ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ സൂത്രം

12:13, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണ്ണിക്കുട്ടന്റെ സൂത്രം

ഉണ്ണിക്കുട്ടന് നാല് വയസ്സായി. എന്നിട്ടും അവൻ സ്ക്കൂളിൽ പോയിത്തുടങ്ങിയില്ല. കാരണമെന്തെന്നോ? അവന് സ്ക്കൂളിൽ പോകാൻ മടിയായിരുന്നു. പക്ഷേ ചേട്ടൻ സ്ക്കൂൾ ബസ്സിൽ കയറി പോകുന്നതുകണ്ടപ്പോൾ അവനും ചേട്ടന്റെ കൂടെ പോകാൻ മോഹം തോന്നി. അങ്ങനെ ഉണ്ണിക്കുട്ടൻ ചേട്ടന്റെ കൂടെ സ്ക്കൂളിൽ പോകാൻ തുടങ്ങി. പക്ഷേ സ്ക്കൂളിൽ എത്തിയാൽ ഉണ്ണിക്കുട്ടൻ വൈകുന്നേരം വരെ കരച്ചിലാണ്. ബസ്സിൽ കയറുന്നത് മാത്രമാണ് സന്തോഷം. ഒരാഴ്ച കഴിഞ്ഞപ്പോൾ അവന് സ്ക്കൂളിൽ പോകുന്നത് മടുത്തു. അവന്റെ സങ്കടം കണ്ട് അമ്മ പറഞ്ഞു. "മോനേ ഉണ്ണിക്കുട്ടാ നീ ഇനി അടുത്ത വർഷം തൊട്ട് സ്ക്കൂളിൽ പോയാൽ മതി." ഉണ്ണിക്കുട്ടന് സന്തോഷമായി. "ഹായ് വീട്ടിലിരുന്ന് കളിക്കാല്ലോ. അമ്മൂമ്മ പറഞ്ഞുതരുന്ന കഥകൾ കേൾക്കാല്ലോ. ഇനി അടുത്ത വർഷം സ്ക്കൂളിൽ പോയാൽ മതിയല്ലോ". അടുത്ത വർഷം ഉണ്ണിക്കുട്ടൻ സ്ക്കൂളിൽ പോയിത്തുടങ്ങി. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ കലണ്ടറിൽ ജൂൺ മാസത്തെ പേജിലെ എല്ലാ ദിവസങ്ങളിലും ഉണ്ണിക്കുട്ടൻ ചുവപ്പ് നിറം അടിച്ചുവെച്ചു. അച്ഛൻ കാര്യം തിരക്കിയപ്പോൾ ഉണ്ണിക്കുട്ടൻ പറഞ്ഞു. "അച്ഛനല്ലേ പറഞ്ഞത് കലണ്ടറിൽ ചുവപ്പ് നിറം കാണുന്ന ദിവസങ്ങളെല്ലാം അവധി ദിവസങ്ങളാണെന്ന്. അതുകൊണ്ടാ ഞാൻ എല്ലാ ദിവസവും ചുവപ്പ് അടിച്ചുവെച്ചത്." ഇതുകേട്ട് അച്ഛനും അമ്മയും ചേട്ടനും ചിരിച്ചുപോയി. ഇത്തവണ സ്ക്കൂളിൽ പോകാതെ വീട്ടിലിരിക്കാൻ ആരും സമ്മതിച്ചില്ല. കുറച്ച് ദിവസം കൂടി സ്ക്കൂളിൽ പോയപ്പോൾ ഉണ്ണിക്കുട്ടൻ പതിയെപ്പതിയെ സ്ക്കൂൾ ഇഷ്ടപ്പെട്ടു തുടങ്ങി.

ചേതൻ. എസ്
3 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ