ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന് 29.6 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കരിമ്പുഴപ്പുഴയും, കിഴക്കുഭാഗത്ത് കടമ്പഴിപ്പുറം പഞ്ചായത്തും, തെക്കുഭാഗത്ത് പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തുമാണ്. പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറായും, ഒറ്റപ്പാലം താലൂക്കിന്റെ വടക്കുകിഴക്കുഭാഗത്തായും നിമ്നോന്നതമായി കിടക്കുന്ന ഭൂവിഭാഗമാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. കല്ലടിക്കോടൻ മലയിൽ നിന്നുത്ഭവിച്ച് പൊന്നാനിക്കു സമീപത്തു വച്ച് ഭാരതപ്പുഴയിൽ ചേരുന്ന ജലസമൃദ്ധമായ കുന്തിപ്പുഴ, കരിമ്പുഴപ്പുഴയെന്ന പേരിൽ ഈ പഞ്ചായത്തിന് വടക്ക് 9 കി.മീ ദൂരം അതിർത്തിയായി ഒഴുകുന്നു. സമുദ്രനിരപ്പിൽ നിന്ന് 110 മീറ്റർ ഉയരമുള്ള മുരുങ്ങോടൻ മലയാണ് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശം. ഭൂപ്രകൃതി അനുസരിച്ച് ശ്രീകൃഷ്ണപുരം പഞ്ചായത്തിനെ ഉയർന്ന കുന്നുകൾ, ചെറു ചെരിവ്, ഇടത്തരം ചെരിവ്, സമതലം, തീരസമതലം എന്നിങ്ങനെ അഞ്ച് മേഖലകളാക്കി തിരിക്കാം. പാലക്കാടൻ കാലാവസ്ഥാമേഖലയിൽ ഉൾപ്പെടുന്ന ഈ പഞ്ചായത്ത് ഭൂപ്രകൃതിപരമായി മലനാടിൽ സ്ഥിതി ചെയ്യുന്നു. പാണ്ഡവൻമാർ നീരാട്ടിനിറങ്ങിയതെന്ന് ഐതിഹ്യമുള്ളതാണ് കുന്തിപ്പുഴ. പഴയകാലത്ത് ശ്രീകൃഷ്ണപുരം, ഈശ്വരമംഗലം, വലമ്പിലി മംഗലം, പെരുമങ്ങാട് എന്നീ നാല് ദേശങ്ങൾ അടങ്ങിയതായിരുന്നു ശ്രീകൃഷ്ണപുരം അംശം. ഈ അംശത്തിലെ പ്രധാനക്ഷേത്രം ശ്രീകൃഷ്ണക്ഷേത്രമായിരുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടായിരിക്കാം ഈ പ്രദേശം ശ്രീകൃഷ്ണപുരം എന്നറിയപ്പെട്ടത്.
10.91° N 76.39° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രെസിഡന്റ്
വിസ്തീർണ്ണം 29.56ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25223
ജനസാന്ദ്രത 762/ച.കി.മീ
കോഡുകൾ
• തപാൽ 679513 • ടെലിഫോൺ +0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ശ്രീകൃഷ്ണപുരം നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.