നാടൻകലകൾ
| align="center" style="font-size: 90%;" colspan="2" | നാടന്‍ പാട്ടുകള്‍ | നാട്ടറിവുകള്‍ | പഴഞ്ചൊല്ലുകള്‍ | നാടന്‍കലകള്‍ |
നാടന്‍ കലകള്‍
- അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. അയനിപ്പാട്ട്കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്‍മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൗസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര്‍ കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്‍മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്‍മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന്‍ ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്.
- അയ്യപ്പന്‍ തീയ്യാട്ട് :- അയ്യപ്പന്‍കാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല.അയ്യപ്പന്‍ തീയാട്ടിന്‍റെ അരങ്ങ് ഒരുക്കുന്നതിലുമുണ്ട് സവിശേഷതകള്‍. കുരുത്തോല കൊണ്ട് ആദ്യം പന്തല്‍ അലങ്കരിയ്ക്കുന്നു. പിന്നെ കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് കളം വരയ്ക്കുന്നു.അയ്യപ്പന്‍റെ അവതാരരൂപങ്ങളാണ് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. അതിനുശേഷം താളമേളങ്ങള്‍ സജ്ജീകരിക്കുന്നു. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്.തീയ്യാടിന്‍റെ വേഷം കെട്ടുന്നതിനുമുണ്ട് സവിശേഷതകള്‍. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളില്‍ ചുവന്ന പട്ട് ചുറ്റി, നെറ്റിമേല്‍ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തില്‍ തുളസിമാലകളുമണിഞ്ഞാണ് അവതരിപ്പിക്കുന്നയാള്‍ രംഗത്തെത്തുന്നത്.കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.അയ്യപ്പന്‍ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാര്‍ത്ഥനയും ജീവിതത്തിന്‍റെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു. ഈ കല പുലര്‍ത്തിപ്പോരാന്‍ കഠിനമായ പരിശീലനവും ഭക്തിയും ഏകാഗ്രതയും ആവശ്യമാണ്.
- അലാമിക്കളി :- ഉത്തരകേരളത്തില്‍ നിലവിലുള്ള ഒരു അനുഷ്ഠാനകല.കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാര്‍ദത്തിന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്. മുസ്ലീം ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം. അനീതിക്കെതിരേ നടന്ന ആ യുദ്ധത്തിന്റെ അനുസ്‌മരണാര്‍ത്ഥമാണ് ലോകമെമ്പാടുമുള്ള മുസ്ലീം മതസ്‌ഥര്‍ മുഹറമാഘോഷിക്കുന്നത്. ആ പുണ്യസ്മരണ തന്നെയാണ് അലാമികളിയിലൂടെയും പുനര്‍ജനിച്ചത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വര്‍ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തില്‍പെട്ടവരാണ്. ഈ ചടങ്ങുകളുടേയെല്ലാം കാര്‍മികത്വം വഹിക്കുന്നത് മുസ്ലീംമതത്തിലെ പ്രമാണിമാരും ആയിരിക്കും.
അലാമികളിയും കര്‍ബലയുദ്ധവും ഹുസൈന്‍(റ) – യുടെ നേതൃത്വത്തില്‍ ഏകാധിപതിയായ യസീദിന്റെ ദുര്‍ഭരണത്തിനെതിരേ ധര്‍മ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തില്‍ ശത്രുസൈന്യങ്ങള്‍ കരിവേഷമണിഞ്ഞ് ഹുസൈന്‍(റ)-യുടെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതാണ് അലാമിവേഷങ്ങള്‍. അതികഠിനമായ യുദ്ധത്തിനിടയില്‍ തളര്‍ന്നുപോയ ഹുസൈന്‍(റ)-യുടെ ആള്‍ക്കാര്‍ ദാഹജലത്തിനായി ഉഴറി നടന്നപ്പോള്‍ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങള്‍ നിരത്തി അവര്‍ക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങള്‍ അലാമികളിയില്‍ അനുസ്‌മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലില്‍ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാന്‍ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവില്‍ ഹുസൈന്‍(റ) ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കാന്‍ ശ്രമിച്ച യസീദിന്റെ ആള്‍ക്കാള്‍ ഹുസൈന്റെ കൈകള്‍ മണ്ണില്‍ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങള്‍ മണ്ണില്‍ താഴാതെ തന്നെ നിന്നപ്പോള്‍ ശത്രുക്കള്‍ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായ വെള്ളിക്കരം ഇതിന്റെ അനുസ്മരണമാണ്.
ചരിത്രം കാസര്‍ഗോഡു ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസര്‍ഗോഡു ജില്ലയില്‍ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസര്‍ഗോഡ് എന്നിങ്ങനെ മുസ്ലീങ്ങള്‍ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളില്‍ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികള്‍ക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും.തുര്‍ക്കന്‍മാരെന്നും സാഹിബന്‍മാരെന്നും ഇവര്‍ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവര്‍ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുര്‍ക്കന്‍മാരുടെ വരവ്. ഇവര്‍ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്‌ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുര്‍ക്കന്‍മാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാല്‍ ആദരസൂചകമായിട്ടാണിവരെ സാഹിബന്‍മാര്‍ എന്നു വിളിച്ചു പോന്നത്. ടിപ്പുവില്‍ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോള്‍ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുര്‍ക്കന്‍മാര്‍ക്ക് ആ സ്ഥലങ്ങളൊക്കെ ദര്‍ക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുര്‍ക്കന്‍മാരില്‍ പലരും തിരിച്ചു പോവുകയോ മറ്റു പണികളില്‍ ഏര്‍പ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവല്‍ക്കാരായി. ഫക്കീര്‍ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂല്‍ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്.
ചടങ്ങ് വിശ്വാസങ്ങളും മുഹറം ഒന്നിന് ഫക്കീര്‍ സാഹിബിന്റെ വീട്ടില്‍ നിന്നും കൈരൂപം പ്രത്യേക പ്രാര്‍ത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി നേര്‍ച്ച നേര്‍ന്നവര്‍ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയില്‍ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദര്‍ശിച്ച് അവര്‍ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീര്‍ത്ഥമായി ഫക്കീറില്‍ നിന്നും ‘നാട’യാണു വാങ്ങിച്ചിരുന്നത്. അലാമികള്‍ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികള്‍ രൂപം കൊള്ളുന്നത്.
മുഹറം പത്തിനാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയില്‍ എത്തുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വര്‍ഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തില്‍ നിന്നും തീക്കനല്‍ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തില്‍ നിക്ഷേപിക്കും. അടുത്ത വര്‍ഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളില്‍ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീര്‍ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തില്‍ നിന്നും കൈനിറയെ കനലുകള്‍ വാരി ഉയര്‍ത്തി പിടിച്ച് ഏറെ നേരം ‘ദുആ’ ഉരയ്‌ക്കും (പ്രാര്‍ത്ഥന നടത്തും). ശേഷം കനല്‍കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാര്‍ത്ഥനയ്‌ക്കു ശേഷം നിക്ഷേപിച്ച കനല്‍കട്ടകളെ അഗ്നികുണ്ഡത്തിലെ കനല്‍കട്ടകളുമായ് ചേര്‍ത്ത് ഏറെ നേരം ഇളക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും കനലുകളെടുത്ത് വാരിവിതറി അതില്‍ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു.
വ്രതമെടുത്ത സ്ത്രീകള്‍ തലയില്‍ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീര്‍ ഇവരുടെ തലയില്‍ തീ കോരിയിടും. പിന്നീട് മയില്‍പ്പീലി കൊണ്ട് തീക്കട്ടകള്‍ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആര്‍ക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. പുലര്‍ച്ചയ്‌ക്കു ശേഷം ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങള്‍ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയില്‍ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വള്ളിക്കരം ഫക്കീര്‍പുരയില്‍ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു.
വേഷവിധാനവും നാടോടിപ്പാട്ടും അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തില്‍ പെട്ടവര്‍ മാത്രമാണ്. ദേഹം മുഴുവന്‍ കരിയും അതില്‍ വെളുത്ത പുള്ളികളിമാണ് അലാമികളുടെ വേഷം. കഴുത്തില്‍ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും തലയില്‍ കൂര്‍മ്പന്‍ പാളത്തൊപ്പിയും അതില്‍ ചുവന്ന തെച്ചിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിന്‍ പുറങ്ങളിലേക്ക് അലാമികള്‍ കൂട്ടം ചേര്‍ന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികള്‍ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികള്‍ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികള്‍ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവര്‍ നൃത്തം ചവിട്ടുന്നു. ഇവര്‍ പാടുന്ന നാടന്‍ പാട്ടുകള്‍ക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. “ലസ്സോലായ്‌മ… ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ… എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായില്‍ തോന്നുന്നതൊക്കെയും പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങള്‍ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും.
വിശ്വാസങ്ങള്‍ വീട്ടുമുറ്റത്ത് ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും തന്നെ വെറുംകൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികള്‍ക്കവര്‍ ഭിക്ഷ നല്‍കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും അലാമികള്‍ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികള്‍ക്ക് നാളികേരമിടാം, ചക്കപറിക്കാം… അലാമികള്‍ തൊട്ട കായ്‌ഫലങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കില്‍ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികള്‍ കൊത്തിമുറിച്ചിടും. വരുന്ന വഴി ഈ മരക്കൊമ്പുകള്‍ തലയിലേറ്റിയാണ് അലാമികള്‍ അലാമിപ്പള്ളിയില്‍ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്. കത്തുവാന്‍ പ്രയാസമുള്ള പച്ചവിടകുകള്‍ ആളിപ്പടര്‍ന്നു കത്തുന്നത് അലാമികളുടെ ശക്തിവിശേഷമായി കാണികള്‍ വിശ്വസിച്ചു പോന്നിരുന്നു.
- അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.
- ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.
- ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്.
- ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
- ഓണത്തുള്ളളല്‍ :- ദക്ഷിണകേരളത്തില്‍ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാല്‍ വേലന്‍ തുള്ളള്‍ എന്നും പറയുന്നു.
- ഒപ്പന :- മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.
- കണ്യാര്‍ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാര്‍ കളി.
- കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറില്‍ നിലനിന്നുപോരുന്ന ഒരു വിനോദകല.
- കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
- കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
- കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
- കൂടിയാട്ടം :- നടന്മാര്‍ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
- കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
- കോല്‍ക്കളി :- ഒരു വിനോദകലരൂപം.
- കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.
- ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
- തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
- തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ. തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളില്‍ കെട്ടിയാടുന്ന നാടന്‍കലയാണിത്. ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണിത്. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ പൂതം എന്നും കോഴിക്കോട് ജില്ലയില്‍ തിറയെന്നും കണ്ണൂര്‍ ജില്ലയില്‍ തെയ്യമെന്നും കാസര്‍കോഡിനപ്പുറം ഭൂതമെന്നുമാണ് പേര്. കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂര്‍ കാളിയാട്ടത്തോടെ അവസാനിക്കും. അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞള്‍പൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാല്‍ച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയില്‍ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്. വണ്ണാന്‍, പെരുമണ്ണാന്‍, മുന്നൂറ്റാന്‍, പാണന്‍, അഞ്ഞൂറ്റാന്‍, വേലന്‍, മലയന്‍, കോപ്പാളന്‍, ചിങ്ങത്താന്‍, കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്. പരദേവത, ഗുളികന്‍, ഘണ്ടാകര്‍ണന്‍, കാളി, കുട്ടിച്ചാത്തന്‍, മുത്തപ്പന്‍, കതിവന്നൂര്‍ വീരന്‍, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങള്‍ മലബാറില്‍ പ്രസിദ്ധമാണ്. വടക്കന്‍പാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവര്‍ വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടില്‍ കെട്ടിയാടപ്പെടുന്നുണ്ട്. നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്. ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങള്‍, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവര്‍, മൂന്ന്, മനുഷ്യന്‍ മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവര്‍, നാല്, കാരണവന്മാര്‍, പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്. ഗുളികന്‍, ഘണ്ടാകര്‍ണന്‍, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്. കുട്ടിച്ചാത്തനും കതിവന്നൂര്‍ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്. ഒതേനനും മറ്റും കാരണവന്മാര്‍ എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്.
- തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
- തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.തെയ്യം.കോലത്തുനാടെന്നറിയപ്പെടുന്ന വടക്കന്‍ കേരളത്തിന്റെ തനത് ആചാരം. തെയ്യത്തിന്റെ വേഷഭൂഷാദിളിലും, ഭാവങ്ങളിലും ചടുലമായ സംഗീതത്തലും, അതിമാനുഷികതയിലും ഉപരി തെയ്യത്തെ ഒരു തനത് ആചാരമാക്കുന്നത് സാധാരണക്കാരന്‍ തെയ്യത്തിനോട് പെരുമാറുന്ന രീതിയാണ്‍. അവന്‍ തന്റെ കൊച്ചു കൊച്ചു നൊമ്പരങ്ങളും, പരിഭവങ്ങളും തെയ്യത്തോട് ഉണറ്ത്തിക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. നാമൊക്കെ കൊച്ചു കുട്ടികളായിരുന്നപ്പോള്‍ മാതാപിതാക്കളോട് കൊച്ചുമനസിലെ മോഹങ്ങള്‍ ഉണര്‍ത്തിച്ചിരുന്ന അതേ നിഷ്ക്കളങ്കതയോടും അവകാശത്തോടും ഉറപ്പോടും കൂടെ. നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും സാമുദായിക സൌഹാര്‍ദ്ദത്തിന്റെയും പ്രതീകം കൂടെയാണ്‍ തെയ്യങ്ങള്‍. ഉദാഹരണത്തിന്‍ മുയ്യത്തെ പെരുങ്കളിയാട്ടത്തിന്‍ ആവശ്യമായ പഞ്ചസാര നല്‍കുന്നത് സമീപത്തെ മുസ്ലീം കുടുമ്പങ്ങളുടെ അധികാരമാണ്‍. ഭൂതകാലത്തില്‍ നിന്നും പാടങ്ങള്‍ ഉള്‍ക്കൊണ്ട് വര്‍ഗ്ഗീയതയെ പുകച്ച് പുറത്ത് ചാടിച്ച് വെറും മനുഷ്യനാവാന്‍ ഈ കാഴ്ചകള്‍ക്ക് നമ്മെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
- ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
- തിമബലി :- ദുര്‍മന്ത്രവാദികളായ മലയന്‍, പാണര്‍ തുടങ്ങിയ വര്‍ഗക്കാര്‍ നടത്തുന്ന ബാധോച്ചാടനപരമായ ഒരു ബലികര്‍മ്മം.
- പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കന്‍ ജില്ലകളിലെ കലാരൂപം.
- പൊരാട്ടുനാടകം :- പാണസമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപം.
- പരിചമുട്ടുകളി :- ഒരിക്കല്‍ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
- മാര്‍ഗംകളി :- ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
- മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആണ്ടിലോരിക്കല്‍ നടത്തപ്പെടുന്ന അനുഷ്ഠാനകല.
- സര്‍പ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സര്‍പ്പക്കാവുകളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാനനിര്‍വഹണം.