അധ്യാപക രചനകൾ/ഉറവിടം തേടി

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉറവിടം തേടി | color= 3 }} <center> <poem> ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉറവിടം തേടി

ശ്വസിക്കുന്ന വായുവിലോ അതോ,
കുടിക്കുന്ന വെള്ളത്തിലോ?
ചരിക്കുന്ന പാദത്തിലോ അതോ
നടക്കുന്ന വഴികളിലോ?
തുടിക്കുന്ന ഹൃദയത്തിലോ അതോ,
കൊടുക്കുന്ന കരങ്ങളിലോ?
എവിടെ? എവിടെയാണു നിൻ
ഒളിത്താവളം?
ദുരിതമെത്രയോ കണ്ടതാണീ ഞങ്ങൾ
വസൂരിയായ്, പ്ലേഗായ്, സാർസായ്...
സുനാമിയായ്, നിപ്പയായ്...
തക്കാളി, ഡെങ്കിപ്പനികളായ്...
മഹാ പ്രളയത്തിലും മുങ്ങിയവർ ഞങ്ങൾ
എല്ലാം നഷ്ടപ്പെട്ട ദുരന്തദിനങ്ങളിൽ
ശേഷിച്ചവർ ഞങ്ങൾ ഒരുമിച്ചു പാർത്തതും
ഒരുമിച്ചുണ്ടും ഉറങ്ങിയും നീണ്ട നാൾ
ഒരു കൂരയ്ക്കുള്ളിൽ കഴിഞ്ഞതും ഓർക്കുന്നു
അതിജീവനത്തിന്റെ പാതയിലൂടിവർ
നവ കേരളമൊന്നു നിർമ്മിച്ചതുമല്ലേ-
പച്ചപ്പിടിച്ചു വരും നാളിൽ തന്നെ
കടയ്ക്കൽ കോടാലി വച്ചവനാര്, നീ?
പലതും കേൾക്കുന്നു; വാസ്തവമറിവീല-
ചൈനയിൽ നിന്നു പുറപ്പെട്ടതാണുപോൽ
ആരും കണ്ടീല, അറിഞ്ഞില്ല വാസ്തവം!
ജീവൻ പലതും പൊലിഞ്ഞുകഴിഞ്ഞപ്പോൾ
ആരാണിവനെന്നു ലോകം തിരക്കുന്നു.
ശാസ്ത്ര കുതുകികൾ കണ്ടെത്തി മാത്രയിൽ
വൈറസ്സ് 'കൊറോണ' തന്നെ പ്രതിയെന്ന്
ആർക്കും തടുക്കുവാനാകാതവനുടെ
അദൃശ്യയാത്രയതാരംഭിച്ചപ്പോൾ
ലോകരാജ്യങ്ങൾ ഞെട്ടിവിറയ്ക്കുന്നു
തമ്മിൽ പഴിചാരി ആശ്വാസം തേടുന്നു...
യൂറോപ്പിലെങ്ങും കൂട്ടമരണങ്ങൾ
പ്രതിവിധിയായെങ്ങും പ്രതിരോധം തീർത്തപ്പോൾ
ഭീതിയാൽ ആളുകൾ നെട്ടോട്ടമോടുന്നു
അതിർത്തികളടയ്ക്കുന്നു, സേനയെ ഇറക്കുന്നു...
അനുമതിയില്ലാർക്കും പുറത്തേക്കിറങ്ങിടാൻ
സർക്കാര് ' ലോക്ക് ‍ഡൗൺ' പ്രഖ്യാപിച്ച ക്ഷണം
ലോക്കപ്പിലായല്ലോ മാലോകരെല്ലാരും...
ചോരത്തിളപ്പുള്ള പയ്യന്മാരെല്ലാരും
ബൈക്കിന്മേലേറാതെ നട്ടം തിരിച്ചിലായ്-
പാലുപത്രങ്ങൾക്ക് മുടക്കമില്ലതുകൊണ്ട്
നാട്ടിലെ വൃത്താന്തമെല്ലാമറിയുന്നു...
ആരുംമറിയാതെ നാടുചുറ്റാനായി നമ്മുടെ-
പയ്യന്മാർ നിരത്തിലിറങ്ങീതും
പോലീസ് കൈകാട്ടി വണ്ടിത്തടുക്കുന്നു-
പണമായി, പണിയായി ആകെ പിശകായി...
താക്കീതുപദേശ നിർദ്ദേശങ്ങൾ നൽകി
നിന്നുടെ തോഴരെ ഫോണിൽ വിളിച്ചിട്ട്
തെല്ലുമേ വെള്ളവും ചേർക്കാതറിയിക്ക-
കൈകഴുകേണം, മാസ്ക് ധരിക്കേണം
ഏറെക്കുറെയങ്ങ് അകലവും കാക്കണം
മരുന്നൊന്നു കണ്ടെത്താൻ നാളുകൾ വേണംപോൽ
പ്രതിവിധി വീട്ടിലിരിപ്പാണു നിശ്ചയം!
നിന്നെ തൊട്ടവർ, കണ്ടവരെല്ലാരോ
തെക്കോട്ടെടുത്ത് പടിയിറക്കീടുന്നു
എവിടുന്നു വന്നു, നിന്നുറവിടമെവിടെ?
സൂക്ഷ്മാണുവായുള്ള വൈറസ്സേ നീയിനി
ജീവനെടുത്തുള്ള ഇക്കളി മതിയാക്കൂ...
ഒാന്തിൻ നിറം മാറും വൈഭവം പോലെ
രൂപമാറ്റത്തിൽ മുമ്പനല്ലേ നീയും...
മാനുഷലോകത്തെ വിട്ടുപിരിയൂ...
നല്ലൊരു രൂപം ധരിച്ചു പിൻവാങ്ങൂ !


ഷീന ജോസ്
എച്ച്.എസ്.ടി. മലയാളം സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത

"https://schoolwiki.in/index.php?title=അധ്യാപക_രചനകൾ/ഉറവിടം_തേടി&oldid=948065" എന്ന താളിൽനിന്ന് ശേഖരിച്ചത്