കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര


മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര
ടൈപ്പ്, ലേ ഔട്ട് & ഡിസൈൻ :- ആർ.പ്രസന്നകുമാർ.
ദക്ഷിണ ഭാരതത്തിലെ ലക്ഷണയുക്തമായ ആദ്യ സംസ്കൃത കാവ്യനാടകമായ ആശ്ചര്യചൂഢാമണിയുടെ കർത്താവ് കൈരളിക്കരയിൽ ഒരു നൂറ്റാണ്ട് ജീവിച്ച് സംസ്കൃത സാഹിത്യ ശൃംഖലയ്ക്ക് ഓജസ്സും തേജസ്സും പകർന്ന മഹാരഥൻ, ഈ മഹാകവിയുടെ ജീവിത പന്ഥാവിലേക്ക് ഒരു യാത്ര...
എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ പത്തനംതിട്ട ജില്ലയിൽപെട്ട അടുർ താലൂക്കിൽ കൊടുമൺ എന്ന ഗ്രാമമാണ് കവിയുടെ ജന്മസ്ഥലം. ഇവിടുത്തെ ബ്രാഹ്മണപ്രഭുകുടുംബവും നാടുവാഴിയുമായ ചെന്നീർക്കര രാജസ്വരൂപത്തിലെ ഒരു പ്രതിഭാധനൻ ആയിരുന്നു ശ്രീ,ശക്തിഭദ്രൻ. ശക്തിഭദ്രൻ എന്നത് സ്ഥാനപ്പേര് ആയിരുന്നു എന്നും, ശങ്കരൻ എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം എന്നും പണ്ഡിതന്മാർ പറയപ്പെടുന്നു.
അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് പറയുമ്പോൾ അദ്വൈതാചാര്യനായ ശ്രീ.ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്ന് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 'കേരള സാഹിത്യ ചരിതം' എന്ന ഗ്രന്ഥത്തിൽ ഒന്നാം വാല്യത്തിൽ ഒമ്പതാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ ശക്തിഭദ്രനെ ആചാര്യനുമായി ബന്ധപ്പെടുത്തുന്ന ഒരു ഐതീഹ്യത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
ശ്രീ.ശങ്കരാചാര്യ സ്വാമികൾ തന്റെ ദ്വിഗ്വിജയ വേളയിൽ ചെങ്ങന്നൂരിലെത്തി എന്ന വാർത്ത അറിഞ്ഞ് അദ്ദേഹത്തെ സന്ദർശിക്കുകയും താൻ രചിച്ച 'ആശ്ചര്യചൂഢാമണി' എന്ന കാവ്യം അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. അന്നേ ദിവസം മൗനവൃതത്തിൽ ആയിരുന്ന സ്വാമികൾ ആ നാടകത്തെപ്പറ്റി യാതൊരു അഭിപ്രായവും പറഞ്ഞില്ല. നിരാശാഭരിതനായ കവി തന്റെ കാവ്യം മോശമായതു കൊണ്ടാണ് സ്വാമികൾ അഭിപ്രായം പറയാഞ്ഞത് എന്നു കരുതി ആ എഴുത്തോലകൾ തീയിലിട്ടു ചുട്ടു കളഞ്ഞു. കാലക്രമത്തിൽ ശ്രീ.ശങ്കരാചാര്യ സ്വാമികൾ ദ്വിഗ്വിജയ സമാപ്തിയിൽ തിരിച്ച് ചെങ്ങന്നൂരിൽ എത്തുകയും 'ശക്തിഭദ്രനെ വരുത്തി ഭുവനഭൂതി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആശ്ചര്യചൂഢാമണിയിലെ കാവ്യഭാഗമായ
ത്രിഭുവനരിപുരസ്യരാവണ : പൂർവ്വജശേച
ദസുലഭ ഇതിനൂനാം വിശ്രമ : കർമ്മുകസ്യ
രജനി ചരനിബദ്ധം പ്രായശോവൈരമേതദ്
ഭവതു ഭുവനഭൂത്യൈ ഭുരിരക്ഷോവധേന :'
എന്ന വരിയിലെ 'ഭുവനഭൂത്യൈ' എന്ന പദം സ്വാമികളുടെ മനസ്സിൽ തങ്ങി നിന്നതു കൊണ്ടാണ് അദ്ദേഹം ആശ്ചര്യചൂഢാമണിയെ ഭുവനഭൂതി ആയി ചിത്രീകരിച്ചത്. ശക്തിഭദ്രനിൽ നിന്നും ആ കാവ്യം പകർത്തിയ ഓല ചുട്ടെരിച്ചു എന്ന വസ്തുത മനസ്സിലാക്കിയ ആചാര്യൻ, തന്നെ കേൾപ്പിച്ചതായ നാടകം ആദ്യന്തം തന്റെ ഓർമ്മയിൽ നിന്നും പറഞ്ഞുകൊടുത്തു എന്നാണ് ഐതിഹ്യം.

കാവ്യഭംഗികൊണ്ട് ഉജ്വലമാക്കിയ ചൂഢാമണി
വാല്മീകിരാമായണത്തിലെ ആരണ്യകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള കഥാസന്ദർഭങ്ങളാണ് ആശ്ചര്യചൂഢാമണി ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം. ഭവഭൂതിയുടെ ഉത്തരരാമചരിതം കഴിഞ്ഞാൽ ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയാണ് തൻമയത്വത്തിൽ മുൻപന്തിയിൽ ഉള്ളത് എന്ന് കരുതുന്നു. ഏഴ് അങ്കങ്ങൾ ആയി (ഭാഗം) തരംതിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ പർണശാലാങ്കം, ശൂർപ്പണാങ്കം, മായാസീതാങ്കം, ജഡായുവധാങ്കം, അശോകവനികാങ്കം, അങ്കുലിയാങ്കം എന്നിങ്ങനെ ആറായി തരം തിരിച്ചിരിക്കുന്നു.എന്നാൽ ഏഴാം അങ്കത്തിന് ഗ്രന്ഥകാരൻ പേരു നല്കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഏഴാം അങ്കത്തിലെ പ്രതിപാദ്യവിഷയം സീതാദേവിയുടെ അഗ്നിപ്രവേശനം മുഖ്യവിഷമായതുകൊണ്ട് ചില പണ്ഡിതന്മാർ ഈ ഭാഗത്തിനെ അഗ്നിപ്രവേശനാങ്കം എന്ന് വിളിക്കുന്നു. ഈ ഗ്രന്ഥത്തിൽ അശോകവനികാങ്കവും, അങ്കുലിയാങ്കവും അതിപ്രധാന്യമർഹിക്കുന്നതിനാൽ കൂടിയാട്ട വിദഗ്ദൻമാർ ഈ ഭാഗത്തെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതായി കാണാവുന്നതാണ്. ഈ ഗ്രന്ഥത്തിലുടനീളം ആശ്ചര്യത്തെ ഉളവാക്കുന്ന സന്ദർഭ ഭാവങ്ങൾ ഉൾകൊള്ളുന്നതു കൊണ്ടാകാം ഗ്രന്ഥകാരൻ ഇതിന് ആശ്ചര്യചൂഢാമണി എന്ന പേരു നൽകിയത് എന്ന് അനുമാനിക്കാവുന്നതാണ്. രാമായണകഥയിലെ ചില കഥാപാത്രങ്ങളെ അതീവ മനോഹരമായി തന്മയത്വതോടുകൂടി ഗ്രന്ഥരൂപനയിൽ അവതരിപ്പിച്ചതു കാണുമ്പോൾ കവിയുടെ അഗാധമായ കഴിവിനെ പ്രശംസിക്കാതെ നിവൃത്തിയില്ല. ഈ ഗ്രന്ഥത്തെ 189 പദ്യഭാഗങ്ങളും അതിന് അനുബന്ധമാംവണ്ണം ഗദ്യഭാഗങ്ങളും ഇണക്കിച്ചേർത്ത് ഒരു മുത്തുമാലകണക്കെയാണ് ഈ സംസ്കൃത പണ്ഡിത ശ്റേഷ്ഠൻ ഈ ഗ്രന്ഥം രൂപകൽപന നൽകിയിട്ടുള്ളത്. ഈ ഗ്രന്ഥത്തിന് ആദ്യമായി മലയാള പരിഭാഷ നൽകിയത് 1893 ൽ കൊടുങ്ങല്ലൂർ ശ്രീ.കുഞ്ഞിക്കുട്ടൻ തമ്പുരാൻ ആയിരുന്നു. തുടർന്ന് അനവധി സംസ്കൃത പണ്ഡിതന്മാർ ഇതിന് പരിഭാഷ നൽകിയിട്ടുണ്ട്. ഖരഭൂഷണാദി രാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ട് ശൂർപ്പണഖ ശ്രീരാമദേവന്റെ സന്നിധിയിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ ആരംഭിക്കുന്ന കാവ്യം സീതാദേവിയുടെ അഗ്നിപ്രവേശനവും പാതിവൃത്യ മഹിമ കണ്ടു സന്തുഷ്ടനായ ദേവഋഷി നാരദമഹർഷിയുടെ അനുഗ്രഹത്തോടെയാണ് ഈ ഗ്രന്ഥം പരിസമാപ്തിയിലെത്തുന്നത്.
കൊടുമൺ എന്ന ഗ്രാമം
സാംസ്കാരിക ചരിത്ര ഗവേഷകർക്ക് പഠനവിധേയമാക്കേണ്ട ഒരു പുണ്യ സങ്കേതമാണ് ഈ പ്രദേശം. ഇവിടുത്തെ ചില സ്ഥലനാമവുമായി ബന്ധപ്പെടുമ്പോൾ എകദേശം, സംഘകാലഘട്ടത്തോളം (ബി.സി.500 - ഏ.ഡി. മൂന്നാം ശതകം വരെ) പിന്നിലേക്ക് പോകേണ്ടി വരുന്നു, ഈ മണ്ണിന്റെ ചരിത്രം അറിയാൻ. സംഘകാല കവി സാമ്രാട്ടായ കപിലൻ പതിറ്റിപ്പത്ത് പത്താം പാട്ടിൽ കൊടുമണം എന്ന പ്രദേശത്തു പണിത സ്വർണആഭരണങ്ങളെക്കറിച്ച് പരാമർശിക്കുന്നതായി അടൂർ രാമചന്ദ്രൻ നായർ (മുൻ സ്റ്റേറ്റ് ഗസറ്റയിർ) തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 'കൊടു' എന്ന പദത്തിന് തമിഴിൽ 'സ്വർണ്ണം' എന്നും 'മണം' എന്നാൽ 'മണ്ണ് 'എന്നും ആണ് അർത്ഥം കാണുന്നത്. അതുകൊണ്ട് 'കൊടുമണം' എന്ന വാക്കാണ് പിന്നീട് ലോപിച്ച് 'കൊടുമൺ' എന്ന സ്ഥലനാമം ആയത്. (സ്വർണ്ണം വിളയുന്ന മണ്ണ് എന്നും ചിന്തിക്കാവുന്നതാണ്.) ഇതിന് ഉപോദ്ബലകമായ ചില സ്ഥലനാമങ്ങൾ അടങ്ങിയ ചില ചരിത്രരേഖകളും കണ്ടെത്തിയിട്ടുണ്ട്.
ശക്തിഭദ്രനും ചെന്നീർക്കര സ്വരൂപവും
ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത് എന്ന് ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളതാണ്. ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ 966 ൽ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കൾ ഉൾപ്പെടെ). പഴയ മലയാണ്മ ലിപിയിൽ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
ശക്തിഭദ്രനും ചിലന്തി അമ്പലവും
ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു എന്ന് വ്യക്തമായി കാണുന്നു. ക്ഷേത്ര സ്പർശികളായ കല്പിത കഥകൾ പരിശോധിച്ചാൽ അവയിൽ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാൻ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാൻ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങൾ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളിൽ വച്ചാണ്. അതിൽ മേൽപ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികൾ വിതറിയ സന്ദർഭങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.
ക്ഷേത്ര ഐതിഹ്യം
ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രമാണ് ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അൻപ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽതന്നെ തപസ് അനുഷ്ഠിച്ചുപോന്നു. തുടർന്ന് ഇവരിൽ ചിലന്തികൾ വലകെട്ടുകയും ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി തീർന്നു, ഈ ദേവിയുടെ ആത്മചൈതന്യം തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ ലയിച്ചുചേർന്നു എന്നാണ് പറയപ്പെടുന്നത്. അന്നുമുതൽക്കാണത്രെ ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം ക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന് വിസ്മരിക്കാൻ പറ്റാത്ത കാര്യമാണ്.
കവിയുടെ മറ്റു ഗ്രന്ഥങ്ങൾ
ശക്തിഭദ്രൻ ചൂഢാമണിയുടെ സ്ഥാപനയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
"ആര്യേ ശ്റുയതാം ഉന്മാദവാസവകർത്താ
പ്രദ്യതിനാം, കാവ്യാനാം കർത്രു" എന്ന വരികൾ ഉന്മാദവാസവദത്ത എന്ന സംസ്കൃത കാവ്യത്തിന്റെ കർത്താവാണ് ശക്തിഭദ്രൻ എന്ന് ആശ്ചര്യചൂഢാമണി ഗ്രന്ഥം ഗവേഷണ വിധേയമാക്കിയ സാഹിത്യഗവേഷകർ സമർത്ഥിക്കുന്നു. എന്തായിരുന്നാലും സംസ്കൃത കാവ്യനാടക സാഹിത്യത്തിന് ഒരു മുതൽകൂട്ടായ ഈ ആശ്ചര്യചൂഢാമണിയും അതിന്റെ പിതാവായ ശക്തിഭദ്രനേയും കേരളക്കരയുടെ മക്കൾ വിസ്മൃതിയുടെ ആലസ്യത്തിൽ മുക്കിയപ്പോൾ ശക്തിഭദ്രനും അദ്ദേഹത്തിന്റെ കൃതിയും വിസ്മൃതിയുടെ വീചിപ്രവാഹത്തിന് വിഴുങ്ങാൻ പറ്റാത്തവണ്ണം ആർത്തടിക്കുന്ന കടൽത്തിരമാല കണക്കെ വിശ്വസാഹിത്യവേദിയിൽ ഒരിക്കലും നിലക്കാത്ത വജ്റപ്രഭാവമായി തുടരും എന്ന് നമുക്ക് നിശ്ചയിക്കാം.