പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/കഴുതയും കുയിലും

Schoolwiki സംരംഭത്തിൽ നിന്ന്
കഴുതയും കുയിലും

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ സുന്ദരിയായ ഒരു കറുത്ത കുയിൽ ഉണ്ടായിരുന്നു. അവളുടെ പാട്ട് കേട്ടാണ് ആ ഗ്രാമം എന്നും ഉണരുന്നത്. ആ ഗ്രാമത്തിലെ ഒരു കർഷകന് ഒരു കഴുതയുണ്ടായിരുന്നു. നേരം വെളുത്ത് പകൽ മുഴുവൻ പണിയെടുത്താൽ വയറുനിറയെ ഭക്ഷണം കിട്ടും. എന്നും പകൽ മുഴുവൻ പാട്ടും പാടി പറന്നുനടക്കുന്ന കുയിലിനോട് അവന് അസൂയയായിരുന്നു. ഒരു ദിവസം കഴുത കുയിലിനോട് പറഞ്ഞു. നിൻ്റെ മനോഹരമായ പാട്ട് എന്നെക്കൂടി പഠിപ്പിക്കാമോ.. കുയിലിന് ഉള്ളിൽ ചിരി വന്നു. നിൻ്റെ ശബ്ദം പാട്ട് പാടാൻ കൊള്ളില്ല. കുയിൽ കഴുതയോട് പറഞ്ഞു. നിനക്ക് ഞാൻ ഒരുപാട് ധാന്യങ്ങൾ തരാം. എങ്ങനെയെങ്കിലും പാട്ട് പഠിപ്പിച്ച് തരണം. കഴുത കരയാൻ തുടങ്ങി. എന്നാൽ ശരി. ഞാൻ പഠിപ്പിക്കാം. രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ വളരെ പതിയെ പാടി പഠിച്ചാൽ മതി. പാട്ട് പഠിപ്പിക്കുമ്പോൾ കുയിൽ പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ കർഷകൻ ഉറങ്ങിയ സമയം നോക്കി കഴുത പാട്ട് പാടി പഠിച്ചുതുടങ്ങി. ഒരു ദിവസം ആരോ കരയുന്നതുപോലെയുള്ള ശബ്ദം കേട്ട് ഞെട്ടി ഉണർന്ന കർഷകൻ പുറത്തിറങ്ങി നോക്കി. അതാ കഴുത പാട്ട് പാടുന്നു. സാ.... രി... ഗ... മ... കർഷകന് ദേഷ്യം വന്നു. അവൻ്റെയൊരു പാട്ട്. ഉറങ്ങാനും സമ്മതിക്കില്ല. എന്നുംപറഞ്ഞ് ഒരു മുട്ടൻ വടിയെടുത്ത് കർഷകൻ കഴുതയെ പൊതിരെ തല്ലി. നേരം വെളുത്തു. പതിവുപോലെ കുയിൽ കഴുതയുടെ അടുത്തെത്തി ചോദിച്ചു. ഇന്നലെ പാടി പഠിച്ചോ.. ആരും കേട്ടില്ലല്ലോ അല്ലേ.. കൂട്ടുകാരാ... പാട്ടിനെക്കാൾ നല്ലൊരു കാര്യം ഞാൻ ഇന്നലെ പഠിച്ചു. ഓരോരുത്തർക്കും ദൈവം ഓരോ കഴിവ് കൊടുത്തിട്ടുണ്ട്. മറ്റൊരാളെപ്പോലെയാകണമെന്ന മോഹം ആർക്കും നല്ലതല്ല. അതുകൊണ്ട് നീ പാട്ട് പാടി എല്ലാവരെയും സന്തോഷിപ്പിച്ചുകൊള്ളൂ. ഞാൻ എൻ്റെ യജമാനനെ അനുസരിച്ച് സന്തോഷമായി കഴിഞ്ഞുകൊള്ളാം.. കഴുത പറഞ്ഞു.

ആദിൽ. പി. മനേഷ്
1 A പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ