കാലചക്രങ്ങൾ കറങ്ങുമീ വേളയിൽ
എത്തുന്നിതാ മഴക്കാലം
മുറ്റത്തു പതിക്കുമീ മഴത്തുള്ളികൾ
എൻ ബാല്യകാല സ്മരണകൾ
ഉണർത്തിടുന്നുവോ?
ഒരു കുട മോഹിച്ചു ഞാൻ
എൻ ബാല്യത്തിൽ
അച്ഛൻ തൻ ശകാരത്തിൽ
മഴത്തുള്ളിയാം എൻ മോഹം
പെയ്തുടഞ്ഞുവോ?
ഇന്ന് ഞാൻ മോഹിച്ചിടുന്നിതാ
ആ മഴക്കാലം ഒരു വട്ടം കൂടി
ചെറുകുടയുമായി ആ മഴയത്ത്
നിന്നിടുവാനായ്
എൻ മോഹങ്ങൾ പൂവണിയുവാനായ്
എത്തീടുമോ ആ മഴക്കാലം
ഒരു വട്ടം കൂടി
മുറ്റത്തെ മാവിൻ ഇലകളിൽ
തങ്ങി നിൽക്കുമീ മഴത്തുള്ളികൾ
എൻ മനസ്സിനെ തണുപ്പിക്കും
ഓർമകളായി മാറുന്നുവോ?
മുറ്റത്തു നിൽക്കുമീ കേരവൃക്ഷങ്ങൾ
തൻ ചുവട്ടിൽ
മഴവെള്ളം ഒഴുകിയെത്തും നേരം
ഓർക്കുന്നു ഞാൻ എൻ കുസൃതികൾ
ഇന്ന് ഞാൻ മോഹിച്ചിടുന്നു
ആ മഴക്കാലം
ഒരു വട്ടം കൂടി
വീണ്ടും ഒരു വട്ടം കൂടി