കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ് - 2
ടീച്ചറുടെ പേജ്
11. നാലാമത്തെ എസ്റ്റേറ്റ് - 13/04/2010
മനുഷ്യന്‍ പ്രകൃത്യാ ജിജ്ഞാസുവാണ്. പത്രം ഒരു പരിധി വരെ അവന് തൃപ്തിയേകുന്നു. മറ്റെന്തിനേക്കാളും സ്വാധീനവും ശക്തിയുമുള്ള മാധ്യമമെന്ന നിലയില്‍ ആധുനിക സമൂഹത്തില്‍ ഇതിന് സുപ്രധാന സ്ഥാനമുണ്ട്.
ഒരു പൊതു അഭിപ്രായം രൂപീകരിക്കുന്നത് പത്രപ്രവര്‍ത്തനത്തിന്റെ പ്രധാനഘടകമാണ്. ലേഖനങ്ങളിലൂടെ, വാര്‍ത്തകളിലൂടെ, ചിത്രങ്ങളിലൂടെ, കവിതയിലൂടെ, കഥകളിലൂടെ ഒരു പത്രപ്രവര്‍ത്തകന് ഇത് വളരെ എളുപ്പമാണ്.
തൂലിക മനുഷ്യജാതിയുടെ മനസ്സാക്ഷിയാണ്. തൂലിക പടവാളിനേക്കാള്‍ മഹത്വരമാര്‍ന്നതാണ്. 'സമാധാനത്തിലൂടെയുള്ള വിജയം മഹത്വമേറിയതാണ്.'- പ്രശസ്തകവി മില്‍ട്ടണ്‍ ഒരിക്കല്‍ പറയുകയുണ്ടായി. മാനവരാശിക്ക് സമാധാനത്തിലൂടെയുള്ള വിജയം തൂലിക പ്രദാനം ചെയ്യുന്നു.
ഒരു പത്രപ്രവര്‍ത്തകന് സാധാരണജനങ്ങളുടെ ജീവിതരീതിയെ ചിന്തയിലൂടെ, സത്യത്തിലൂടെ, സാമൂഹ്യബോദത്തിലൂടെ പരിഷ്കരിക്കുവാനും തദ്വാര സമൂഹനന്മയ്ക് പ്രേരിപ്പിക്കുവാനും കഴിയും. ഇത് പടവാളിനെപ്പോലെ യുദ്ധത്തിലൂടെയോ, ശക്തി ചെലുത്തിയോ അല്ല, മറിച്ച് ഹൃദയത്തിന്റെ ഭാഷയിലൂടെയാണ്.
തൂലികയുടെയും പടവാളിന്റെയും പ്രവര്‍ത്തനതത്വം ആക്രമണമാണ്. തൂലിക കുറേക്കൂടി വിവേകത്തോടെ, കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ പടവാളിന്റേത് നിഷ്കരുണവും വിവേകരഹിതവുമാണ്. പത്രപ്രവര്‍ത്തകനിലൂടെ ഒരു പത്രം ഈ മഹത്വം തെളിയിക്കുന്നു.
പത്രപ്രവര്‍ത്തകന്റെ തൂലിക മനുഷ്യ മനസ്സുകളില്‍ ഹൃദയപരിവര്‍ത്തനം സാധ്യമാക്കുന്നു, മാറ്റത്തിന്റെ ശംഖൊലികള്‍ ഉയര്‍ത്തുന്നു, വിപ്ലവത്തിന്റെ കളകാഹളമുണര്‍ത്തുന്നു. വോള്‍ട്ടയര്‍, റൂസോ എന്നിവരുടെ തൂലികാചലനത്തിലൂടെയാണ് ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ലൂയി പതിനാലാമന്‍ രാജാവിന് ശക്തമായ സൈനികബലമുണ്ടായിട്ടും വിപ്ലവമുന്നേറ്റത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. റഷ്യയുടെയും ഇതര കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും ഭാവി തിരുത്തിയെഴുതിയത് കാറല്‍ മാര്‍ക്സിന്റെ തൂലികയാണ്.
അമേരിക്കന്‍ വിപ്ലവം മുതല്‍ റഷ്യന്‍ വിപ്ലവം വരെയുള്ള എല്ലാ വിപ്ലവങ്ങളുടെയും മുന്നില്‍ ആദ്യമുണ്ടായത് മാനസികമായ, ആശയപരമായ വിപ്ലവമാണ്. ഇത് തൂലികയുടെ മാത്രം കഴിവാണ്. ഒരു പത്രപ്രവര്‍ത്തകന്റെ പ്രവര്‍ത്തനപഥം ഇതിലേയാണ്.
കാലപ്രവാഹത്തില്‍ യുദ്ധവീരന്മാരായ അലക്സാണ്ടറും, ടൈമറും, ബാബറുമൊക്കെ മറയുമ്പോള്‍ കാളിദാസനും ഷേക്സ്പിയറും ടാഗോറും മില്‍ട്ടണുമൊക്കെ അനശ്വര താരകങ്ങളായി ഉദിച്ചു നില്കും. ഉദാഹരണമായി ലിയോ ടോള്‍സ്റ്റോയി ചെറുപ്പത്തില്‍ വലിയ യുദ്ധവീരനായിരുന്നു. പക്ഷെ ഇന്നദ്ദേഹത്തെ ലോകജനത ഓര്‍ക്കുന്നത് 'യുദ്ധവും സമാധാനവും', 'അന്നാകരീന' എന്നീ തൂലികാ ചിത്രങ്ങളുടെ കര്‍ത്താവായിട്ടാണ്. പത്രപ്രവര്‍ത്തന മണ്ഡലത്തില്‍ അനശ്വരനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാര്യവും ഇതു തന്നെയാണ്.
ജനാധിപത്യത്തിന്റെ കാവല്‍ഭടനാണ് പത്രപ്രവര്‍ത്തകന്‍. ജനാധിപത്യ തത്വസംഹിതകള്‍ പ്രചരിപ്പിക്കുവാനും അങ്ങനെ ജനങ്ങളെ ബോധവല്‍കരിക്കുവാനും അയാള്‍ക്ക് കടമയുണ്ട്. സാമൂഹ്യപ്രശ്നങ്ങളുടെ കാതലായഭാഗങ്ങള്‍ ചോര്‍ന്നുപോകാതെ അവതരിപ്പിക്കുക അയാളുടെമാത്രം കടമയാണ്. അധോലോകകഥകള്‍ക്കു പിന്നാലെ മാത്രം അലയാതെ സൃഷ്ടിപരമായ, ചിന്തോദ്യോതകമായ രംഗങ്ങള്‍ക്ക് മിഴിവേകുക അയാളുടെ പ്രവര്‍ത്തനരീതിയായിരിക്കണം. സമൂഹത്തെ സുസ്ഥിരവും, സമാധാന - സൗഹൃദ നിര്‍ഭരമാക്കുകയും അയാളുടെ ഉത്തരവാദിത്വവുമാണ്.
എഡ്മണ്ട് ബര്‍ക്ക് പത്രത്തെ 'നാലാമത്തെ എസ്റ്റേറ്റ് 'എന്നാണ് വിശേഷിപ്പിച്ചത്. കാരണം സാമൂഹ്യ, രാഷ്ട്രീയ , സാമ്പത്തിക, സാംസ്കാരിക മണ്ഡലത്തില്‍ പത്രവും പത്രപ്രവര്‍ത്തകനും സുപ്രധാന പദവി അലങ്കരിക്കുന്നു. പത്രവും പത്രപ്രവര്‍ത്തകനും സമൂഹത്തിന്റെ ഭാഗമാണ്....സ്പന്ദിക്കുന്ന ഹൃദയമാണ്.
സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 20/04/2010.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>