പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം ഉണർത്തിയ ചിന്താശില്പങ്ങൾ

20:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം ഉണർത്തിയ ചിന്താശില്പങ്ങൾ
        കോവിഡ്-19 എന്ന മഹാമാരി ലോകമാകെ മുറുകെ പിടിച്ചിരിക്കുന്നു. ലോകത്താകെ ജനജീവിതം സ്തംഭിച്ചു,എങ്ങും അടച്ചുപൂട്ടൽ.......... ഒരു മാസത്തോളമായി ജനജീവിതം വഴിമുട്ടിനിൽക്കുന്നു.സാധാരണ നിലയിലേക്കെത്താൻ ഇനിയും നാളുകൾ ഏറെ വേണ്ടിവന്നേക്കാം.....   രോഗവ്യാപന തീവ്രതക്കനുസരിച്ചു കൂടുതൽ ജാഗ്രത.....ജനങ്ങൾ പുറത്തിറങ്ങരുത്.എല്ലാവരും വീടുകളിൽ ഇരിക്കുന്നു.ഒന്നിനും സമയമില്ലാത്ത നമ്മൾ കൂടുതൽ സമയം വീട്ടുകാരോടൊത്തു ചെലവിടുന്നു,വളരെ വിചിത്രമായിരിക്കുന്നു! കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ നാമെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.ആധുനിക സാങ്കേതിക വിദ്യകൾ വികസിച്ച ഈ കാലത്തും ഒരു ചെറിയ സൂക്ഷ്മാണുവിന്‌ മുൻപിൽ ലോകം മുട്ടുമടക്കിയിരിക്കുന്നു.... ഈ സൂക്ഷ്മാണുവിനോടുള്ള യുദ്ധത്തിനായി എല്ലായിടത്തും "ലോക്‌ഡൗൺ" പ്രഖ്യാപിച്ചിരിക്കുന്നു. എന്താണീ ലോക്‌ഡൗൺ  , എല്ലാം അടച്ചുപൂട്ടി വീട്ടിൽ കിടന്നുറങ്ങുകയാണോ .........? എന്നാൽ ഇതിന്റെ മറ്റൊരു അർത്ഥതലത്തിലേക്ക് ചിന്തിച്ചാൽ  കുറെ കൂടി ക്രിയാത്മകമായി ചിന്തിക്കുക,പ്രവർത്തിക്കുക .............
	  പ്രളയം, നിപ,കോവിഡ് തുടങ്ങിയ അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ  മനുഷ്യന്റെ അശാസ്ത്രീയമായ ചെയ്തിയുടെ ദുരന്തഫലങ്ങളാണ്.ഇത്തരം ദുരന്തങ്ങളെ കുറിച്ച് പ്രപഞ്ചത്തിന്റെ ഉൾത്തുടിപ്പുകളെ  ആഴത്തിൽ തൊട്ടറിഞ്ഞ മഹർഷി ശ്രേഷ്ഠന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ അവയെല്ലാം അന്ധവിശ്വാസങ്ങളെന്നു പറഞ്ഞു പുച്ഛിച്ചു തള്ളിയ ആധുനിക പ്രവണതക്ക് നേരെയുള്ള ഒരു കടന്നാക്രമണം.  ഇത്തരം ദുരന്തങ്ങൾക്കിടയിൽ നമ്മുടെ വിദ്യാഭ്യാസം,ആരോഗ്യം, വ്യവസായ മേഖലകൾ സ്തംഭിക്കുന്നു. വ്യാവസായിക ആരോഗ്യമേഖലകൾ ഒരു ചെറിയ ഇടവേളക്കുശേഷം പൂർവാധികം ശക്തിയോടുകൂടി ഉയിർത്തെഴുന്നേൽക്കാൻ ഒരു പരിധിവരെ സാധിക്കുന്നു. 
	 നമ്മുടെ വിദ്യാഭ്യാസ മേഖലയോ .... അപ്രതീക്ഷിതമായി വന്നുചേരുന്ന ദുരന്തങ്ങൾ വിദ്യാഭ്യാസമേഖലയെ താറുമാറാക്കുന്നു,അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നു,പരീക്ഷാ സംവിധാനം  തകരാറിലാവുന്നു ,ഇത്തരം വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതല്ലേ .......
 	കോവിഡ് എന്ന മഹാമാരി ജീവിതശൈലി തന്നെ മാറ്റിമറിച്ചു.ഒരുപാടു നല്ല ശീലങ്ങൾ എല്ലാവരും പഠിച്ചു.എന്നാൽ കൂടുതൽ അടച്ചുപൂട്ടൽ സാഹചര്യം നിലനിൽക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.ഇത്തരം ഒരവസ്ഥയിൽ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ അനിവാര്യമാണ്. നാം ഇന്ന് ജീവിക്കുന്നത് ഡിജിറ്റൽ ലോകത്താണ്.എല്ലാ മേഖലയിലും സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ്. സാങ്കേതിക വിദ്യയുടെ പ്രായോഗികത ഏറ്റവും കൂടുതൽ അനിവാര്യമായിരിക്കുന്നത് വിദ്യാഭ്യാസമേഖലയിലാണെന്നു ചിന്തിക്കേണ്ട ഒരവസരം വന്നുചേർന്നിരിക്കുന്നു. പഠനം രസകരവും,ലളിതവുമാക്കുന്നതിൽ ITമേഖല സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട്. 
      പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നഷ്ടമാകുന്ന അധ്യയന ദിവസങ്ങൾ തിരിച്ചുപിടിക്കാൻ എന്തുകൊണ്ട് ഈ ഡിജിറ്റൽ ലോകത്ത്‌ നമുക്ക് സാധിക്കുന്നില്ല? അത്തരം സാധ്യതകളെക്കുറിച്ചും നാം ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.വിദേശ രാജ്യങ്ങളിലെല്ലാം ഇത്തരം പഠന സംവിധാനം നിലവിൽ വന്നു. എന്നാൽ നമുക്ക് ഇപ്പോഴതിലേക്ക് കടക്കാൻ കുറച്ചു പ്രയാസമുണ്ട്. നമ്മുടെ ഈ കൊച്ചു കേരളം വിദ്യാഭ്യാസ കാര്യത്തിൽ വളരെ മുൻപന്തിയിലുള്ള ഒരു സംസ്ഥാനമാണ്.അതിനു  പ്രധാനമായും മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,അതിൽ 
1) നമ്മുടെ ചിന്താഗതിയിൽ മാറ്റം വരണം: ചിന്താഗതിയിൽ എന്ത് മാറ്റമാണുണ്ടാവേണ്ടത്? പലരുടെയും ചിന്തയിൽ പഠനം എന്നത് സ്കൂളിൽ മാത്രം നടക്കുന്ന ഒരു പ്രക്രിയയാണ്.എന്നാൽ പഠനം എന്നത് എവിടെവെച്ചും നടക്കുന്ന പ്രക്രിയയാണ്. മാധ്യമങ്ങൾ, ജീവിതാനുഭവം തുടങ്ങിയവയിൽ നിന്ന് പഠനം നടക്കുന്നു. ഒരു വ്യക്തിക്ക് തന്റെ സമയത്തിനനുസരിച്ചു ഏതു സ്ഥലത്തുവെച്ചും പഠനം നടക്കാൻ സാധിക്കണം. ഇത്തരം സന്ദർഭത്തിലാണ് ഓൺലൈൻ പഠനത്തിന്റെ സാധ്യതയേറുന്നത്. പൂർത്തിയാക്കാൻ കഴിയാത്ത പാഠഭാഗങ്ങൾ നൂതന സാങ്കേതിക വിദ്യ വഴി നൽകുക. ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തു എത്രയോ പാഠഭാഗങ്ങൾ തീർക്കാനിരിക്കുന്നു. ഈ അവസരത്തിൽ ഓൺലൈൻ സാധ്യത ഉപയോഗിച്ച ക്ലാസുകൾ നൽകുകയും സംശയദൂരീകരണത്തിനും കഴിയണം. വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങളുമായി അടുത്തിടപഴകുന്ന രീതിയിൽ വർക്കുകൾ നൽകി ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തണം.കൊടുക്കുന്ന വർക്കുകളുടെ വിലയിരുത്തൽ നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തി അവർക്ക് പ്രചോദനമാകേണ്ടതുണ്ട്. ഡിജിറ്റൽ ലോകത്തിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാൻ സാധിക്കാത്തവരൊന്നും അധികമുണ്ടാവില്ല,കുറഞ്ഞ പേരുണ്ടെങ്കിൽ അവർക്ക് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണം. വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കാതലായ മാറ്റം വരുത്തേണ്ടതാണ്.
2) പരീക്ഷാ സമ്പ്രദായങ്ങൾ മാറേണ്ടതുണ്ട്: പഠനരീതി മാത്രം പോരാ, പരീക്ഷാ സംവിധാനവും മാറേണ്ടതുണ്ട്. SSLC, HSS പരീക്ഷകൾ ഇനിയും നടക്കാനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷകൾ നടക്കാനുണ്ട് അവ ഓൺലൈൻ ആയി നടത്താനോ എന്ന് ചിന്തിച്ചു തുടങ്ങി. അതിനെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു. ധാരാളം വിദ്യാഭ്യാസ ബ്ലോഗുകൾ ഓൺലൈൻ ടെസ്റ്റ് സംഘടിപ്പിക്കുന്നു. സമയം,തീയതി എന്നിവ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിച്ചു റെജിസ്ട്രേഷൻ നടത്തി പരീക്ഷ നടത്തുന്നു.ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സരപരീക്ഷകൾ ,എൻട്രൻസ് ടെസ്റ്റ് തുടങ്ങിയവ ഓൺലൈൻ ആയല്ലേ നടത്തുന്നത്. PSC പരീക്ഷകളെല്ലാം ഓൺലൈൻ ആയല്ലേ നടത്തുന്നത്, പിന്നെന്തുകൊണ്ട് സ്കൂൾ തലത്തിലും ചെയ്തുകൂടാ? ഇത്തരം ഒരു മാറ്റം നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായാൽ രോഗപീഡിതരോ ,നിരാലംബരോ ആയ, പഠനം നടത്താൻ കഴിയാത്ത / പാതിവഴിക്ക് നിർത്തേണ്ടിവന്ന ഒരുപാടു വിദ്യാർത്ഥികൾക്ക് വലിയൊരനുഗ്രഹമായിരിക്കും.
3) പുതിയ സോഫ്ട്‌വേറുകൾ നിർമ്മിക്കണം: പഴയ രീതിയിലുള്ള പഠനവും പരീക്ഷയും വീട്ടിലിരുന്നു ചെയ്യണമെങ്കിൽ സുരക്ഷിതമായ രീതി അവലംബിക്കേണ്ടിയിരിക്കുന്നു. ഏറ്റവും നൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്.
ഭാവിയിൽ പഠനവും,പരീക്ഷയും,മൂല്യനിർണ്ണയവുംഡിജിറ്റൽ സംവിധാനത്തിലേക്ക് മാറേണ്ടി വരുമെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാർ പറയുന്നു. എന്നാൽ ഇതിനായി ആദ്യം നമ്മുടെ മനസ്സ് തയ്യാറെടുക്കേണ്ടതുണ്ട്. പഠനത്തിനായി ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുമ്പോൾ അതിന്റെ ആവശ്യകതയെക്കുറിച്ചു പൊതുസമൂഹത്തിനു ധാരണ നൽകേണ്ടതുണ്ട്. പരീക്ഷ സംവിധാനത്തിൽ പരീക്ഷയെക്കുറിച്ചുള്ള പൊതുവിശ്വാസം സംരക്ഷിക്കേണ്ടതുണ്ട്. ചോദ്യങ്ങൾ മാറേണ്ടതുണ്ട്. വിവരണാത്മക ചോദ്യങ്ങളേക്കാൾ പ്രയോഗികതലത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കണം. പഠനം,പരീക്ഷ,മൂല്യനിർണയം എന്നിവ ഓൺലൈൻ ആക്കുന്നത് അത്ര എളുപ്പമല്ല,അതിനു പാഠ്യപദ്ധതി,പഠനരീതി,മൂല്യനിർണയം എന്നിവയിൽ വരുത്തേണ്ടതുണ്ട്. കാലക്രമേണ പഠനവും,പരീക്ഷയും,മൂല്യനിർണ്ണയവും എല്ലാം ഡിജിറ്റൽ ആവും,അതിനോട് മുഖം തിരിഞ്ഞു നടക്കാൻ നമുക്കാവില്ല. പഴയ ചിന്താഗതികൾ മാറ്റി ഡിജിറ്റൽ ലോകത്തിനു ചേർന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ അവലംബിക്കേണ്ട അനിതര സാധാരണമായ ഒരു സാഹചര്യമാണ് നമുക്ക് വന്നുചേർന്നിരിക്കുന്നത്.അത്തരം സാഹചര്യത്തെ ലക്ഷ്യമിട്ട് ഒത്തൊരുമയോടെ നമുക്ക് പ്രവർത്തിക്കാം.
കീർത്തന
9 H പി.ആർ.എം.എച്ച്.എസ്.എസ്, പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം