ജി.എം.എൽ.പി.എസ്, ഒടേറ്റി/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ പുലരിയിൽ...

ഒരു ലോക്ക് ഡൗൺ പുലരിയിൽ...

ഒരു ലോക്ക് ഡൗൺ സുപ്രഭാതം. പതിവുപോലെ അച്ഛനോടൊപ്പം ഞാനും ഉണർന്നു. ദിനചര്യകൾക്ക് ശേഷം ഒരു കപ്പ് ചൂട് ചായയുമായി പൂമുഖത്തെ ചാരു കസേരയിൽ അച്ഛനൊപ്പം ഞാനുമിരുന്ന് പത്രവായനയിൽ ഏർപ്പെട്ടു. 'കൊറോണ വാർത്തകൾ' പത്രമെങ്ങും നിറഞ്ഞിരിക്കുന്നു. ടിവിയിലും പത്രങ്ങളിലും മൊബൈലിലുമെല്ലാം 'കോവിഡ് 19’ ഭീതി പടർത്തിയിരിക്കുന്നു. ജനങ്ങളെല്ലാം കൂട്ടിലടച്ച കിളികളെ പോലെ അവരവരുടെ വീടുകളിൽ ലോക്ക് ഡൗൺ പാലിച്ച് സേയ്ഫായിരിക്കുന്നു. പത്രത്തിലെ ചൂട് വാർത്തകളിലൂടെ ഞാനും ഒന്ന് കണ്ണോടിച്ചു. പെട്ടെന്ന് ഒരു ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി. ഛിൽ...ഛിൽ...ഛിൽ. മുറ്റത്തെ വലിയ വേപ്പ് മരത്തിൽ നിന്നാണ് അത്. മതിലിൽ നിന്നും ഒരു സുന്ദരക്കുട്ടൻ അണ്ണാറക്കണ്ണൻ വാലും കുലുക്കി ചിലച്ചുകൊണ്ട് ധൃതിയിൽ മരത്തിലേക്ക് ചാടിച്ചാടി കയറിപ്പോകുന്നു. എന്താണ് അവൻ ചെയ്യുന്നതെന്നറിയാൻ ഞാൻ മുറ്റത്തിറങ്ങി സൂക്ഷ്മമായി നിരീക്ഷിച്ചു. വേപ്പ് മരത്തിലെ ഏറ്റവും ഉയർന്ന ചില്ലയിൽ ആരുടേയും ഉപദ്രവം ഉണ്ടാകാത്ത ഒരു സ്ഥലത്ത് അവൻ കൂട് നിർമ്മിക്കുകയാണ്. പത്രത്തിലെ പേടിപ്പെടുത്തുന്ന മരണ സംഖ്യകൾക്കിടയിലെ ഒരു സുന്ദര നിമിഷം. നല്ല മൃദുവായ കൂട് കാണാൻ എന്ത് ഭംഗിയാണ്! എത്ര കരുതലോടെയാണ് അണ്ണാൻ തന്റെ കൂട് നിർമ്മിച്ചുക്കൊണ്ടിരിക്കുന്നത്. വീട്ടിലെ ചകിരി ഉപയോഗിച്ചാണ് അത് കൂട് നിർമ്മിക്കുന്നത്. ഈ ചകിരി ഇവിടെയുണ്ടെന്ന് എങ്ങനെ അതിന് മനസ്സിലായി. അറിയില്ല. പക്ഷെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. വളരെ ശ്രദ്ധിച്ചും സഹനത്തോടെയുമാണ് അത് കൂട് ഉണ്ടാക്കുന്നത്. "ചേട്ടായി എന്താണ് നോക്കുന്നത്?” ഞാൻ തിരിഞ്ഞു നോക്കി. എന്റെ അനിയത്തിയും എന്നോടൊപ്പം കൂടി. ഞാൻ അവൾക്ക് അണ്ണാന്റെ കൂട് കാണിച്ചു കൊടുത്തു. "ഹായ് ! നല്ല പഞ്ഞിക്കൂട്. നല്ല രസമുണ്ട് കാണാൻ അല്ലേ ചേട്ടായി...” ഇത്രയും പറഞ്ഞുകൊണ്ട് അവൾ സൈക്കിൾ സവാരി നടത്താൻ തുടങ്ങി. ഞാൻ വീണ്ടും ചുറ്റും നിരീക്ഷിച്ചു. അപ്പുറത്തെ മാവിൻ കൊമ്പിൽ കാക്കച്ചിയമ്മയുടെ കൂട് കണ്ടു. കുഞ്ഞിക്കുരുവികൾ സന്തോഷത്തോടെ പാറിപ്പറക്കുന്നു. പൂമ്പാറ്റകൾ പൂക്കളിൽ പാറിനടക്കുന്നു. പറമ്പിലെ മണ്ടപോയ തെങ്ങിൽ ചക്കിപ്പരുന്തും വന്നെത്തി. മാനത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്ത്. ചാരക്കൊക്കും പതിവുപോലെ പേരമരത്തിൽ ഇരുപ്പുണ്ട്. പുള്ളും മരംകൊത്തിയും പപ്പായ മരത്തിലെ പപ്പായ കൊത്തിത്തിന്നുന്നു. ഞങ്ങളുടെ വളർത്തുനായയായ ടിപ്പുവും ബ്ലാക്കി പൂച്ചയും മുറ്റത്ത് നിന്ന് കളിക്കുന്നു. എല്ലാ ജീവികളും വളരെ സന്തോഷത്തിലാണല്ലോ. എന്താണതിന് കാരണം. പെട്ടന്നാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. കഴിഞ്ഞ ദിവസം അച്ഛന്റെ മൊബൈലിൽ കണ്ട കാഴ്ചയാണ്. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന സ്ഥലങ്ങളിലും റോഡുകളിലുമെല്ലാം പുള്ളിമാനുകളും അപൂർവ്വയിനം വെരുകുകളും മറ്റ് ജീവികളും സ്വൈരമായി നടക്കുന്നു. ഒരവധിക്കലത്ത് ഞങ്ങൾ തേക്കടിയിലും മറ്റും അവയെ കാണാനായി മണിക്കൂറുകളോളം കാത്തു നിന്നത് ഓർമ്മ വന്നു. ഇപ്പോൾ വേനലായിട്ടും ഇടക്കിടെ മഴപെയ്യുന്നു. എനിക്ക് മനസ്സിലായി , പ്രകൃതി വളരെ സന്തോഷവതിയാണെന്ന്. ഈ കൊറോണക്കാലത്ത് വാഹനങ്ങളും വിഷപ്പുകയും മാലിന്യങ്ങളും പുറന്തള്ളുന്ന മനുഷ്യരെല്ലാം വീട്ടിനകത്താണല്ലോ. എത്ര സുന്ദരമായ പ്രകൃതി. അവൾ ഇപ്പോൾ ശുദ്ധമാണ്. പ്രകൃതിയുടെ മക്കളായ പക്ഷിമൃഗാദികൾ സന്തോഷത്തിലാണ്. എന്നാൽ അവളുടെതന്നെ മക്കളായ മനുഷ്യൻ മാത്രം ഭയന്നോടുന്നു. അവരുടെ ദുഷ്പ്രവൃത്തികൾ തന്നെയാണ് അതിനു കാരണം. നാം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരത്തൈകൾ നടാറുണ്ടല്ലോ. പക്ഷെ അതിനെ പരിപാലിച്ച് മരമായി വളർത്തി സംരക്ഷിച്ച് പ്രകൃതി സംരക്ഷണം ഉറപ്പാക്കാറില്ല. കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം 'വായുമലിനീകരണം തടയുന്നതിന് മരം മാത്രം 'എന്നായിരുന്നല്ലോ. ഇപ്പോഴുള്ള ദുസ്ഥിതി മാറി സന്തോഷത്തോടെ ഈ വർഷവും പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ഒരു തൈ നടാൻ കഴിയേണമേയെന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു. 'ഒരുതൈ നടാം നമുക്ക് അമ്മക്കു വേണ്ടി'- എന്ന കവിത ഞാനുറക്കെ പാടി. അപ്പോഴും വേപ്പുമരത്തിലെ കൂട് നിർമ്മാണം അണ്ണാറക്കണ്ണൻ തുടർന്നുകൊണ്ടേയിരുന്നു....

ഗോകുൽകൃഷ്ണ .എം
IV A ജി.എം.എൽ.പി.എസ്, ഒടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ