ആയിരം പേർക്കു നീ ജന്മം നൽകീ
ആയിരം പേർക്കു നീ അമ്മയായി
എങ്കിലും നീയിന്നു ഏകയായി
മൂകമാം നിൻ വിളി ആരു കേൾക്കും ???
കിളികൾ ചിലക്കുന്ന ശബ്ദമായ് നീ
പൂക്കൾ സമ്മാനിച്ച ഗന്ധമായ് നീ
കാർമേഘപാളിയിലൂടെ നീങ്ങും
നിശ്ചലയാകാത്ത നിൻ പ്രവാഹം
പേമാരിയായി നീ പെയ്തിറങ്ങും
വീണുടയാത്തൊരു പൊൻപതങ്കം
നീ തന്ന ജന്മമെൻ ജീവനാളം
നീയെന്ന പൊൻകുയിൽ പാട്ടുപാടും
താരാട്ടു കേട്ടുറങ്ങുന്ന കുഞ്ഞായി
നീയാകും അമ്മതൻ മടിമെത്തയിൽ
ചാഞ്ഞുറങ്ങീടുന്നു ഞാൻ എന്നുമേ
നീയാകും അമ്മയെൻ ജീവനെന്നും
പുഴയായ് മരങ്ങളായ് ഈശ്വരനായ്
നീയെൻ അമ്മയായ് വാഴുമൊരു ജീവനാളം
ഈരേഴുലകിന്റെ നാഥനെപ്പോൽ
എന്റെ പാരിടമാകുന്ന അമ്മയായ് നീ
എൻ ജീവശ്വാസവും നീ തന്നെയേ
നിൻ വെള്ളിച്ചിലങ്കകൾ ഊയലാടും
എൻ ലോകമിന്നുനിൻ കൈക്കുമ്പിളായി
നീയെൻ കുടയായി തണൽ വിരിക്കു
നീയെൻ കൂട്ടായ് അരികിലെന്നും
നീയെൻ കൂട്ടായ് അരികിലെന്നും