ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഇത് കൊറോണക്കാലം.കോവിഡ് എന്ന വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന കാലം.അതീവജാഗ്രതയോടെ വീട്ടിൽ നിന്നം പുറത്തിറങ്ങാതെ ജനസമ്പർക്കം ഒഴിവാക്കേണ്ട കാലം. കൊറോണക്കാലത്ത് വീട്ടിലിരുന്ന് മടുത്തു.അയാൾ വീട്ടിൽ കലഹമുണ്ടാക്കി.സഹിക്കുന്നതിന് ഒരതിരില്ലേ. അയാളുടെ ഞരമ്പുകൾക്ക് വല്ലാത്ത ക്ഷീണം.ഉന്മേഷം തീരെയില്ല.കൈകൾ വിറയ്ക്കുന്നു.ഒരു തുള്ളി, ഒരു തുള്ളിയെങ്കിലും കിട്ടിയിരുന്നെങ്കിൽ .അയാളുടെ വരണ്ട തൊണ്ടകൾ അലമുറയിട്ടു...
വല്ലപ്പോഴായി ഷാപ്പിൽ ഒരു വിരുന്നുകാരനെപ്പോലെ കടന്നുവരാറുള്ള പാച്ചുവിന്റെ സ്വരമല്ലേ.അവൻ ഷാപ്പിലെത്തിയാൽ എല്ലാവരും അവനു ചുറ്റും കൂടും,പാട്ടുകൾ നല്ല ഈണത്തിൽ ചൊല്ലുന്നതു കേൾക്കാൻ. എല്ലായ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതം.ഇപ്പോൾ കുറേ നാളായി അവനെ കണ്ടിട്ട്.വേലിക്കരികിലേക്ക് ഓടി.തൊട്ടാവാടിയുടെ മുള്ളുകൾ കാലിൽ നീറ്റലിന്റെ പോറൽ വരച്ചിട്ടു.
"ഒപ്പിക്കാനോ ?എന്ത്?ലോകം മുഴുവൻ ലോക്ക് ഡൗണല്ലേ.ഒരിലപോലും അനങ്ങണില്ല.ഞാൻ ആ ശീലം പാടേ നിർത്തിയിട്ട് നോളേറെയായി.” പറമ്പിലെ പച്ചക്കറികൾക്ക് വെണ്ണീരും ചാണകപ്പൊടിയും തേടി പാറുവമ്മയുടെ അടുത്തേക്ക് പോകയാ.” പാച്ചു നടന്നു നീങ്ങി.ശൂന്യമായ ഇടവഴി.ആളനക്കമില്ല. "ദാ ചായ .."തണുക്കുന്നു.വീണ്ടും അവളുടെ വിളി. നേരെ ചായ്പ്പിലേക്ക് വെച്ചുനീട്ടി.മാറാല പിടിച്ച തൂമ്പ.എത്ര കാലം ഈ കൈയുടെ ചൂടേറ്റതാണ്. എപ്പഴോ അകന്നുപോയി... വരണ്ട മണ്ണിൽ ആഞ്ഞ് കൊത്തി.തൂമ്പ താളത്തിൽ മണ്ണിൽ നൃത്തം ചവിട്ടി.നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അത് ദേഹമാസകലം ഒഴുകി..വാഴക്കൈകൾ മൃദുമായി തലോടി.ആവേശം അലതല്ലി.മനസ്സിൽ കുളിര് കോരി യിട്ട് ഇളം കാറ്റ് മൂളിപ്പാഞ്ഞു. "എടീ.നീ ആ ചായ ഇങ്ങെട്..” അവൾ വിശ്വാസം വരാതെ തുറിച്ചുനോക്കി.കരഞ്ഞ് കലങ്ങിയ കണ്ണുകൾക്ക് ചുറ്റിലും ദൈന്യതയുടെ കറുത്ത നിഴലുകൾ .പ്രകാശത്തിന്റെ തിളക്കം കോണുകളിൽ അരിച്ചെത്തിയോ?മുഖത്ത് പുഞ്ചിരിയുടെ ചുഴികൾ മിന്നിമറഞ്ഞോ? അവൾ ചായയുമായി ഓടിയെത്തി.അവളുടെ തുറിച്ചുനോട്ടത്തിനുമുന്നിൽ അയാൾ ചൂളി. അവൾ എന്നത്തേക്കാളും സുന്ദരിയായി . പ്ലാവിൻ ചുവട്ടിൽ പക്ഷികൾക്കായി മോള് വച്ച മൺകുടത്തിലെ വെള്ളത്തിൽ ഇണക്കുരുവികൾ മുങ്ങിക്കുളിക്കുന്നു.ചിറകുകളിട്ടടിക്കുന്നു.കൊക്കുകൾ തൊട്ടുരുമ്മുന്നു.ആഹ്ലാദത്തിന്റെ കലപിലശബ്ദം... ചായ കുടിച്ച ഗ്ലാസ്സ് തിരികെ നൽകി അയാൾ വീണ്ടും തൂമ്പയുമായി ചങ്ങാത്തം കൂടി. അവൾ നടന്നുനീങ്ങി.മോളെ മാറോട് ചേർത്തുനിർത്തി.തൂമ്പയുടെ നൃത്തത്തിനൊപ്പം അയാളുടെ മനസ്സും നൃത്തം ചവിട്ടി....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |