ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൌൺ

"അച്ഛാ, അച്ഛാ, എത്രനാളായി ഞാൻ പറയുന്നു എനിക്ക് ഒരു പൂന്തോട്ടം ഉണ്ടാക്കണമെന്ന് . എന്നും പറയും സമയമില്ല എന്ന് . ഇപ്പോ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ?” എൻറെ ചോദ്യം കേട്ട് അച്ഛൻ ദേഷ്യത്തോടെ ഒന്ന് മൂളി. അച്ഛൻറെ ദേഷ്യം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ . രാവിലെ എണീക്കുമ്പോഴേക്കും അച്ഛൻ പണിക്കു പോകും. പിന്നെ രാത്രി കുടിച്ചു ബോധമില്ലാതെ ആണ് വരുന്നത്. എപ്പോഴും ദേഷ്യമാണ് എന്നോട്. എന്നെ ഒന്ന് തൊട്ടിട്ടു തന്നെ എത്ര നാളായി !എപ്പോഴും ചവച്ചു കൊണ്ടിരിക്കുന്ന ചുവന്ന കണ്ണുകളുള്ള അച്ഛൻ! ഇതിപ്പോ ഒരാഴ്ചയായി അച്ഛൻ ഇരിപ്പ് തുടങ്ങിയിട്ട് . പുറത്തിറങ്ങാൻ വയ്യ , ലോക്ക് ഡൌൺ! ബൈക്കുമെടുത്ത് പുറത്തു പോയിട്ട് വന്നപ്പോഴൊക്കെ നല്ല ചൂരൽപാടുമായാണ് വന്നത് .അതിൻറെ ദേഷ്യവും അമ്മയോട് തീർത്തു. കുടിക്കാനും പറ്റുന്നില്ല ചവയ്ക്കാനും പറ്റുന്നില്ല . ഇരിപ്പ് കണ്ടാൽ അറിയാം ആകെ വിഷമത്തിലാണെന്ന്.

തല്ലുന്നെങ്കിൽ തല്ലട്ടെ! എന്തായാലും ഒന്നു കൂടി ശ്രമിച്ചു നോക്കാം. ഞാൻ അച്ഛന്റെ അടുത്തു ചെന്ന് കയ്യിൽ പിടിച്ചു. "അച്ഛാ വാ അച്ഛാ , എന്റെ കൂട്ടുകാർക്കൊക്കെ നല്ല പൂന്തോട്ടം ഉണ്ട്. ഒത്തിരി ചെടികളും പൂക്കളും. എന്തു ഭംഗിയാണെന്നോ ! എനിക്കും വേണം. എന്നെ സഹായിക്കച്ഛാ " " പ്ലീസ് അച്ഛാ, പ്ലീസ്." "ഉം.. വാ.." അച്ഛൻ പതുക്കെ എഴുന്നേറ്റു. എനിക്ക് അത്ഭുതവും സന്തോഷവും തോന്നി. ഞാൻ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു. എന്തോ, അച്ഛൻ എന്റെ കൈ തട്ടിമാറ്റിയില്ല. പകരം എന്നെ കൂട്ടി പുറത്തേക്കു നടന്നു.

പിന്നെ ഒരാഴ്ച ! ഞാനും അച്ഛനും നല്ല പണിയായിരുന്നു. പുല്ല് പിടിച്ച് വൃത്തികേടായി കിടന്ന മുറ്റവും പരിസരവും ചെത്തി വൃത്തിയാക്കി. ചപ്പൊക്കെ മാറ്റി. ചെടികളും വിത്തുകളും അമ്മ കൊണ്ടുവന്നു. തുളസി, മുല്ല, ചെത്തി, ബാൾസം, സൂര്യകാന്തി, പത്തുമണി, കോളാമ്പി, എനിക്കിഷ്ടപ്പെട്ട കിലുക്കാംപെട്ടി .... അങ്ങനെ കുറേ.

ഇപ്പോ ഒരു മാസം കഴിഞ്ഞു. മുറ്റത്ത് മാവിന്റെ കൊമ്പിൽ ഒരു ഊഞ്ഞാൽ അച്ഛൻ കെട്ടിത്തന്നു. അതിലിരുന്ന് ഞാൻ പൂക്കളോടും പൂമ്പാറ്റകളോടും കിളികളോടുമൊക്കെ വർത്തമാനം പറയും. എന്തു രസമാണെന്നോ എന്റെ പൂന്തോട്ടം! എനിക്കിപ്പോ ഭയങ്കര സന്തോഷമാണ്. എനിക്ക് മാത്രമല്ല , അച്ഛനും അമ്മയ്ക്കും . അവരിപ്പോ ഒരുമിച്ചാ പച്ചക്കറി കൃഷിയും പശുവിനെ കുളിപ്പിക്കലുമൊക്കെ! അമ്മ ഇത്ര ചിരിച്ച് മുമ്പ് ഞാൻ കണ്ടിട്ടില്ല. ആരോടാ ഞാനിതിന് നന്ദി പറയേണ്ടത്?

ആദർശ് ഷാജി
4 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ