എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/പണത്തിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പണത്തിന്റെ അഹങ്കാരം<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പണത്തിന്റെ അഹങ്കാരം

ആ വീട്ടിൽ സൽക്കാരങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. അവിടെ ആളും ആരവവും ഇല്ലാത്ത നേരമില്ല. രണ്ടാൾ പൊക്കത്തിലുള്ള ചുറ്റുമതിലും കൂറ്റൻ കവാടവും കാവലിനു വളർത്തുനായ്ക്കളും നാലതിരിലും നിരീക്ഷണ ക്യാമറകളും വലിയ പൂന്തോട്ടവും നീന്തൽക്കുളവും മറ്റു സൗകര്യങ്ങളുമേറെയുള്ള ആ വീട്ടിലെ -വീടെന്നല്ല മണിമന്ദിരമെന്നോ മോഹനക്കൊട്ടാരമെന്നോ ആണ് വിളിക്കേണ്ടത് - ഗൃഹനാഥൻ വലിയ പ്രമാണിയാണ്. ഇതര പ്രമാണിമാരും മത-രാഷ്ട്രീയ പാർട്ടികളുടെ മുൻനിര നേതാക്കളും അവരുടെ ശിങ്കിടികളും എപ്പോഴും അവിടെ വന്നും പോയുമിരുന്നു. നാട്ടിലെ പ്രബല സംഘടനകളുടെയും ഒരു സാംസ്കാരിക കൂട്ടായ്മയുടെയും യോഗങ്ങൾ സ്ഥിരമായി നടക്കാറുള്ളത് ആ വീട്ടിലാണ്. യോഗം അവിടെയാകുമ്പോൾ മാത്രമേ കൂടുതൽ അംഗങ്ങൾ പങ്കെടുക്കാറുള്ളൂ. യോഗത്തിലെ നിർണ്ണായക ചർച്ചകളിലായിരുന്നില്ല, യോഗാനന്തരം വിളമ്പുന്ന വിഭവസമൃദ്ധമായ വിരുന്നിലായിരുന്നു പലർക്കും താത്പര്യം. ചുരുക്കത്തിൽ വിരുന്നൊഴിഞ്ഞ ദിനരാത്രങ്ങൾ ആ വീട്ടിൽ വളരെക്കുറച്ചേ ഉണ്ടായിക്കാണൂ. പക്ഷേ, ഈ സത്കാരധൂർത്തിൽ ക്ഷണം കിട്ടാത്ത ദരിദ്രരായ അയൽവാസികളും കുടുംബക്കാരും ആ നാട്ടിൽ ഒരുപാടുണ്ടായിരുന്നു. അന്നും ആ വീട്ടിൽ പ്രമാണിമാർ പങ്കെടുക്കുന്ന പതിവ് യോഗം നടന്നുകൊണ്ടിരിക്കുന്നു. ശേഷം ഗംഭീര സത്കാരവുമുണ്ട്. അതിനു കോപ്പുകൂട്ടുന്നതിനിടയിലാണ് ഒരു കോഴി അവിടത്തെ ആഴമേറിയ കിണറ്റിൽ വീണത്. 'എന്തു ചെയ്യും? ശ്വാസം കിട്ടാത്ത കിണറാണ്!' 'കോഴി ചാവുന്നതിന് മുമ്പ് കിണറ്റിൽ ആരിറങ്ങി രക്ഷിക്കും?' 'അവിടെ യോഗം തീരാറായി. ഭക്ഷണത്തിനൊപ്പം വെള്ളം വച്ചുകൊടുക്കാനുള്ളതാണ്.' 'അല്ല, അതിന് ഒരാളിറങ്ങണ്ടേ?' 'ങ്ഹാ, കിണറ്റിലിറങ്ങണ യൂസുഫ് ഇവടെ അട്ത്തല്ലേ താമസം.' -ആരോ ഓർമ്മിപ്പിച്ചു. 'ശരിയാ, ഞാൻ അവനെ വിളിച്ച് വരാം' - ഒരാൾ വേഗം പുറത്തേക്കോടി. പണിക്കാരുടെ ഒച്ചപ്പാട് കേട്ട് ഗൃഹനാഥൻ കിണറ്റിനരികിലെത്തി. അയാൾക്ക് കാര്യം മനസ്സിലായി. പക്ഷേ പരിഹാരം? 'ആരാള്ളത് ഒന്ന് കിണറ്റിലിറങ്ങാൻ?' 'സാധാരണ ങ്ങനെത്തെ പ്രശ്നം മ്മളെ നാട്ടിലുണ്ടാവുമ്പോ മ്മളെ യൂസുഫ് വരാറുണ്ട്, മൊതലാളീ' ആരോ പറഞ്ഞു. 'ന്നട്ട് ആരെങ്കിലും അവനെ സഹായത്തിന് വിളിച്ചോ?' 'വിളിച്ചു മൊതലാളീ, പക്ഷേ മൊതലാളി നേരിട്ട് ചെന്ന് അവനെ വിളിക്കണംന്ന് പറഞ്ഞ് ന്നെ മടക്കി വിട്ടു.' യോഗം തീർന്ന് അതിഥികളായ പ്രമാണിമാർ ഭക്ഷണത്തിനിരിക്കാനായി. കുടിക്കാൻ വെള്ളം ചോദിച്ചാൽ... അത്യാവശ്യം തന്റേതായില്ലേ. ഈഗോ കാണിക്കാൻ പറ്റിയ സമയമല്ല. പോയിവിളിച്ചേക്കാം. തിരക്ക് കഴിഞ്ഞ് അവൻ്റെ അഹങ്കാരത്തിനുള്ളത് പിന്നെ കൊടുക്കാം എന്ന് കണക്കാക്കി അയാൾ യൂസുഫിൻ്റെ വീട്ടിലേക്ക് നടന്നു. അധിക ദൂരമില്ല. തൊട്ടയൽപ്പക്കമാണ്. ദരിദ്രനാണ്. ഒരിക്കൽ പോലും തന്നെ പോലുള്ളവർ ഇത്തരം വീട്ടിൽ കയറില്ല. ഇതിനു മുമ്പിവിടെ കയറിയിട്ടുമില്ല. വീട്ടുമുറ്റത്ത് കുറേ ആളുകളുണ്ടല്ലോ. ഇതിൽ ആരായിരിക്കും യൂസുഫ്? ഓ, വണ്ണമുള്ള കയർകൊണ്ട് പിടിച്ച് നില്ക്കുന്ന ആ കറുത്തുമെലിഞ്ഞവനായിരിക്കും. ബാക്കിയുള്ളത് അവൻ്റെ ചങ്ങാതിമാരോ മറ്റോ ആയിരിക്കണം. ആ, ആരെങ്കിലുമാകട്ടെ. കയർ കൊണ്ട് അവൻ വടമുണ്ടാക്കുകയാണ്. അപ്പോൾ വന്ന് കിണറ്റിലിറങ്ങാൻ തന്നെയാണ് ഭാവം. പിന്നെന്തിന് തന്നെ ഇങ്ങോട്ട് വിളിച്ച് പ്രയാസപ്പെടുത്തുന്നു. അഹങ്കാരി, കാണിച്ചു തരാം. "യൂസുഫേ..." കയറുമായി നില്ക്കുന്നവൻ്റെ അരികിലെത്തി അയാൾ വിളിച്ചു; ഉള്ളിലെ നുരഞ്ഞുപതയുന്ന അമർഷമടക്കി പരമാവധി സ്നേഹഭാവത്തിൽ തന്നെ. "മൊതലാളീ, ഞാനാണ് യൂസുഫ് " കൂടിനിൽക്കുന്നവർക്കിടയിൽ നിന്ന് കൈലിമുണ്ടും ബനിയനും ധരിച്ച ഒരാൾ തലയിൽ ഒരു ഉറുമാലും കെട്ടി ചിരിച്ചുകൊണ്ട് മുന്നോട്ടുവന്നു. "തൊട്ടയൽപ്പക്കമായിട്ടും മൊതലാളിക്ക് ന്നെയോ ഇവരെയോ അറിയില്ല. നാട്ടിലെ ബല്യ ബല്യ ഹോജാമാരെയൊക്കെ ങ്ങള് അറിയും. വീട്ടില് ചോറുള്ള ഓല്ക്കൊക്കെ ങ്ങള് സത്കാരം കൊടുക്കും. ന്തെങ്കിലും അത്യാപത്ത് ണ്ടായാ ഓടി ബരേണ്ട അയൽക്കാരായ മ്മളെയൊന്നും ങ്ങക്ക് അറ്യേണ്ട, ല്ലേ. അതെങ്ങനെ, ദൂരെള്ള ചൊവ്വാ ഗ്രഹത്തിലും മറ്റും ബെള്ളണ്ടോന്ന് നോക്കണ കാലല്ലേ, അതുങ്കൂടി വെട്ടിപ്പുടിച്ച് കൂട്ടിപ്പുടിച്ച് ജീവിക്കാൻ. അപ്പോ തൊട്ടപ്പറത്തെ ബീട്ടില്ള്ളോരെ കഞ്ഞിപ്പാത്രത്തില് ബെള്ളണ്ടോന്ന് ആര് നോക്കാണ്. പ്പൊ ഒരു കോയി ങ്ങളെ കെണറ്റില് ബീണപ്പോ ങ്ങള് ഞമ്മളെ അന്വേഷ്ച്ച് ബന്ന്. ആയിരം കോയികള് ങ്ങളെ ബീട്ടിലെ ചെമ്പില് ബീണപ്പളൊന്നും ങ്ങക്ക് ഞമ്മള് അയൽവാസിപ്പാവങ്ങളെ ഓർമ്മണ്ടായില്ല. ബരിൻ, ആ കോയിനെ ഞമ്മള് ട്ത്തരാം. കയറുമായി യൂസഫ് നടന്നു, അവന്റെ പിറകെ അയാളും. പക്ഷേ വന്ന പോലല്ല, തിരിച്ചു നടക്കുമ്പോൾ അയാളുടെ തല താഴ്ന്നിരുന്നു; മുഖം വിവർണ്ണമാകുകയും ചെയ്തിരുന്നു

അഫ്ലഹ്
6 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ