ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/നിസ്സഹായൻ
നിസ്സഹായൻ
സ്കൂളിൽ നിന്ന് വീണ് കൈ പൊട്ടി പ്ലാസ്റ്ററിട്ട ദിവസം രാത്രി ചോറൂണ് കഴിഞ്ഞ് വീടിന്റെ ഇറയത്ത് അച്ഛന്റെ മടിയിൽഇരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഒരു തവള കിണറിന്റെ സമീപത്തു നിന്ന്ചാടി ചാടി മുറ്റത്തുവന്ന് നിന്നു.കുറേ നേരം അത് എന്നെയും ഞാൻ അതിനെയും നോക്കി നോക്കി നിന്നു. കുറച്ചു നേരം കഴിഞ്ഞ് അതിന്റെ ചുണ്ട് അനക്കി എന്നോട് എന്തോ പറയുന്നതു പോലെ എനിക്ക് തോന്നി . "എന്താ പറ്റ്യേ? " "സ്കൂളിൽ നിന്ന് വീണതാ" .ഞാനും തവളയും മനസ്സു കൊണ്ട് സംസാരിക്കാൻ തുടങ്ങി . "സ്കൂളിൽ ഇന്ന് പ്രതിരോധ കുത്തിവെയ്പായിരുന്നു. അഞ്ചാം ക്ലാസുകാരെ കുത്തിവെയ്ക്കുന്നത് കാണാൻ ഞങ്ങൾ വരാന്തയുടെ ഗ്രിൽസിൽ കയറനിന്നതാ. വീണു കൈ പൊട്ടി പ്ലാസ്റ്ററിട്ടു. രണ്ടുമാസം വേണമെന്നാ ഡോക്ടർ പറഞ്ഞേ. നാളെ സ്കൂളിൽ പോകേണ്ട.വലത്തേ കൈയല്ലേ പൊട്ടിയത്, എങ്ങനെ എഴുതും. ദേവൂന്റെ നോട്ട് വാങ്ങണം . അമ്മ എഴുതിത്തരും.” തവളയുടെ ചോദ്യത്തിനുത്തരമായി ഞാൻ പറഞ്ഞു. "വേദന കുറവുണ്ടോ? " “ ഉം " തവള രണ്ടു കൈകളും ഉയർത്തി അതിന്റെ കണ്ണിൽ തടവി. എന്റെ വേദനയിൽസങ്കടപ്പെട്ടതാണെന്നും കണ്ണീർ തുടച്ചതാണെന്നും എനിക്ക് തോന്നി. “അപ്പൂ ..നിനക്ക് ഗുളിക തിന്നേണ്ടേ..വീണ് കൈയും പൊട്ടിച്ചിട്ട്". അകത്ത് നിന്ന് അമ്മയുടെസിംഹഗർജനം ഞാനും തവളയും തമ്മിലുള്ള മൗനസംഭാഷണം തടസ്സപ്പെടുത്തി. പിറ്റേ ദിവസം തവള കൃത്യസമയത്ത് തന്നെ അവിടെ വന്നു. സുഖവിവരം അന്വേഷിക്കാനാണെന്ന് എനിക്ക് തോന്നി. "കുറവുണ്ട് " ഞാൻ വിളിച്ചു പറഞ്ഞു. രണ്ടു ദിവസം പതിവ് സന്ദർശനം തുടർന്നു. നാലാം ദിവസം അച്ഛൻ ലീവ് കഴിഞ്ഞ് ജോലിക്ക് പോയ ദിവസം സമയം കഴിഞ്ഞിട്ടും തവള വന്നില്ല. ഞാൻ കുറേ നേരം നോക്കി നിന്നു. "അപ്പൂ ..നീ ഉറങ്ങുന്നില്ലേ...നാളെ വെള്ളിയാഴ്ചയാണ്.നാളെ നേരത്തേ സ്കുൂളിൽ പോകേണ്ടേ?"അമ്മയുടെ വിളി കേട്ട് തിരികെ നടക്കുമ്പോൾ എന്തോ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. എന്റെ സുഹൃത്തായ തവളയെ ഒരു പാമ്പ് വിഴുങ്ങുന്നതാണ് ഞാൻ കണ്ടത്. പാമ്പിന്റെ വായിലകപ്പെട്ട തവള എന്നെയും ഞാൻ തവളയെയും മാറി മാറി നോക്കി. എനിക്ക് സങ്കടം തോന്നി. പാമ്പിനെ എനിക്ക് പേടിയാണെങ്കിലും ഒരു കല്ലെടുത്ത് പാമ്പിനു നേരെ എറിയാൻ നോക്കുമ്പോൾ അമ്മ പറഞ്ഞു, "അച്ഛൻ പറഞ്ഞിട്ടില്ലേ പ്രകൃതിയിലെ ഒന്നിനെയും ഉപദ്രവിച്ചുകൂടാന്ന്."അച്ഛന്റെഉപദേശത്തിലും പാമ്പിനോടുള്ള പേടിയിലും അകപ്പെട്ട് നിസ്സഹായനായി ഞാൻ നോക്കി നിൽക്കേ പാമ്പ് തവളയെയും കൊണ്ട് ഇഴഞ്ഞുപോയി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |