ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ചോദ്യം ബാക്കിയാവുന്നു ...
ചോദ്യം ബാക്കിയാവുന്നു ...
മനുഷ്യന് ഇത് തിരിച്ചറിവിന്റെ കാലമാണ്. പ്രകൃതിക്ക് തിരിച്ചുവരവിന്റേയും ! നിരത്തുകളിൽ ആളൊഴിഞ്ഞു, പൊടിപടലങ്ങളില്ലാതെ വായുമണ്ഡലം, നദികളിൽ തെളിഞ്ഞ വെള്ളം. എല്ലാ ജന്തു ജീവജാലകങ്ങളും ഓർമ്മ പുതുക്കി. പ്രകൃതിലോകം റീസെറ്റ് ബട്ടൺ അമർത്തിക്കഴിഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി മനുഷ്യൻ കഴിഞ്ഞ നൂറ്റാണ്ട് ഉടനീളം നൂറ് നൂറ് പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്. ഓരോ ദിവസവും നമീകരിച്ച ആശയങ്ങൾക്കായി ഒരു കൂട്ടം പ്രകൃതി സ്നേഹികൾ നിരന്തരം തലപുകക്കുന്നു. എന്നാൽ അവ ഒന്നും ശാശ്വതമായ പരിഹാരമായില്ല. മനുഷ്യൻ മരങ്ങൾ വെട്ടിനിരത്തി അതിൽ കടലാസ് ഉണ്ടാക്കി എന്നിട്ട് അതിൽ തന്നെ മരം മുറിക്കരുത് എന്നും എഴുതും.. മൃഗസംരക്ഷണത്തിന്റെ പേരിൽ നഗരത്തിന്റെ പൊടിപടലങ്ങളുടെയും ശബ്ദകോലാഹങ്ങൾക്കുo മദ്ധ്യേ മൃഗശാലകളിൽ വന്യജീവികളെ പാർപ്പിക്കുന്നു. പ്രകൃതിസ്നേഹം കൂടുമ്പോഴൊക്കെ വനങ്ങളിലേക്കും മലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നാം വിനോദ യാത്ര പോകുന്നത് പതിവാണ്. അവിടങ്ങളിൽ അങ്ങനെ ചവറു കൂനകൾ കുമിഞ്ഞുകൂടുന്നുമുണ്ട്. ഒരു വശത്ത് മനസറിഞ്ഞ് പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെങ്കിലും, മറുവശത്ത് എല്ലാ രീതിയിലും അതിനെ മുറിവേൽപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. നമ്മൾ തിരയുകയാണ് - ഇനി എന്താണ് ചെയ്യേണ്ടത് ? ഇതിനെല്ലാം ഒരു 'ശരിയായ’ പരിഹാരമെന്ത്? സാധാരണ ജനങ്ങൾക്കുപോലും തോന്നിയിട്ടുണ്ടാവും ഈ കൊറോണക്കാലത്ത് ; മനുഷ്യർ വീടിനകത്ത് ഒതുങ്ങി കൂടിയപ്പോൾ പ്രകൃതിക്ക് വല്ലാത്തൊരു മാറ്റം .അത് നമ്മളില്ലാതെ സ്വയം ആസ്വദിക്കുന്നു , സ്വയം തന്റെ മുറിവുകളും വിടവുകളും സുഖപ്പെടുത്തി. പ്രകൃതി ലോകം അതിവേഗം വളരുന്നു. മനുഷ്യന്റെ അഭാവത്തിൽ! ഒരു പക്ഷേ പ്രപഞ്ചത്തിലെ അതിബുദ്ധിജീവിയായിരിക്കും മനുഷ്യൻ. ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത് - മനുഷ്യതലച്ചോറാണ് ഏറ്റവും പരിണമിക്കപ്പെട്ടിട്ടുള്ളത് എന്ന് .എന്നിട്ടു പോലും അവനെ രക്ഷിക്കുന്നവയെ തന്നെ സംരക്ഷിക്കാൻ അവൻ പലപ്പോഴും മറന്നു പോകുന്നു എന്നതാണ് വാസ്തവം. ബൈബിൽ കഥ പറയുന്നു - ദൈവം മറ്റു ജീവജാലകങ്ങളെയും പ്രകൃതിയെയും പരിപാലിക്കാനായാണ് മനുഷ്യനെ സൃഷ്ടിച്ചതത്രേ ! എന്നാൽ ഈ കോവിഡ്ക്കാലം വേറേതൊ കഥയാണ് വരച്ചിടുന്നത്. മനുഷ്യന്റെ പിൻവാങ്ങലിൽ സന്തോഷിക്കുന്ന പ്രകൃതി, അത് നോക്കി പശ്ചാതപിക്കുന്ന നിസ്സഹായരായ മനുഷ്യരും ! ഇതിൽ എവിടെയൊ നമ്മൾ തിരയുന്ന പരിഹാരം അങ്ങിങ്ങായി തെളിഞ്ഞു മായുന്നില്ലേ ? ചോദ്യം ബാക്കിയാവുന്നു...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |