ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/അക്ഷരവൃക്ഷം/ വാകമരച്ചോട്ടിലെ അതിർത്തി ചേര
വാകമരച്ചോട്ടിലെ അതിർത്തി ചേര
വാകമരത്തിന്റെ തടിച്ച വേരിനടിയിലെ മാളത്തിൽ നിന്നുംഉച്ചവെയിൽ കനക്കുന്നതിനു മുൻപേ അതിർത്തി ചേരപതിവുപോലെ ഇരതേടി ഇറങ്ങി. സ്വർണനിറമുള്ള ഉടൽ കൊണ്ട് കറുകപുല്ലുകളെ വകഞ്ഞുമാറ്റി ചേര മുന്നോട്ട്ഇഴഞ്ഞു.അപ്പോൾ മഞ്ഞു തുള്ളികൾ പതിഞ്ഞ ഇളംപുല്ലുകളിൽ നിന്നും നനു നനുത്ത ശബ്ദം പുറത്തുവന്നു.'എവിടെയോ പരിചിതമല്ലാത്ത ഒരാൾപെരുമാറ്റം .അതിർത്തി ചേര ഉടൻ ഒരു വലിയ കറുകപ്പുല്ലിന്റെ മറപറ്റിതലയുയർത്തി, തന്റെ കറുത്ത നൂല് പിണഞ്ഞത് പോലുള്ളനാവ് പുറത്തേക്ക് നീട്ടി ശബ്ദം കേട്ട ഭാഗത്തേക്ക്എത്തിനോക്കി .വിശാലമായ മൈതാനത്ത് ഈയിടെ പണിതീർന്ന വലിയ സിമൻറ് കെട്ടിടത്തിനു സമീപം ഒരു കൂറ്റൻ മണ്ണുമാന്തി യന്ത്രവും പിന്നെ അതിനു ചുറ്റും കുറെ ആളുകളും.ഇങ്ങോട്ടേക്ക് വിരൽചൂണ്ടി ആളുകൾ പരസ്പരംഎന്തോ പറയുന്നുണ്ട്. അതിർത്തി ചേര പെട്ടെന്ന് പുൽപ്പടർപ്പിനടിയിലെ ഇട വേരുകൾക്കിടയിലേക്ക് നൂണ്ട്ഇറങ്ങി. അപ്പോൾ പുൽപ്പടർപ്പിനടിയിൽ നിന്നും ഉണക്ക പുൽത്തണ്ടുകൾ ഞെരിഞ്ഞമരുന്ന ദയനീയമായ ശബ്ദം പുറത്തുവന്നു.വേരിനടിയിലെ അല്പം ഒഴിഞ്ഞ ഭാഗത്തുകൂടിആ വലിയ കെട്ടിടത്തിന്റെ മുന്നിലെ അവശേഷിക്കുന്ന അല്പം മണ്ണിലേക്ക് അതിർത്തി ചേര ദുഃഖത്തോടെ നോക്കി.ഇവിടെ ഒരു കെട്ടിടം വരുന്നതിനുമുമ്പ്............ ചിത്രശലഭങ്ങളും പൂത്തുമ്പികളും വട്ടമിട്ട് പറന്ന് കളിച്ചഒരു വലിയ മൈതാനം ആയിരുന്നു ഇത്.പിന്നെ അതിർത്തിയിലുള്ള ഈ വാകമരവും അതിർത്തിക്കപ്പുറം കണ്ണുനീരുപോലത്തെ ജലാശയവും അതിനുമപ്പുറംപച്ചപിടിച്ച അനന്തതയിലേക്ക് നീണ്ടുപോകുന്ന പൊന്തക്കാടുകളും..........വെയിൽ മങ്ങാൻ തുടങ്ങുന്ന സായാഹ്നങ്ങളിൽ കുട്ടികൾ കളിക്കുന്നതും കൂട്ടുകൂടുന്നതും വഴക്ക് ഉണ്ടാക്കുന്നതും ഒടുവിൽ ഈ വാകമരത്തണലിൽ വിശ്രമിക്കുന്നത് എല്ലാം ഈ മാളത്തിൽ ഇരുന്ന് ഞാൻ സന്തോഷത്തോടെ കണ്ടിട്ടുണ്ട്. തന്നെ കണ്ടാൽ പോലും ഒരു ഉപദ്രവവും ഏൽപ്പിക്കാതെ ഇരുന്ന നല്ല കുട്ടികളൊക്കെ എവിടെയോ പോയി മറഞ്ഞു. നഷ്ടപ്പെട്ടുപോയ ഒരു വസന്തകാലത്തെ ഓർമകൾ അതിർത്തി ചേരയെ വല്ലാതെ അലട്ടി. ഉടൻ തന്നെ അതിനു സമീപം പുതുതായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലിൽ ഒന്ന് ഇളകിയാടി താഴേക്ക് ഉരുണ്ട് മറ്റൊരു കല്ലിൽ താങ്ങി നിന്നു. ചേര ഉടൻ തന്റെ നാക്ക് പുറത്തേക്കിട്ട് തല ഉയർത്താൻ ആഞ്ഞതും, ഒരു നിമിഷം തനിക്കെതിരെ നീണ്ടു വന്ന ഒരു കൂറ്റൻ മണ്ണുമാന്തിയന്ത്രത്തിന്റെ ഭീമൻ കൈകളിൽ അകപ്പെട്ടുപോയി.മണ്ണിൽ അമർത്തിക്കുത്തിയ യന്ത്രത്തിന്റെ അടിയിൽപ്പെട്ടു ചേരയുടെ വാലിന്റെ ഒരു ഭാഗം മുറിഞ്ഞുപോയി. അനിയന്ത്രിതമായ വേദന കൊണ്ട് പുളഞ്ഞ അതിർത്തിചേര അടുത്തനിമിഷം മണ്ണുമാന്തിയന്ത്രത്തിന്റെ ഭീമൻ കൈകളിൽ നിന്നും എടുത്ത് താഴേക്കു ചാടി ജലാശയത്തിലൂടെ നീന്തി കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുകയറി. അതിർത്തിചേര യുടെ രക്തം കലർന്ന് ജലാശയത്തിലെ കുറച്ചു ജലം അപ്പോൾ തവിട്ടു നിറമായി.അപ്പോഴും കറുകപ്പുല്ലുകൾക്കിടയിൽ അറ്റുപോയ ചേരയുടെ വാൽഭാഗം അനാഥമായി കിടന്നു പിടച്ചുകൊണ്ടിരുന്നു. ആ സായാഹ്നത്തിന്റെ നിശബ്ദമായ ഏതോ ഒരു നിമിഷത്തിൽ അതിർത്തി ചേര കുറ്റിക്കാട്ടിൽ നിന്നും പുറത്തുവന്നു .വിശപ്പും ദാഹവും സഹിച്ചു അവശനിലയിൽ ആയിപ്പോയ അതിർത്തി ചേര യുടെ ചോരപൊട്ടിയൊലിക്കുന്ന വാൽഭാഗത്തുകൂടി ഈച്ചകൾ പാറിപ്പറന്നു.തൊലിപൊട്ടി പുറത്തു വന്ന വെളുത്ത മാംസം ശവംതീനി ഉറുമ്പുകൾ കടിച്ചു പറിച്ചപ്പോൾ അതിർത്തി ചേര വേദനകൊണ്ട് പുളഞ്ഞു. മുകളിൽ നിന്നും ചാടിയതുകൊണ്ടാകണം ചേരക്കു തന്റെ ഉടൽ ഏറെ അനക്കാൻ കഴിഞ്ഞില്ല.ഇഴയാൻ ശ്രമിച്ചപ്പോൾ ഉടൽ ആകെ ഞെരിഞ്ഞമർന്ന പോലെ തോന്നി .എങ്കിലും ആയാസപ്പെട്ട് തലയുയർത്തി ഉടൽ പതുക്കെ ചലിപ്പിച്ചു മുന്നോട്ടു ആഞ്ഞു നീങ്ങി സർവ്വശക്തിയുമെടുത്ത് ജലാശയത്തിലൂടെ ഒരുവിധം നീന്തി കരക്കു കയറി. പക്ഷേ വർഷങ്ങളായി താൻ കാവൽ നിന്ന അതിർത്തി തനിക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കുന്നുവെന്ന് അപ്പോഴാണ് ചേരക്ക് മനസ്സിലായത് .തനിക്ക് മുന്നിൽ പുതുതായി ഉയർന്ന ആ വലിയ മതിലിനു ചുറ്റും ചേര തന്റെ കണ്ണുകളോടിച്ചു .ഒടുവിൽ മതിലിനു താഴെ ജലാശയത്തിലേക്ക് കൊടുത്തിരിക്കുന്ന കൂറ്റൻ കുഴലുകളിൽ ഒന്നിലൂടെ കഷ്ടപ്പെട്ട് അകത്തുകടന്ന് തന്റെ വാസസ്ഥലം തിരയാൻ തുടങ്ങി.പക്ഷേ കറുകപുല്ലുകളും വാകമരവും തന്റെ മാളവും എല്ലാം എല്ലാം തൂത്തു മാറ്റപ്പെട്ട ആ കാഴ്ച കണ്ടു ചേര ഞെട്ടിപ്പോയി. തന്റെ പ്രിയപ്പെട്ട വാകമരം വെട്ടിമുറിച്ച് തുണ്ടം തുണ്ടമാക്കി കൂട്ടി വച്ചിരിക്കുന്നു . എന്നെന്നേക്കുമായി താൻ ഇവിടെ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു എന്ന് അതിർത്തി ചേരക്കു മനസ്സിലായി.പ്രതീക്ഷകൾ എല്ലാം നശിച്ച് എന്തുചെയ്യണമെന്നറിയാതെ തല ഉയർത്തി തന്റെ നാവ് പുറത്തേക്കിട്ടു.പക്ഷേ വേദനയുടെ കാഠിന്യത്താൽ ഉയർത്തിയ തല മണ്ണിൽ തന്നെ തങ്ങി .ആ സമയം ചേരയുടെ ശൽക്കങ്ങളിൽ മണ്ണിൽ കൂട്ടിയിരുന്ന ഈർപ്പം കലർന്ന സിമൻറ് പുരണ്ടിരുന്നു.സിമൻറ് മാംസത്തിലെ ജലം മുഴുവൻ ആവാഹിച്ചപ്പോൾ അതിർത്തി ചേരക്ക് ശ്വാസം കിട്ടാതായി. മൃതപ്രായനായ ചേര അവസാനമായി തന്റെ പ്രിയപ്പെട്ട വാകമരത്തിന്റെ തടിക്കഷണങ്ങളിലേക്ക് കയറിപ്പറ്റാൻ ഒരു ശ്രമം കൂടി നടത്തി. പക്ഷെ വാകമരത്തിൽ സ്പർശിക്കുന്നതിന് മുൻപേ അതിർത്തി ചേര ചത്തു മലർന്നു. വലിയ സിമന്റ് കെട്ടിടത്തിന്റെ ജാലകങ്ങളിൽ വെട്ടം പരന്നു.ഇരുട്ടിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തിൽ അതിർത്തിചേരയുടെ കണ്ണുകൾ തിളങ്ങി.തീക്ഷ്ണമായ പ്രതിഷേധത്തിന്റെ ജ്വാലകൾ അപ്പോൾ ആ കണ്ണുകളിൽ പ്രതിഫലിച്ചു.ആ പ്രതിഫലനത്തിന് വാക്കുകളേക്കാൾ മൂർച്ചയുണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |