ഏ.വി.എച്ച്.എസ് പൊന്നാനി/ഗ്രന്ഥശാല
പുസ്തകങ്ങൾ വായിച്ച് വായനാവാരം(19-6-2018)
പൊന്നാനി എവി ഹൈസ്കൂളിൽ വായനാദിനവും വാരവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വായനാദിനത്തിൽ എം ടി വാസുദേവൻ നായരുടെ നിന്റെ ഓർമ്മയ്ക്ക് എന്ന കഥ, സ്കൂൾ റേഡിയോയിലൂടെ വായിച്ചുകൊണ്ട്, ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂർ വായനാവാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റേയും വായനയുടേയും പ്രാധാന്യത്തേയും ഓർമ്മിപ്പിക്കുന്ന ശബ്ദരേഖയും റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തു. വായനാവാരം രണ്ടാം ദിവസം മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളിൽ നിന്നുള്ള ഒരു ഭാഗമാണ് 9ഡി ക്ലാസിലെ അശ്വതി വായിച്ചത്. മൂന്നാം ദിവസം വയലാറിന്റെ സർഗ്ഗസംഗീതം എന്ന കവിത സത്യൻ മാസ്റ്റർ ആലപിച്ചു. നാലാം ദിനം കല്പറ്റ നാരായണന്റെ ആശ്വാസം എന്ന കവിതയും മറ്റു ചില കവിതകളും ജിപ്സൺ ജേക്കബ് അവതരിപ്പിച്ചു. അഞ്ചാം ദിനത്തിൽ 9 കെയിലെ അനൈന. കെ, നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്ന പസ്തകത്തിൽ നിന്നും ഒരു ഭാഗമാണ് വായിച്ചത്. ആറാം ദിനം ബേപ്പൂർ സുൽത്താന്റേതായിരുന്നു. അദ്ദേഹത്തിന്റെ സർപ്പയജ്ഞം എന്ന കഥ, അശ്വതിയുടെ ശബ്ദത്തിൽ കാതുകളിലെത്തി.