സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ :പരിസര ശുചിത്വം:
പരിസര ശുചിത്വം:
ശുചിത്വത്തിന്റെ പ്രസക്തി ഏറെ വർദ്ധിച്ചു വരുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്• മനുഷ്യന്റെ പ്രവൃത്തി ദോഷം മൂലം പല മാരക രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ഈ രോഗങ്ങളെ പിടിച്ചു നിർത്താൻ ലോക രാഷ്ട്രങ്ങൾ പെടാപാടുപെട്ടു കൊണ്ടിരിക്കുകയാണ്. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.ആരോഗ്യം ഉണ്ടാക്കാനും അതു നിലനിർത്താനും പല മാർഗ്ഗങ്ങളുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് പരിസര ശുചീകരണം. വൃത്തിയില്ലാത്തിടത്ത് പലതരത്തിലുള്ള രോഗാണുക്കൾ ഉണ്ടാകുന്നു.അതാണ് രോഗബാധയ്ക്ക് കാരണം. ഒരു വ്യക്തിയ്ക്കുണ്ടാകുന്ന രോഗം കുടുംബാംഗങ്ങളിലെക്കും ക്രമേണ ആ പ്രദേശത്തുള്ളവരിലേക്കും പടർന്നു പിടിച്ചു എന്നും വരാം. രോഗമില്ലാത്തൊരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് ശ്രമിക്കാം. അതിനു നമ്മൾ തന്നെ വിചാരക്കണം. ഓരോ വീടും പരസരവും അതാത് വീട്ടുകാർ തന്നെ ശുചിയായി സൂക്ഷിച്ചാൽ രോഗബാധയെ അകറ്റി നിർത്താം. നാം വസിക്കുന്നിടം മാത്രമല്ല , പൊതുസ്ഥലങ്ങൾ, പൊതുനിരത്തുകൾ, വിദ്യാലയങ്ങൾ, കുളിക്കടവുകൾ തുടങ്ങിയവയും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ നാം ശ്രദ്ധിക്കണം. കുട്ടികൾക്കും ഇക്കാര്യത്തിൽ ചിലതു ചെയ്യാനുണ്ട്. നമ്മുടെ വീട്ടിലും മറ്റുമുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു ചപ്പു ചവറുകളും അടുത്ത പറമ്പുകളിൽ വലിച്ചെറിയുന്ന സ്വഭാവം പലരിലും കാണുന്നുണ്ട്. ഇത്തരം പ്രവൃത്തികളിൽ നിന്ന് അക്കൂട്ടരെ പിന്തിരിപ്പിക്കാൻ കുട്ടികൾ തയ്യാറാകണം. നാം ഉപയോഗിച്ചിരുന്ന ബാഗുകൾ, ചെരുപ്പുകൾ, തുടങ്ങിയവ നിരത്തുകളിലും, നദീതീരങ്ങളിലും, കുളങ്ങളിലും, തീർത്ഥാടന കേന്ദ്രങ്ങളിലുമെല്ലാം നിറഞ്ഞു കിടക്കുന്നത് ഇന്നൊരു സാധാരണ കാഴ്ചയാണ്. പൊതു വിദ്യാലയങ്ങളിൽ നാം ഒക്ടോബർ മാസം ശുചീകരണ വാരം ആചരിക്കാറുണ്ടല്ലോ. ജനങ്ങളെ ശുചിത്വത്തിന്റെ മേന്മ മനസ്സിലാക്കിക്കാൻ ഈ വാരം പ്രയോജനപ്പെടുത്താം. പരിസര ശുചീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ നമ്മുടെ മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും മാത്രമല്ല, റസിഡന്റ്‌സ് അസോസ്സിയേഷനുകൾക്കും പലതും ചെയ്യാൻ കഴിയും. മാലിന്യങ്ങൾ നിക്ഷേപിക്കാൻ പൊതുസ്ഥലങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കണം. അതു ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇതു കൃത്യമായി നടപ്പാക്കാത്തവരെ നിയമപരമായി ശിക്ഷിക്കണം. ശുചിത്വം അവശ്യം വേണ്ട ഒരിടമാണ് നമ്മുടെ ആശുപത്രികൾ . പല ആശുപത്രി പരിസരങ്ങളും വൃത്തിഹീനമാണ്. ആശുപത്രികൾ മാലിന്യമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. എല്ലാ ജനങ്ങളും ശുചീകരണത്തിൽ ശ്രദ്ധിക്കുമ്പോൾ നാം ആരോഗ്യമുള്ള ഒരു സമൂഹമായി മാറുന്നു. വ്യക്തിശുചിത്വവും ഒപ്പം പരിസര ശുചിത്വവും പാലിക്കുമ്പോൾ ഒരു പരിധി വരെ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താം. ഇപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ പോലുള്ള രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ നാം ജാഗ്രതയോടെ ജീവിക്കണം. മനുഷ്യന്റെ നാശത്തിനു കാരണം അവൻ തന്നെയാണെന്ന തിരിച്ചറിവുണ്ടായാലേ ഈ ഭൂമിയിൽ സ്വസ്ഥമായി കഴിയാൻ പറ്റുകയുള്ളു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ