എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷംകൊറോണ-കോറന്റയിൻകാലം

കൊറോണ -കോറന്റയിൻ കാലം
             ഇന്ന് ലോകം കണ്ടിട്ടുള്ളതിൽ വച്ച് അതിഭയങ്കരമായ ഒരു മഹാവ്യാധിയാണ് കൊറോണ.ലോകജനയെ മുഴുവൻ മുൾമുനയിൽ നിർത്തി അത് അനുസ്യൂതം യാത്ര തുടർന്നുകൊണ്ടിരിക്കുക യാണ്.ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മാരകരോഗം വായുവേഗത്തിൽ ഇന്ന് ലോക രാഷ്ട്രങ്ങളിലെല്ലാം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ആറ്റം ബോംബിലെ അണുവിഘടിച്ചു പോകുന്നതിനേക്കാൾ എത്രയോ വേഗത്തിലാണ് കോവിഡ് 19 പടർന്നുപിടിക്കുന്നതെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ചൈനയിൽ നിന്നും തുടങ്ങിയ ഈ രോഗത്തെ ചൈനീസ് കൊറോണ എന്ന് വിളിക്കുന്നതിലും തെറ്റില്ലായെന്നാണ് എൻറെ നിഗമനം.ഏറ്റവുമധികം മനുഷ്യജീവൻ നഷ്ടപ്പെടുത്തിയ ഒരു രോഗമാണ് കൊറോണ.ഈ രോഗവ്യാപനത്തിലൂടെ നാം മനസ്സിലാക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. പണത്തിനോ പദവിക്കോ ഒന്നും ഈ രോഗത്തെ തളയ്ക്കാൻ കഴിഞ്ഞില്ല. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വെളുപ്പനെന്നോ,കറുപ്പനെന്നോ, സാക്ഷരനെന്നോ, നിരക്ഷരനെന്നോ, ആണെന്നോ,പെണ്ണെന്നോ, കുട്ടിയെന്നോ,വലിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും കീഴടക്കിയ ഒരു മാരകരോഗമാണ് കൊറോണ.ഇന്ന് കുറച്ചു പണം കയ്യിലുണ്ടെങ്കിൽ അഹങ്കരിക്കുന്ന ഒരു ജനതയുളള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പ്രിയമുള്ളവരെ നാം ഒന്നുകൊണ്ടും അഹങ്കരിക്കണ്ട. കാരണം കോവിഡ് 19 എന്ന ഒരു വൈറസിനു മുൻപിൽ നമ്മുടെ പണത്തിനും പ്രതാപത്തിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കാണം. കൊറോണ എന്ന മാരകരോഗം ലോകരാഷ്ട്രങ്ങളിൽ ദിനംപ്രതി നൂറുകണക്കിന് ആയിരക്കണക്കിന് മനുഷ്യ ജീവനെയാണ് അപഹരിച്ചുകൊണ്ടിരിക്കുന്നത്. ശക്തരിൽ ശക്തരായ ലോകരാഷ്ട്രങ്ങളെല്ലാം തന്നെ കൊറോണ എന്ന മാരക രോഗത്തിന് മുന്നിൽ അടിപതറിയപ്പോൾ നമ്മുടെ രാജ്യം ഈ രോഗവ്യാപനത്തെ തടയാൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്.
            നമ്മുടെ കൊച്ചു സംസ്ഥാനം ശക്തമായ എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും മുമ്പേതന്നെ സജ്ജമാക്കി. രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ കൈക്കൊണ്ടു.അതുകൊണ്ടുതന്നെയാണ് കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലായാലും രോഗം പകർന്നവരുടെ എണ്ണത്തിലായാലും ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന പേര് ലോകരാഷ്ട്രങ്ങളുടെ മുൻപിൽ ധൈര്യമായി നമുക്ക് പറയാൻ കഴിയുന്നത്. മറ്റു രാജ്യക്കാരെല്ലാം ഈ രീതി സ്വീകരിച്ചിരുന്നെങ്കിൽ ഇത്രയധികം ജീവൻ പൊലിയുകയില്ലായിരുന്നു. നമ്മുടെ സംസ്ഥാന സർക്കാരിനെയും, ആരോഗ്യവകുപ്പിനെയും, പോലീസുകാരെയും, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുഴുവനാളുകളെയും നാം അഭിനന്ദിക്കണം.
               രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. അതിന് നാം തന്നെ മനസ്സ് വയ്ക്കണം. വ്യക്തിശുചിത്വം പാലിച്ചും, സാമൂഹിക അകലം പാലിച്ചും,കൈകൾ നല്ലവണ്ണം കഴുകിയും നമുക്ക് നമ്മെത്തന്നെ സംരക്ഷിക്കാൻ കഴിയും. സർക്കാരിന്റെ നിർദേശങ്ങളെല്ലാം കർശനമായി പാലിച്ചാൽ കൊറോണ എന്ന മാരകരോഗം നമ്മുടെ അടുത്തുപോലും വരില്ല. കൊറോണ പടർന്നു പിടിക്കാതിരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണും ഒരു കണക്കിന് നന്നായി. ഫാസ്റ്റ് ഫുഡ് കഴിച്ചിരുന്നവരും ഹോട്ടൽ ഭക്ഷണം ശീലമാക്കിയിരുന്നവരും ഇന്ന് സ്വന്തം വീട്ടിലിരുന്ന് സ്വന്തം കൈകൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു. അനാവശ്യ യാത്രകൾ ചെയ്തിരുന്നവരും, നിസ്സാര രോഗങ്ങൾക്ക് പോലും ആശുപത്രികളിൽ പോയിരുന്നവരും.......... എന്തിനേറെ പറയുന്നു സമസ്ത മേഖലകളിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാൻ മനുഷ്യർ പഠിച്ചു. ഈ മാരക രോഗത്തെ എന്നന്നേക്കുമായി തുടച്ചുമാറ്റാൻ സർക്കാരിനൊപ്പം ആരോഗ്യ പ്രവർത്തകരോടൊപ്പം നമുക്കും കൈകോർക്കാം........

ഷിജി എ കെ
8 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം