നാടൻ പാട്ടുകൾ
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുംമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
പത്തായിരാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ കണ്‍കൊണ്ടു കാണാനില്ല
നല്ലവരല്ലാകെയില്ല പാരില്‍
ഭൂലോകമൊക്കയുമൊന്നുപോലെ
നല്ലവരല്ലാതെയില്ല പാരില്‍
നല്ലകനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാബാലന്‍മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
നല്ല മഴപെയ്യും വേണ്ടനേരം
നല്ലപോലെല്ലാ വിളവും ചേരും
നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്നവാമിഭമെന്ന പോലെ
ആന കുതിരകളാടുമാടും
കൂടിവരിന്നതിനന്തമില്ല
ശീലത്തരങ്ങളും വേണ്ടുവോളം
നീലകവണികള്‍ വേണ്ടുവോളം
നല്ലോണം ഘോഷിപ്പാന്‍നല്ലെഴുത്തന്‍
കായംകുളം ചേലപോര്‍ക്കളത്തില്‍
ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ
ജീരകം നല്ല കുരുമുളക്
ശര്‍ക്കര തേനൊടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേ വേണ്ടൂ
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ
മാവേലി പോകുന്നനേരത്തപ്പോള്‍
നിന്നു കരയുന്ന മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുനാള്‍ വരുന്നതുണ്ട്
തിരുവോണത്തുനാള്‍ വരുന്നതുണ്ട്
എന്നതുകേട്ടോരു മാനുഷ്യരും
നന്നായ് തെളിഞ്ഞു മനസുകൊണ്ട്
വല്‍സരമൊന്നാകും ചിങ്ങമാസം
ഉല്‍സവമാകും തിരുവോണത്തിന്
മാനഷരെല്ലാരുമൊന്നുപോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു
ഉച്ചമലരിയും പിച്ചകപൂം
വാടാത്തമല്ലിയും റോസാപൂവും
ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചുപങ്കജാക്ഷീം
കൊച്ചുകല്യാണിയും എന്നൊരുത്തി
അത്തപ്പൂവിട്ടു കുരവയിട്ടു
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുംമൊന്നുപോലെ.