കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആർ.പ്രസന്നകുമാർ.


മണി മുഴങ്ങുന്നു - മനുഷ്യാ...! നിനക്കു വേണ്ടി..........
-കവിത - ആർ.പ്രസന്നകുമാർ - 17/04/2010
{സ്വാർത്ഥത അന്ധനാക്കിയ മനുഷ്യന്റെ ചിത്രം. ദീപവും കൈയിലേന്തി അവൻ പൊയ്​മുഖമണിഞ്ഞ് തിരയുകയാണ് പ്രഭാകന്ദളങ്ങൾ. കന്മഷപൂർണമായ ഈ രംഗം കണ്ട് ബ്രഹ്മാണ്ഡശില്പി അത്ഭുതസ്തംബ്ധനായി. പരിണാമത്തിന്റെ ആദിമ ദശാന്തരങ്ങളിലേക്ക് ആ മനമോടി. ...എന്തെന്തു കാഴ്ചകൾ....? കർമ്മപഥത്തിലേക്കിറങ്ങുവാൻ ആഹ്വാനം ചെയ്യുയാണ് ദേവൻ - 'ഉം മടിച്ചു നില്കേണ്ട ...മണി മുഴങ്ങുന്നത് നിനക്കു വേണ്ടി തന്നെ...!'}

ധർമ്മസംഗരഭൂവിൽ നിർന്നിമേഷ, നിസ്സംഗനായി നിന്നു,
കർമ്മപഥത്തിന്നപഥഭ്രമണം കണ്ടു ബ്രഹ്മാണ്ഡകാരു.
അമീബയേയും അനിതര മനുഷ്യനേയും തീർത്ത മനം
അമർന്നുപോയി, മൂകമേകാന്തമേതോ ചിന്താപ്രവാഹത്തിൽ!
ശക്തം - സുശക്തം ഇന്നും മനുഷ്യമഹാപഞ്ജരം വിചിത്രം
മുക്തി തന്നന്തരംഗത്തിൽ നിറയ്കുന്നു രുധിരമാൽ.
കൊന്നും തിന്നും നഗ്നനായി നിരക്ഷരകുക്ഷിയായി നരൻ
കന്നിയിളം സംസ്കാരക്ഷീരത്തിനകിടിൽ മുത്തും ചിത്രവും
കാടുകൾ നഗരവാരിനാരികളായി സതിത്വം വാടി
കൊടും ശാസ്ത്ര സങ്കേതം മാത്രമായധ:പതിച്ചതും കണ്ടു.
മണി മുഴങ്ങുന്നു - ദുരൂഹതയിൽ നിന്നോ അകതാരിലെ
മണിക്കോവിലിൽ നിന്നോ - തേടുന്നു ഗവേഷകലോകമിന്നും.
തൃണത്തിൽ, മാമരത്തിൽ, മേട്ടിൽ മഹാമേരുവിൽ തിരഞ്ഞതു
പ്രാണിയിലഭിജാതൻ, മനുഷ്യൻ, മനസ്സുള്ളവൻ ഗാഢാർദ്രം.
ദീപയഷ്ടിയും കൈയ്യിലേന്തി അന്ധനായി തപ്പിത്തടയും
പ്രപഞ്ചശില്പത്തിൻ കാപട്യ കന്മഷതയാൽ ദേവശില്പി-
ഉച്ചണ്ഡമാക്രോശിച്ചു - ഉർവ്വിയും ഞെട്ടിക്കേട്ടിരിക്കാം വാക്യം.
ഉച്ചനീചത്വങ്ങൾ വെടിഞ്ഞൊന്നാകുവിൻ - മറക്കുവിനൊരു-
കണി സുമഹാരം കോർക്കുവിൻ - കർമ്മപഥത്തിലിറങ്ങുവിൻ-
മണി മുഴങ്ങുന്നു - മനുഷ്യാ - ഹേ മനുഷ്യാ നിനക്കു വേണ്ടി...