പ്രളയതീരങ്ങൾക്കുമപ്പുറം ഇവിടൊരു
സ്നേഹതീരമുണ്ടെന്ന് കണ്ടുനാം....
ജാതിചിന്തകൾക്കപ്പുറം ഇവിടൊരു
മനുഷ്യനുണ്ടെന്നു കണ്ടു പഠിച്ചു നാം
ഇത്തിരിത്തുണ്ടു പുറമ്പോക്കു ഭൂമിയിൽ
ജീവിതത്തെ കരുപിടിപ്പിച്ചവർ
രമ്യഹർമങ്ങൾ പടുത്തുയർത്തിയതിൽ
ജീവിതത്തെ പണയപ്പെടുത്തിയോർ
ആർത്തലച്ചെത്തിയ കർക്കിടപെരുമഴയിൽ
കുത്തിയൊലിച്ചുപോയ് സർവ്വരും സകലരും
കാലമേറെ കഴിഞ്ഞില്ല വീണ്ടും
കോവിഡെന്ന മഹാമാരിയെത്തി
ജീവിതം വീണ്ടും ദുരിതമായ് തീർന്നു
ദേശാതീതമായെത്തി കരാളമാം
കൈകളാഴ്ത്തി ഞെരുക്കുന്നു നമ്മേ
ഇത്തിരിക്കുഞ്ഞൻ വൈറസാണിന്ന്
മർത്ത്യവംശത്തിൻ ഭീമമാം ശത്രു
ഭീതിവേണ്ട...മെരുക്കാം നമുക്ക്
ക്ഷമയോടെയുള്ള കരുതലുണ്ടെങ്കിൽ
മാറ്റിവെക്കാം കുറേനാൾ നമുക്ക്
നമ്മളൂട്ടി വളർത്തിയ ചര്യയെ
ആരോഗ്യരംഗം സജീവമാണെപ്പോഴും
കൂട്ടാണവർക്കു കരുത്തു നൽകേണ്ടത്
നന്ദിയോടെ സ്മരിക്കാം നമുക്കാ-
സത്പ്രവർത്തിയെ സാന്ത്വനകർമ്മത്തെ
ഉത്സവം വേണ്ട ആഘോഷവും
ജീവനാണ് പരമപ്രധാനം
തന്നിലേക്ക് മടങ്ങുക മർത്ത്യരെ
തങ്ങളാരെന്ന് ബോധ്യമുണ്ടാക്കുക