സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും     
      നാം ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രതിസന്ധിഘട്ടത്തിൽ 'ശുചിത്വവും ആരോഗ്യവും' എന്ന വിഷയത്തിന് വളരെയേറെ പ്രസക്തിയുണ്ട്. മെച്ചപ്പെട്ട ജീവിത നിലവാരത്തിന് ഒഴിവാക്കാനാവാത്ത ഘടകമാണ് ശുചിത്വം. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ അതിന്റെ എല്ലാ അർത്ഥങ്ങളോടുംകൂടി സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ശുചിത്വം കൂടിയേ തീരൂ. ശുചിത്വം നമ്മുടെ അവകാശവും കടമയുമാണ്. ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വബോധം ജനങ്ങളുടെ ഉള്ളിൽ നിന്നും രൂപപ്പെടേണ്ടതാണ്. പല പകർച്ചവ്യാധികളും തടയുന്നതിന് ഒന്നാമതായി ഉണ്ടാകേണ്ടതാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. മെച്ചപ്പെട്ട കുടിവെള്ള വിതരണവും മാലിന്യനിർമ്മാർജ്ജനത്തിനുള്ള ശ്രോതസ്സും ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. കൊതുകുകൾ പരത്തുന്ന മന്തും മലേറിയയും പോലുള്ള രോഗങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിൽ കേരളം വിജയിച്ചിട്ടുണ്ട്. എന്നാൽ നമുക്ക് തീരെ പരിചിതമല്ലാത്ത നിപ, ചിക്കുൻഗുനിയ പോലുള്ള പകർച്ചവ്യാധികളേയും നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
       എന്നാൽ നമുക്കറിയാം മേൽപ്പറഞ്ഞ രോഗങ്ങളെല്ലാം ഒരു രാജ്യത്തെ പ്രത്യേക പ്രദേശങ്ങളെയാണ് ബാധിച്ചിരുന്നത്. 1643-ൽ ഗ്രീസിലെ ഏഥൻസിൽ പിടിപെട്ട പ്ലേഗാണ് നാം മനസ്സിലാക്കിയതിൽവച്ച് ഏറ്റവും വലിയ പകർച്ചവ്യാധിയായി കണക്കാക്കുന്നത്. ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് അന്ന് മരണമടഞ്ഞത്. എന്നാൽ അതിലും വലിയ അപകടകരമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപൊയ്ക്കൊ ണ്ടിരിക്കുന്നത്.  കൊറോണ വൈറസ് (കോവിഡ്-19) എന്ന സൂക്ഷജീവിയുടെ മുന്നിൽ മനുഷ്യരാശി ഇന്നുവരെ കൈവരിച്ച എല്ലാ പുരോഗതിയും അടിയറവ് പറയുകയാണ്. വികസിത രാജ്യങ്ങൾ ഉൾപ്പെടെ വാരിക്കൂട്ടിയ ആയുധങ്ങൾ നിഷ്പ്രഭമായിപ്പോകുന്ന അതിദയനീയമായ കാഴ്ചയാണിന്ന് കാണുന്നത്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിശ്ചലാവസ്ഥ. എത്രയെത്ര യുദ്ധങ്ങൾ നേരിട്ട രാജ്യങ്ങൾ അന്നൊന്നും ഉണ്ടാകാത്തത്ര തകർച്ച മുന്നിൽ കാണുന്നു. ചൈനയിലെ വുഹാനിൽ നിന്നും ബാധിച്ച ഈ വൈറസിന് കൃത്യമായ മരുന്നോ പ്രതിരോധ വാക്സിനോ ഇതുവരെ കണ്ടെത്താത്തതിനാൽ ആധുനിക വൈദ്യശാസ്ത്രവും ഒരു പരിധിവരെ പകച്ചുനിൽക്കുന്നു. ഈ സാഹചര്യത്തിൽ കേരളമാണ് വളരെ മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. അതിൽ മലയാളികളായ നമുക്ക് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും മറ്റുസന്നദ്ധ പ്രവർത്തകരുടെയുമെല്ലാം ആത്മാർത്ഥമായ പരിശ്രമത്തിലൂടെയാണ് ഈ രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ നമുക്കായത്.
       യുദ്ധം നടത്താനും മനുഷ്യരാശിയെ നിഷ്കരുണം കൊന്നൊടുക്കാനും ശത്രുരാജ്യത്തിന്റെ സമ്പത്ത് പിടിച്ചെടുക്കാനും ഉണ്ടാക്കിവെച്ച ഒരു പടക്കോപ്പും യുദ്ധസന്നാഹവും കൊറോണ എന്ന വൈറസിനുമുന്നിൽ നിശ്ചലമാകുന്ന കാഴ്ചയാണ് വികസിത രാജ്യങ്ങളായ അമേരിക്ക മറ്റ് യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ കൂടാതെ ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ കാണാൻ കഴിയുന്നത്. ഈ ലോക്ഡൌൺ കാലത്തുപോലും മരണനിരക്ക് കൂടുകയാണ്. രണ്ടുലക്ഷത്തോളമാണ് ഇതുവരെയുള്ള മരണനിരക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മരണനിരക്ക് ഇനിയും ഉയരാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിലാണ് വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. കൊറോണ വൈറസിനെ തടയാനുള്ള ഫലപ്രദമായ മാർഗ്ഗം സാമൂഹിക അകലം പാലിക്കുക, കൈ നിരവധി തവണ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, മാസ്ക് ധരിക്കുക എന്നീ ലളിതമായ കാര്യങ്ങൾ ചെയ്താൽ മതിയെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാൽ ഇത് ആധുനിക ശാസ്ത്രരീതി മാത്രമല്ല മറിച്ച് നമ്മുടെ പൂർവ്വികർ അനുവർത്തിച്ചിട്ടുള്ളത് കൂടിയാണ്. പഴയകാലത്ത് വീടിന്റെ ഉമ്മറത്ത് ഒരുപാത്രം വെള്ളം വച്ചിരിക്കും. പുറത്തുപോയി വരുന്നവർ ആ വെള്ളം ഉപയോഗിച്ച് കൈയും കാലും മുഖവും നന്നായി കഴുകിയിട്ടാണ് വീടിനകത്തേക്ക് കയറിയിരുന്നത്. ഇന്ന് ആ ശീലങ്ങളൊക്കെ നാം പാടേ മറന്നിരിക്കുന്നു. അഥവാ നമുക്കറിയില്ല. യാതൊരു നിയന്ത്രണവുമില്ലാതെ നാം പുറത്തിറങ്ങി വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുകയും ആവശ്യമില്ലാത്തതും ആരോഗ്യത്തിന് ഹാനികരമാകുന്നതുമായ ഭക്ഷണം ഒരു ട്രെൻഡിന്റെ പേരിൽ മാത്രം കഴിക്കുകയും ചെയ്യുന്നു. അതുവഴി നമ്മുടെ സ്വതവേയുള്ള പ്രതിരോധശോഷി തകർത്തുകൊണ്ട് പുതിയ രീതിയിലുള്ള പല രോഗങ്ങളെയും നാം തന്നെ ക്ഷണിച്ചുവരുത്തുന്നു. ചികിത്സയോടൊപ്പംതന്നെ മുൻഗണന കൊടുക്കേണ്ട ഒന്നാണ് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും. ഈ ലോക്ഡൌൺ കാലം അതിനുകൂടിയുള്ളതാണ്. കുറെയേറെ പ്രയാസങ്ങളും പ്രതിബന്ധങ്ങളും നാം ഇതുമൂലം അനുഭവിക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ നിർത്താതെയുള്ള ഓട്ടത്തിനും തിരക്കിനും കുറവ് വന്നിരിക്കുന്നു. ജീവിതമൂല്യങ്ങൾ ഉൾക്കൊള്ളാനും പ്രകൃതിദത്തമായ ഭക്ഷണരീതിയിലേക്കുകൂടി തിരിച്ചുപോകാനും ഈ കാലഘട്ടം നമുക്ക് പ്രചോദനമാകട്ടെ.
      ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യനിർമ്മാർജ്ജനം, കുടിവെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യാൽ, പ്ലാസ്റ്റിക്കിനുപകരം പേപ്പർ, തുണി മുതലായ വസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയവാണ് ശുചിത്വപരിപാലനത്തിന് പ്രധാനമായും നാം ചെയ്യേണ്ടത്. ഒപ്പം ആഗോളതാപനത്തിന്റെ തോത് കുറയ്ക്കുന്നതിനുവേണ്ടി ലോകരാഷ്ട്രങ്ങൾതന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. സ്വീഡനിലെ സ്കൂൾ വിദ്യാർത്ഥിനിയും പരിസ്ഥിതി പ്രവർത്തകയുമായ ഗ്രെറ്റ തുൻബെർഗ് ആഗോളതാപനത്തിനെതിരെ വളരെ ശക്തമായി മുന്നിട്ടിറങ്ങുകയും നോബൽ പ്രൈസിന് അർഹത ലഭിച്ചിട്ടുള്ളതുമായ കാര്യം നമുക്ക് അറിയാവുന്നതാണ്. കഴിഞ്ഞ രണ്ടുമാസക്കാലമായി നമ്മുടെ വായു, ജലാശയങ്ങൾ, അന്തരീക്ഷം എന്നിവ വളരെ ശുദ്ധമാണ്. ആഗോളതാപനം എന്ന പ്രതിഭാസം വളരെയധികം കുറഞ്ഞിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും നമ്മെ സന്തോഷിപ്പിക്കുന്ന ഒന്നാണത്. നമുക്ക് വേണ്ടതെല്ലാം ഒരുക്കി തരുന്ന പ്രകൃതിയെക്കൂടി സംരക്ഷിച്ചുകൊണ്ടുമാത്രമേ ആരോഗ്യകരമായ ഒരു ജീവിതം നയിക്കുവാൻ കഴിയുകയുള്ളൂ. അതിലൂടെ മാത്രമേ നമ്മുടെ പ്രതിരോധശേഷി വീണ്ടെടുക്കുവാനും അതുവഴി പല പകർച്ചവ്യാധികളെ തടയാനും കഴിയുകയുള്ളൂ എന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സമയം കൂടിയാണിത്. ആയുധശേഖരവും പടപ്പുരയുമല്ല ആരോഗ്യസംരക്ഷണത്തിനുള്ള ഉപാധികളാണ് വേണ്ടതെന്ന് ഇനിയെങ്കിലും ലോകം തിരിച്ചറിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.


അസ്‍ന ഫാത്തിമ എസ്.
X B1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം