന്ന നേട്ടമാണ് നമ്മുടെ സാറിലൂടെ ഉണ്ടായിരിക്കുന്നത്. തീർച്ചയായും നമ്മുടെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ പാകത്തിൽ നെയ്തെടുത്തതാണ് മനോജ് എന്ന നമ്മുടെ പ്രൈമറി അദ്ധ്യാപകന്റെ ഈ പുസ്തകം.
