എച്ച് എസ്സ്.കൂത്താട്ടുകുളം/സ്ഥലനാമചരിത്രം
കൂത്താട്ടുകുളം സ്ഥലനാമചരിത്രം
കേരളത്തിലെ പഴയ സ്ഥലനാമങ്ങൾക്കെല്ലാം ആ പേരിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. സത്യവും സങ്കല്പവും ഇടകലർന്നുകിടക്കുന്ന ഇത്തരം ഐതിഹ്യങ്ങൾ പലതും ഏറെ രസാവഹങ്ങളാണ്. അത്തരം ഒരൈതിഹ്യം 'കൂത്താട്ടുകുളം' എന്ന പേരിനു പിന്നിലുമുണ്ട്.
കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അർജ്ജുനൻമല എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പിൽ നിന്നും ഏകദേശം അഞ്ഞുറ് മീറ്റർ ഉയരമുള്ള ഒരു കുന്നാണ് അർജ്ജുനൻമല. ഉള്ളാട സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അർജ്ജുനൻ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അർജ്ജുനൻ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അർജ്ജുനൻമല എന്ന പേരുവന്നത്.
കുറെ കാലത്തിനുശേഷം ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി ഈ കുന്നിൽമുകളിലെത്തി. അവർ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടിൽ കുത്തി നോക്കിയപ്പോൾ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവർ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം.