കറുത്തമഷി
"ഫിദേ" കെമിസ്ട്രി ടീച്ചറുടെ വിളിയിലാണ് അവളുടെ ചിന്തകൾ മുറിഞ്ഞത് .
"ഇവടെ ശ്രദ്ധിക്ക്"
ടീച്ചർ ക്ലാസ് തുടർന്നു ...പിറകിലാരോ സംസാരിച്ചപ്പോൾ ടീച്ചർ കൈയോടെ പൊക്കി. പതിവു പോലെ ഒരു ചോദ്യവും
" ഹൈഡ്രജന്റെ ഒരൈസോടോപ്പിന്റെ പേര് പറ"
പിൻനിര തോറ്റ് പിന്മാറിയപ്പോൾ ചോദ്യം മുന്നോട്ട് നീങ്ങി.
ഫിദ എഴുന്നേറ്റ് നിന്നു. ടീച്ചർ ഉത്തരം പ്രതീക്ഷിച്ചത് ഇവിടുന്നായിരുന്നു. വിഷയമേതായാലും ഉത്തരം നൽകാനുള്ള അവസരം അവൾക്ക് അവസാനമേ നൽകാറുള്ളൂ.
ഇത്തവണ അവൾ പതിവ് തെറ്റിച്ചു.പ്രതീക്ഷ ആദ്യമായി അസ്ഥാനത്തായ വേദന. എഴുന്നേറ്റ് നിക്കുന്നവർക്കുള്ള ഇമ്പോസിഷൻ കൊടുത്തിട്ടാണ് ക്ലാസ്സ് മുന്നോട്ട് പോയത്.
"ടീച്ചറെ ഈ സുനിൽ സാറ്...?"
സ്റ്റാഫ് റൂമിലെ വാതിലിനോട് ചേർന്നിരിക്കുന്ന ടീച്ചറോട് അയാൾ ചോദിച്ചു
"മോളില് ഒാഫീസിലിണ്ടാവും"
"ഓ"
അയാൾ മുകളിലേക്ക് പോവുമ്പോഴാണ് പി.ടി.എ പ്രസിഡന്റിന്റെ മുന്നിൽ പെട്ടത്
" ആ റഷീദ്ക്ക കൊറെ ആയല്ലോ കണ്ടിട്ട് സുഖല്ലേ"
"ഓ"
"ഞാന്ങളെ ഒന്ന് കാണണന്ന് വിചാരിച്ചിരിക്ക്യാര്ന്ന്"
എന്തേയ്"
"ഞാനൊര് പഴേ ബിൽഡിങിന്റെ കാര്യം പറഞ്ഞില്ലേ"
നിക്ക് ഓർമ്മേണ്ട്. ഞാനേ പിന്നവരാ ,സുനിൽ മാഷ്നെ കാണണേ" അയാൾ ഒഴിഞ്ഞുമാറി.
"ശരിന്നാ"
"മാഷേ ഒന്ന് വരി" അയാൾ ഒഫീസിലേക്ക് തല നീട്ടി
" ഞാൻ സയൻസ് ലെ ഫിദേന്റെ വാപ്പേണ്"
"ആ എന്താര്ന്ന് ഇപ്പം വന്നേ"
"ഓളെ കാണാൻ കൊറച്ച് പേര് വന്ന്ണ്ടെ"
പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു.
"ടീച്ചറേ.... ഒന്ന് ശല്യം ചെയ്ന്നേ"
സുനിൽ മാഷ് ക്ലാസിന്റെ പുറത്ത് നിന്ന് പറഞ്ഞു.
"എന്താ മാഷേ" ടീച്ചർ ഒരു വശത്തേക്ക് മാറി.
"ഫിദേന്റെ വാപ്പ
വന്ന്ട്ടുണ്ടേ, മോളെ ഇങ്ങട്ട് വാ"
ഫിദയെ നോക്കി സുനിൽ മാഷ് പറഞ്ഞു.
ഫിദ പുറത്തേക്ക് നടന്നു. അവൾക്ക് കാര്യം മനസിലായിരുന്നു. വാപ്പയുടെ ചെമ്പിച്ച താടിക്കകത്ത് ഒരു പിശാചുള്ളതായി അവൾക്ക് തോന്നി.
"മോളെ അന്നെ കാണാൻ ഒരൂട്ടര് വര്ണ്ട്. നീ ബാഗെടുത്ത് പോര്
ഗൾഫ്ന്നാ"
അവൾ മെല്ലെ അകത്തുകയറി. " നിക്കാഹിന് ഞങ്ങളെയൊക്കെ വിളിക്കണട്ടോ"
ആരോ പറഞ്ഞ തമാശയിൽ അവൾക്ക് ചിരിക്കാൻ കഴിഞ്ഞില്ല.
പുസ്തകം എടുത്തു വെക്കുമ്പോൾ അതിൽ നിന്ന് അവൾ കരുതലോടെ
കൊണ്ടുനടന്ന മഷിപ്പേന നിലത്തുവീണു. കറുത്ത മഷി നിലത്തു പടർന്നു. ആ കറുപ്പ് അവളിലേക്ക് പടർന്നു. ആ കറുപ്പ് അവളുടെ മുഖം മറച്ചു.
............. .
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|