ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/രംഗബോധമില്ലാത്ത വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LITTLE THOMAS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രംഗബോധമില്ലാത്ത വൈറസ്

കൊറോണ,,,,, കേവലം ഒരു വൈറസ്

സോപ്പിൻ കുമിളയാൽ നശിച്ചുപോകുന്ന കൊറോണ എന്ന വൈറസിന് മുമ്പിൽ നമ്മുടെ ഭൗമ മണ്ഡലം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്നു. അതെ, തികച്ചും നാം നിസ്സഹായരാണ്. മനുഷ്യരാശിയുടെ കുലം മുഴുവൻ കാർന്ന് തിന്നാൻ ശേഷിയുള്ള ഈ വൈറസിനു മുമ്പിൽ ലോക രാജ്യങ്ങൾ മുഴുവൻ തല കുനിച്ചു കഴിഞ്ഞു.ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ തോൽപ്പിക്കാനായി, ഉന്മൂലനാശനം ചെയ്യാനായി അശ്രാന്ത പരിശ്രമത്തിലാണ്.

Corona virus disease (Covid19) ആദ്യമായി തിരിച്ചറിഞ്ഞത് 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിലാണ്. ചൈന പുറത്തുവിട്ട വിവരങ്ങളനുസരിച്ച് അവിടെ തുടർച്ചയായ മൂന്ന് മാസങ്ങളിലായി 3400 ഓളം ആളുകൾ മരണപ്പെട്ടു ..നേരത്തെ മറ്റു വിദേശ നാടുകളിലുണ്ടായ പകർച്ചവ്യാധികളായ എബോള, ഫ്ലു, പ്ലേഗ്, തുടങ്ങിയവപോലെ ഇതും ലോകം മുഴുവൻ വ്യാപിക്കാതെ ഒതുങ്ങിത്തീരും എന്നാണ് നമ്മളെല്ലാവരും കരുതിയത്. എന്നാൽ സ്ഥിതി അങ്ങനെ ആയിരുന്നില്ല 2020 ഏപ്രിൽ 23 വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 185 രാജ്യങ്ങളിലായി 2.58 മില്യനിൽ കൂടുതൽ ആളുകളിലേക്ക് പടർന്നു പിടിക്കുകയും 1,83,000 പേർ മരണപ്പെടുകയും 6,96,000 ആളുകൾ വൈറസിനെ കീഴടക്കുകയും ചെയ്തു.

ലോകജനത ഇന്നോളം കണ്ടതിൽ വെച്ച് എറ്റവും ഭീതിജനകമായ ഒരു മഹാമാരിയാണ് - കോവിഡ്-19. ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളായി നാം കണ്ടു വരുന്നത് പനി, ചുമ, തുമ്മൽ, തൊണ്ടവേദന, വയറിളക്കം മുതലായവയാണ്. പിന്നീട് ശ്വാസകോശത്തിലേക്ക് വൈറസ് സാന്നിധ്യം ഉണ്ടാവുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ സാധാരണഗതിയിൽ 14 ദിവസങ്ങൾക്ക് ശേഷമേ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ. ഇത് ഓരോ വ്യക്തിയുടെയും ആരോഗ്യനില ആശ്രയിച്ചിരിക്കും.ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് ഏകദേശം 30 ദിവസളൊക്കെ വേണ്ടി വരുന്നു രോഗം തിരിച്ചറിയാനായി. ഇത് നമ്മുടെ സമൂഹത്തിന് ഒരു വെല്ലുവിളി തന്നെയാണ്. കോവിഡ് ഭീഷണി ഏറ്റവുമധികം മാരകമാകുന്നത് കുട്ടികളിലും 60 വയസിന് മുകളിൽ പ്രായമുള്ളവരിലുമാണ്, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളാൽ ,പ്രത്യേകിച്ച് ഹൃദയ സംബന്ധമായത്, ശ്വാസകോശ സംബന്ധമായത് ,വൃക്കയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടത്, ജീവിതശൈലീരോഗങ്ങൾ ഉള്ളവർ എന്നിവരിലാണ്.വിദേശ രാജ്യങ്ങളിൽ ,പ്രത്യേകിച്ച് അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, തുടങ്ങിയിടത്തെല്ലാം തന്നെ മരണത്തിന് കീഴടങ്ങിയ കൂടുതൽ പേരും പ്രായമേറിയവരാണ്.അങ്ങനെ ലോകത്തിലെ വൻകിട ശകതികളെയെല്ലാം കീഴടക്കി കൊറോണ വൈറസ് നമ്മുടെ കൊച്ചു കേരളത്തിലുമെത്തി.

ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ജനുവരിയുടെ മധ്യത്തോടെ ചൈനയിലെ വുഹാനിൽ നിന്നും എത്തിയ രണ്ട് വിദ്യാർഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ നമ്മുടെ നാട്ടിൽ വിമാനത്താവളങ്ങളിലെല്ലാം സ്ക്രീനിംഗ് ടെസ്റ്റ് വ്യാപകമാക്കിയിരുന്നു. ഈ വിദ്യാർത്ഥികൾ ചൈനയിൽ നിന്നും വന്നതിനു ശേഷം അവരെ കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കുകയും ക്വാറന്റൈൻ ചെയ്യുകയും ,അതായത് സംസർഗ്ഗ വിലക്ക്.( നമുക്ക് പരിചിതമില്ലാതിരുന്ന ക്വാറന്റൈൻ എന്ന വാക്ക് ഇപ്പോൾ പ്രായഭേദമന്യേ എല്ലാവർക്കും പരിചിതമായി . അങ്ങനെ അവരുടെ രോഗം വേഗം കണ്ടുപിടിക്കുകയും വളരെ താമസിയാതെ തന്നെ രോഗം ഭേദമാവുകയും ചെയ്തു. ഇതിനുനമ്മെ സഹായിച്ചത് കഴിഞ്ഞ രണ്ടു വർഷമായി നമ്മുടെ കേരളത്തിൽ പിടിപെട്ട നിപ വൈറസും, അതിനെ ധീരമായി തോൽപ്പിച്ച ആരോഗ്യ പ്രവർത്തകരുടെയും, സർക്കാരിന്റെയും അനുഭവസമ്പത്താണ്. ആ അനുഭവം അവർക്കു നൽകിയ ആത്മധൈര്യം ചെറുതൊന്നുമല്ലായിരുന്നു. ഈ രംഗത്ത് നാം കൈവരിച്ച നേട്ടം മഹത്തരമാണ് നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി. കെ.കെ.ശൈലജ ടീച്ചറുടെ കർമ്മനിരതമായ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ അർഹിക്കുന്നു.

നിപ പോലെ തന്നെ കേരളം കൊറോണയെയും തോൽപ്പിച്ചു എന്ന സന്തോഷത്തിലിരിക്കുമ്പോഴാണ് കൊറോണയുടെ രണ്ടാം വരവ്.2020 മാർച്ച് എട്ടാം തീയതിയാണ് രണ്ടാം ഘട്ടത്തിൽ പത്തനംതിട്ട ജില്ലയിൽ ഇറ്റലിയിൽ നിന്ന് എത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും അവർ സമ്പർക്കം പുലർത്തിയ അവരുടെ രണ്ടു ബന്ധുക്കൾക്കും രോഗം സ്ഥിരീകരിക്കുന്നത്.ഇതോടെ നാം വീണ്ടും അതീവ ജാഗ്രതയിലേക്ക് പോയി. പിന്നീടുണ്ടായ കോവിഡിന്റെ വ്യാപനം പ്രവചനാതീതമായിരുന്ന. നമ്മുടെ ഭാരതത്തെ മുഴുവനായും കോവിഡ് ഏറ്റെടുത്തു.

മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിക്കുള്ള മരുന്നായി നമ്മുടെ മുന്നിലുണ്ടായിരിക്കുന്നത് വ്യക്തിശുചിത്വം, സാമൂഹികഅകലം, ഇടയ്ക്കിടയ്ക്കുള്ള കൈ കഴുകൽ,മാസ്ക്ക് ധരിക്കൽ എന്നിവ മാത്രമായിരുന്നു.ഈ ശത്രുവിനെ തുരത്താൻ വേണ്ടി വീടിനു പുറത്തിറങ്ങാതെ വീട്ടിൽ സുരക്ഷിതരായി കഴിയുക എന്നത് മാത്രമായിരുന്നു നമ്മുടെ മുന്നിലുള്ള ഏക പോംവഴി.അതിനായി ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി നമ്മുടെ ഭാരത സർക്കാർ നമ്മെ എല്ലാം വീട്ടിൽ ഇരുത്തി Lock down എന്ന് നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത പ്രതിഭാസത്തിലേക്ക് നയിച്ചു. ഇന്നുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം 20,477 കടന്നു. ഇതിനിടയിൽ 652 പേരുടെ ജീവനും കവർന്നുകൊണ്ട് അതിൻ്റെ താണ്ഡവം തുടരുന്നു. തീർത്തും പ്രവചനാതീതമായി തന്നെയാണ് കൊറോണയുടെ വിളയാട്ടം. നമ്മുടെ നാടിൻ്റെ, കേരളത്തിൻ്റെ അതീവ ജാഗ്രതയും, ശ്രദ്ധയും ,പരിചരണവും മൂലം മൊത്തം രോഗികളുടെ എണ്ണം 447 ആയെങ്കിലും മരണ നിരക്ക് 3 പേരിൽ ഒതുക്കാൻ നമുക്ക് കഴിഞ്ഞു. അതോടൊപ്പം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഇപ്പോൾ 129 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ രോഗമുക്തി നേടി. ലോകത്തിലെ തന്നെ പ്രായമേറിയ 93 ഉം 88 ഉം പ്രായമുള്ള വൃദ്ധ ദമ്പതികളെ പരിചരിച്ച് രോഗം ഭേദമാക്കിയത് വളരെ അഭിമാനം അർഹിക്കുന്ന നേട്ടം തന്നെയാണ്. എങ്കിലും ഇപ്പോഴും നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നത് തി കച്ചും ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ കൂടി തന്നെയാണ്. ലോകത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മുഴുവനായും തകിടം മറിച്ച്, ജനജീവിതം സ്തംഭിപ്പിച്ച് സാധാരണക്കാരെ കടത്തിലേക്ക് തള്ളിവിട്ട്, ആരോഗ്യരംഗത്തിന് ഭീഷണിയായി, മാനവരാശിയെ മുഴുവനായും മാനസികസമ്മർദ്ദത്തിലാഴ്ത്തി സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്ന കൊറോണയെ നമ്മുടെ ഈ പ്രപഞ്ച മണ്ഡലത്തിൽ നിന്നും തുരത്താനായി നമുക്കൊന്നിച്ച് ,മുൻകരുതലോടെ ,ആത്മവിശ്വാസത്തോടെ അകന്ന് നിന്ന് ഒരു മനസ്സോടെ പ്രവർത്തിക്കാം.

ഈ അവസരത്തിൽ നമ്മുടെ നാടിൻ്റെ സുരക്ഷിതത്വത്തിനും, ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും, ജീവനും വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന നിയമ പാലകർക്കും,ആരോഗ്യ പ്രവർത്തകർക്കും, സർക്കാരിനും, മറ്റ് സന്നദ്ധ പ്രവർത്തകർക്കും എല്ലാം തന്നെ ഹൃദയത്തിൽ തൊട്ട് നമ്മുടെ അകമഴിഞ്ഞ നന്ദിയും, കടപ്പാടും, സന്തോഷവും അറിയിക്കാം. അവസാനമായി, ഈ ഭൂമു ഖത്തു നിന്നും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കൊറോണയുടെ കരാളഹസ്തങ്ങളിൽ പെട്ട് മരണത്തിന് കീഴ്പെട്ട ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുമ്പിൽ കണ്ണീർ പുഷ്പങ്ങൾ അർപ്പിച്ചു കൊള്ളുന്നു.

കീർത്തന ആർ.പ്രദീപ്
8 A ജി.എച്ച്.എസ്.മണീട്
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം